തിരുവനന്തപുരം: 439 പേരുടെ മരണത്തിനിടയാക്കിയ, 15 പേരെ ഇനിയും കണ്ടെത്തിയിട്ടില്ലാത്ത, 2018 ലെ മഹാ പ്രളയം പിണറായി സർക്കാരിന്റെ ഡാം മാനേജ്‌മെന്റിലെ പിഴവാണെന്ന് വെളിപ്പെടുത്തൽ. ഇതു സംബന്ധിച്ച് കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ പുറത്തുവിട്ട ശബ്ദരേഖ വൻ വിവാദമായിരിക്കുകയാണ്. വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ ശബ്ദരേഖയാണ് പുറത്തുവന്നിരിക്കുന്നത്. തോട്ടപ്പള്ളി സ്പിൽവേ തുറന്ന് വെള്ളം വിടാഞ്ഞതാണ് കുട്ടനാട്ടിൽ പ്രളയം ഇത്ര ദുരന്തം ഉണ്ടാക്കിയത്. ജലവിഭവ വകുപ്പ് മന്ത്രി മാത്യു.ടി.തോമസാണ് ഇതിന് ഉത്തരവാദി എന്നാണ് ശബ്ദരേഖയിൽ പറയുന്നത്.
ഡാമുകളും സ്പിൽവേയും തുറക്കാൻ സർക്കാർ തയാറായില്ല, അത് മേരി മാതാ എന്ന മണൽ വാരൽക്കമ്പനിക്കും വൈദ്യുതി ഉൽപ്പാദക്കാർക്കും വേണ്ടി ഡാമിലെ വെള്ളം തുറന്നു വിടാതെ പിടിച്ചു നിർത്താനായിരുന്നു. കൂടുതൽ വിവരങ്ങൾ ഉണ്ട്, തെളിവു സഹിതം പുറത്തുവിടും, മാത്യു കുഴൽനാടൻ പറയുന്നു.
എന്നാൽ, നിയമസഭയിൽ ഈ വിഷയത്തിൽ ചർച്ച ഉണ്ടായപ്പോൾ ഈ വിവരങ്ങൾ പറയാതിരുന്ന കുഴൽനാടൻ ഇപ്പോൾ ഇതുപറയുന്നത് തെരഞ്ഞെടുപ്പ് സ്റ്റണ്ടാണെന്നും ശബ്ദരേഖ എ ഐ സാങ്കേതികവിദ്യയിൽ ഉണ്ടാക്കിയതാകാം എന്നും മന്ത്രി കൃഷ്ണൻകുട്ടി പറഞ്ഞു. പ്രളയം അതി തീവ്രമഴകൊണ്ടാണെന്ന് ശാസ്ത്രീയമായി സ്ഥാപിക്കപ്പെട്ടുവെന്ന് മാത്യു.ടി.തോമസും കെ. കൃഷ്ണൻകുട്ടിയും ന്യായീകരിച്ചു.
















