ന്യൂദൽഹി: പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷം ഇപ്പോൾ അഞ്ചാം ആഴ്ചയിലേക്ക് കടന്നിരിക്കുന്നു. പക്ഷേ സ്ഥിതിഗതികൾ സാധാരണ നിലയിലേക്ക് തിരിച്ചെത്തിയിട്ടില്ല. ആഗോള എണ്ണ പ്രതിസന്ധി കൂടുതൽ രൂക്ഷമാവുകയാണ്. അതേസമയം സംഭാഷണത്തിനും സംയമനത്തിനുമുള്ള ന്യൂദൽഹിയുടെ ആഹ്വാനത്തെ ഇന്ത്യയിലെ ഇറാൻ അംബാസഡർ മുഹമ്മദ് ഫത്താലി പ്രശംസിച്ചു. ഈ വിഷയത്തിൽ ഇന്ത്യയ്‌ക്ക് വളരെ ഫലപ്രദമായ പങ്ക് വഹിക്കാൻ കഴിയുമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇന്ത്യയുടെ നയതന്ത്ര നിലപാടിനെയും അദ്ദേഹം പ്രശംസിച്ചു. തിങ്കളാഴ്ച എഎൻഐക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ പരാമർശങ്ങൾ നടത്തിയത്.
സംഘർഷത്തിൽ ഇന്ത്യയുടെ ഇതുവരെയുള്ള നിലപാടിനെക്കുറിച്ചും ന്യൂദൽഹിയും ടെഹ്‌റാനും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന സംഭാഷണത്തിന്റെ സ്വഭാവത്തെക്കുറിച്ചും ചോദിച്ചപ്പോൾ “സംഭാഷണത്തിനും സംയമനത്തിനും വേണ്ടിയുള്ള ഇന്ത്യയുടെ ആഹ്വാനം പ്രശംസനീയവും ഉത്തരവാദിത്തമുള്ളതുമായ സമീപനമാണ്. ഈ സാഹചര്യങ്ങളിൽ ഇന്ത്യ പോലുള്ള രാജ്യങ്ങളുടെ പങ്ക് വളരെ ഫലപ്രദമാകുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.”- അംബാസഡർ പറഞ്ഞു.
ഇറാന്റെ ദേശീയ പരമാധികാരം ലംഘിക്കുകയും സ്‌കൂളുകൾ, സർവകലാശാലകൾ, ആശുപത്രികൾ, പാർപ്പിട മേഖലകൾ, സാമ്പത്തിക അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുൾപ്പെടെയുള്ള സിവിലിയന്മാരെയും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യം വച്ചുള്ള യുഎസിന്റെയും ഇസ്രായേലിന്റെയും സൈനിക, ആക്രമണ നടപടികളെ സ്വതന്ത്രരും സ്വാതന്ത്ര്യസ്നേഹികളുമായ എല്ലാ രാജ്യങ്ങളും അസന്ദിഗ്ധമായി അപലപിക്കുമെന്ന് ഇറാൻ പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
ഇറാൻ ഒരിക്കലും യുദ്ധം ആഗ്രഹിച്ചിട്ടില്ലെന്നും ഒരു സംഘർഷത്തിനും തുടക്കമിടില്ലെന്ന് ആവർത്തിച്ച് ഊന്നിപ്പറഞ്ഞിട്ടുണ്ടെന്നും അംബാസഡർ ഫതാലി പറഞ്ഞു.
















