തിരുവനന്തപുരം: പരസ്യ പ്രചരണത്തിന്റെ അവസാന നാളിലും മണ്ഡലം നിറഞ്ഞ് നേമം നിയോജക മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍.
രാവിലെ കാരയ്‌ക്കാമണ്ഡപത്തും കൈമനത്തും കീ വോട്ടര്‍മാരെ സന്ദര്‍ശിച്ച അദ്ദേഹം വെള്ളായണി ശ്രീവിദ്യാധിരാജ ഹോമിയോപതിക് മെഡിക്കല്‍ കോളേജും സന്ദര്‍ശിച്ച് മാനേജ്മെന്റുമായും ജീവനക്കാരുമായും സംസാരിച്ചു. തുടര്‍ന്ന് പൂജപ്പുര ചാടിയറ കട്ടയ്‌ക്കാലിലെ ഉന്നതി സന്ദര്‍ശിച്ചു. വര്‍ഷങ്ങളായി മുടങ്ങിക്കിടക്കുന്ന ഡ്രെയിനേജിന്റെ പണി പുനരാരംഭിക്കണമെന്ന നാട്ടുകാരുടെ ആവശ്യം താന്‍ വിജയിച്ചാല്‍ തീര്‍ച്ചയായും നടപ്പാക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. 
പന്ത്രണ്ട് മണിയോടെ നേമം തെരഞ്ഞെടുപ്പ് ഓഫീസിലെത്തി നേതാക്കളും പ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്തി. ഉച്ചകഴിഞ്ഞ് 3 മണിയോടെ ബൈക്ക് റാലിയില്‍ പങ്കെടുക്കാനായി കരമനയിലെത്തി. മൂന്നരയോടെ പ്രചരണ വാഹനങ്ങളുടെയും നൂറ്കണക്കിന് ബൈക്കുകളുടെയും അകമ്പടിയോടെ റാലി ആരംഭിച്ചു. കരമനയില്‍ നിന്നും ആരംഭിച്ച റാലി പൂജപ്പുര, തൃക്കണ്ണാപൂരം, പല്‍ങ്കാലമുക്ക്, നേമം, കാരക്കാമണ്ഡപം, പാപ്പനംകോട്, കരുമം വഴി തിരുവല്ലത്ത് സമാപിച്ചു. വാഹന റാലിയില്‍ തൃക്കണ്ണാപുരം, നേമം, പാപ്പനംകോട് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും പ്രവര്‍ത്തകര്‍ റാലിയില്‍ അണിചേര്‍ന്നു.
പാപ്പനംകോട് ജംഗ്ഷനില്‍ ലോക്ജനശക്തി പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് അരുണ്‍ വേലായുധന്റെ നേതൃത്വത്തില്‍ നേതാക്കളും പ്രവര്‍ത്തകരും കൊട്ടിക്കലാശത്തില്‍ പങ്കെടുത്തു. തിരുവല്ലത്ത് റാലിയെത്തിയപ്പോള്‍ അവിടെയും നൂറ്കണക്കിന് പ്രവര്‍ത്തകര്‍ കാത്തു നില്‍പ്പുണ്ടായിരുന്നു. ബിജെപിയുടെ പരസ്യപ്രചരണ സമാപനം തിരുവല്ലത്തായിരുന്നു.
വാഹന റാലിയിലും തിരുവല്ലത്ത് നടന്ന കൊട്ടിക്കലാശത്തിലും ഡെപ്യൂട്ടി മേയര്‍ ആശാനാഥ്, സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ എം.ആര്‍ ഗോപന്‍, സത്യവതി.വി, കൗണ്‍സിലര്‍മാര്‍, സിറ്റി ജില്ലാ ജനറല്‍ സെക്രട്ടറി പാപ്പനംകോട് സജി, ന്യൂനപക്ഷ മോര്‍ച്ച കോഴിക്കോട് റൂറല്‍ ജില്ലാ സെക്രട്ടറി റിഷാദ് സുല്ലമി, സിറ്റി ജില്ല ട്രഷറര്‍ ആലപ്പുറം കൃഷ്ണകുമാര്‍, കൈമനം ദീപുരാജ്, തമ്പാനൂര്‍ സതീഷ് തുടങ്ങിയവര്‍ പങ്കെടുത്തു















