ന്യൂദൽഹി: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ ഭാര്യ റിനികി ഭൂയാൻ കോൺഗ്രസ് നേതാവ് പവൻ ഖേരയ്‌ക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്തതിന് തൊട്ടുപിന്നാലെ അസം പോലീസ് അദ്ദേഹത്തിന്റെ ദൽഹിയിലെ വസതിയിൽ പരിശോധന നടത്തി. ചൊവ്വാഴ്ചത്തെ ഈ നടപടിയിൽ നിസാമുദ്ദീൻ പ്രദേശത്തെ ദൽഹി പോലീസ് അസം പോലീസ് സംഘത്തെ സഹായിച്ചു.
എന്നാൽ പവൻ ഖേര ദൽഹിയിലില്ലെന്നും കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനമായ തെലങ്കാനയിലായിരിക്കുമെന്നും വൃത്തങ്ങൾ അറിയിച്ചു.ഹിമന്ത ബിശ്വ ശർമ്മയുടെ ഭാര്യ റിനികി ഭൂയാൻ ശർമ്മയുമായി ബന്ധപ്പെട്ട പാസ്‌പോർട്ടുകളും വിദേശ സ്വത്തുക്കളും ചോദ്യം ചെയ്ത് ഖേര പത്രസമ്മേളനം നടത്തിയതിന് ദിവസങ്ങൾക്ക് ശേഷമാണ് ഈ സംഭവവികാസം. ആ പരാമർശങ്ങളുമായി ബന്ധപ്പെട്ട് അസം പോലീസ് ഖേരയെ ചോദ്യം ചെയ്യാൻ ശ്രമിക്കുകയാണ്.
അതേ സമയം നേരത്തെ തന്റെ ഭാര്യ പോലീസിൽ പരാതി നൽകിയിരുന്നുവെന്ന് ശർമ്മ പറഞ്ഞു. ഉചിതമായ നിയമ വ്യവസ്ഥകൾ പ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
കൂടാതെ കോൺഗ്രസ് പത്രസമ്മേളനങ്ങളിൽ ഉപയോഗിച്ച കാര്യങ്ങൾ പാകിസ്ഥാൻ സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ നിന്നാണ് എടുത്തതെന്നും അവ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ ഉദ്ദേശിച്ചുള്ളതായിരിക്കാമെന്നും അദ്ദേഹം ആരോപിച്ചു. കോൺഗ്രസിന്റെ പാകിസ്ഥാനുമായുള്ള ബന്ധം കൂടുതൽ വ്യക്തമായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചിരുന്നു.
ഹിമന്ത ശർമ്മയുടെ ഭാര്യ റിനികി ഭൂയാൻ ശർമ്മയ്‌ക്ക് മൂന്ന് പാസ്‌പോർട്ടുകൾ ഉണ്ടെന്നും വ്യോമിംഗ് ആസ്ഥാനമായുള്ള ഒരു കമ്പനി വഴി 52,000 കോടി രൂപയുടെ ആസ്തികൾ നിയന്ത്രിച്ചിട്ടുണ്ടെന്നും ആരോപിച്ച് ഗൗരവ് ഗൊഗോയ്, പവൻ ഖേർ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ ന്യൂദൽഹിയിലും ഗുവാഹത്തിയിലും പത്രസമ്മേളനങ്ങൾ നടത്തിയതിനെ തുടർന്നാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്.
















