തിരുവനന്തപുരം: സംസ്ഥാനത്ത് രാഷ്‌ട്രീയ ഡീൽ ഉണ്ടെന്ന് ബിജെപി അദ്ധ്യക്ഷൻ ഡോ. രാജീവ് ചന്ദ്രശേഖരൻ വാർത്താ സമ്മേളനത്തിൽ വിവരിച്ചു.
-ഡീൽ സിപിഎമ്മും കോൺഗ്രസ്സും തമ്മിലാണ്. 27 സംസ്ഥാനങ്ങളിലും 8 കേന്ദ്ര ഭരണപ്രദേശങ്ങളിലും കോൺഗ്രസ്സും സിപിഎമ്മും ഡീലിലാണ്. തെരഞ്ഞെടുപ്പ് നടക്കുന്ന തൊട്ടടുത്ത സംസ്ഥാനമായ തമിഴ്‌നാട്ടിലും പുതുച്ചേരിയിലും മത്സരിക്കുന്നത് കോൺഗ്രസ്സും സിപിഎമ്മും ഒന്നിച്ചല്ലേ?
– കോൺഗ്രസ്സും ജമാഅത്തെ ഇസ്ലാമിയും തമ്മിൽ ഡീൽ ഉണ്ട് എന്ന് സമ്മതിച്ചിരിക്കുന്നത് കോൺഗ്രസ്സ് തന്നെയാണ്, ഡോ. രാജീവ് വിശദീകരിച്ചു.
– കോൺഗ്രസ്സും സിപിഎമ്മും തമ്മിൽ ഡീൽ ഉണ്ട്. കഴിഞ്ഞ 10 വർഷം ഭരിച്ചു മുടിച്ച, അഴിമതിയും കൊള്ളയും നടത്തി സിപിഎമ്മിനെതിരേ പ്രതിപക്ഷം കാര്യമായി എന്തെങ്കിലും ചെയ്‌തോ? 2018 ലെ ശബരിമലയിലെ ക്രൂരമായ പോലീസ് പീഡനവും ആചാര-വിശ്വാസ ലംഘനവും നടത്തി. ശബരിമലയിൽ സിപിഎമ്മും ഇടതുപക്ഷ സർക്കാരും സ്വർണ്ണക്കൊള്ള നടത്തി. കോൺഗ്രസ് എന്തെങ്കിലും മിണ്ടിയോ? ഇത് ഡീൽ അല്ലെങ്കിൽ എന്താണ്? അതാണ് ഇൻഡി സഖ്യം.
– കോൺഗ്രസും മുസ്ലിം ലീഗും തമ്മിൽ ഡീൽ ഇല്ലേ? യുഡിഎഫിനെ നിയന്ത്രിക്കുന്ന റിമോട്ട് കൺട്രോളർ മുസ്ലിം ലീഗാണ്. യുഡിഎഫിലെ മുഖ്യകക്ഷി ഇപ്പോൾ കോൺഗ്രസ്സല്ല, ഇന്ത്യൻ യുണിയൻ മുസ്ലിം ലീഗാണ്. യുഡിഎഫ് അധികാരത്തിൽവന്നാൽ എന്താണ് മുസ്ലിം ലീഗുമായുള്ള ഡീൽ? ലീഗിന് ഉപമുഖ്യമന്ത്രി സ്ഥാനവും ആറ് മന്ത്രിമാരും എന്നാണ് കോൺഗ്രസ്സുമായി ഡീൽ. ഇക്കാര്യത്തിൽ ഡീൽ എന്താണെന്ന് കോൺഗ്രസ് പറയണം.
– ഇന്ത്യൻ യുണിയൻ മുസ്ലിം ലീഗിന് ജമാ അത്തെ ഇസ്ലാമിയുമായി ഡീൽ ഉണ്ട്. ലീഗിന് എസ്ഡിപിഐയുമായി ഡീൽ ഉണ്ട്.
– മുന്നണിയിൽ അങ്ങനെ ഡീൽ ഉണ്ടാക്കുന്നതിൽ പ്രശ്‌നമില്ല. എൻഡിഎയിൽ മുന്നണി ഘടകകക്ഷികൾക്ക് സീറ്റുകൊടുത്തപ്പോൾ കോൺഗ്രസ്സും സിപിഎമ്മും ചില മാധ്യമങ്ങളും ആരോപണങ്ങൾ പറഞ്ഞല്ലോ. ഞങ്ങൾ അത് വിശദീകരിച്ചു. ഇപ്പോൾ ഞങ്ങൾ ചോദിക്കുന്നു, ലീഗും കോൺഗ്രസ്സും തമ്മിൽ ഡീൽ ഉണ്ടോ ഇല്ലയോ എന്ന് പറയട്ടെ.
– മുസ്ലിം ലീഗ് വർഗ്ഗീയ പാർട്ടിയാണ്. ലീഗിന്റെ അഞ്ചാം മന്ത്രിക്ക് വഴങ്ങിയതാണ് യുഡിഎഫ് തെരഞ്ഞെടുപ്പിൽ തോൽക്കാൻ കാരണമെന്ന് കോൺഗ്രസ്സിന്റെതന്നെ അന്വേഷണ റിപ്പോർട്ടായിരുന്നില്ലേ, ഡോ.രാജീവ് ചന്ദ്രശേഖർ ചോദിച്ചു.
















