നാഗ്പൂർ : പശ്ചിമേഷ്യയുമായുള്ള ഇന്ത്യയുടെ നാഗരിക ബന്ധത്തെ എടുത്തുകാണിച്ച് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി . ഇറാന്റെ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ, പേർഷ്യൻ ഭാഷയുടെ വേരുകൾ സംസ്കൃതത്തിലാണെന്ന് ഖമേനി തന്നോട് പറഞ്ഞതായും നിതിൻ ഗഡ്കരി പറഞ്ഞു. ഇറാനിലെ സർവകലാശാലകളിൽ സംസ്കൃത വകുപ്പുകളും ഒരു സംസ്കൃത ചെയർ പോലും ഉണ്ടെന്നും ഖമേനി പറഞ്ഞിരുന്നു. ഇന്ത്യയ്‌ക്കും അതിർത്തികൾക്കപ്പുറത്തുള്ള പ്രദേശങ്ങൾക്കും ഇടയിലുള്ള ചരിത്രപരവും സാംസ്കാരികവുമായ ബന്ധങ്ങൾ എന്നാണ് നിതിൻ ഗഡ്കരി ഈ കൂടിക്കാഴ്‌ച്ചയെ വിശേഷിപ്പിക്കുന്നത് .
ബിജെപിയുടെ സ്ഥാപക ദിന പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഗഡ്കരി . “ഇറാനിൽ ചബഹാർ എന്ന വലിയൊരു തുറമുഖം നിർമ്മിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായി. ഞാൻ 7-8 തവണ ഇറാനിലേക്ക് പോയി. അന്ന് ഖമേനിയുമായി കൂടിക്കാഴ്ച നടത്തി. “നമ്മുടെ പേർഷ്യൻ ഭാഷ എവിടെ നിന്നാണ് വന്നതെന്ന് നിങ്ങൾക്കറിയാമോ?’ എന്ന് അദ്ദേഹം എന്നോട് ചോദിച്ചു. എനിക്കറിയില്ല എന്ന് ഞാൻ പറഞ്ഞു. അപ്പോൾ അദ്ദേഹം പേർഷ്യൻ സംസ്കൃതത്തിൽ നിന്നാണ് വന്നതെന്നും സംസ്കൃതം നമ്മുടെ യഥാർത്ഥ ഭാഷയാണെന്നും എന്നോട് പറഞ്ഞു.”
ഞാൻ ചബഹാറിൽ പോയപ്പോൾ, അഫ്ഗാനിസ്ഥാൻ, ഇറാൻ, ഇന്നത്തെ പാകിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങൾ – സിന്ധു നദി ഒഴുകുന്നിടത്തെല്ലാം, അതിനപ്പുറവും – അവിടെ നിലനിന്നിരുന്ന സംസ്കാരം, നമുക്ക് അതിനോട് ഒരു ബന്ധമുണ്ടെന്ന് ഞാൻ മനസ്സിലാക്കി,” നിതിൻ ഗഡ്കരി പറഞ്ഞു.
















