വിശാഖപട്ടണം: ഭാരത നാവിക സേനയ്‌ക്ക് കരുത്ത് പകരാന്‍ ഇനി ഐഎന്‍എസ് താരഗിരിയും ഐഎന്‍എസ് അരിദമനും. വിശാഖപട്ടണത്തെ നേവല്‍ ഡോക്ക്‌യാര്‍ഡില്‍വെച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങാണ് തദ്ദേശീയ നിര്‍മിത യുദ്ധക്കപ്പലുകളുടെ കമ്മിഷന്‍ നിര്‍വഹിച്ചത്.
പ്രോജക്ട് എടിവിയുടെ കീഴില്‍ ഭാരത നാവികസേനയ്‌ക്കായി നിര്‍മിക്കുന്ന അരിഹന്ത് ക്ലാസ് ന്യൂക്ലിയര്‍ അന്തര്‍വാഹിനികളിലെ മൂന്നാമത്തെ കപ്പലാണ് ഐഎന്‍എസ് അരിദമന്‍. പേരിനേക്കാള്‍ ഉപരി അരിദമന്‍ എന്നത് കരുത്തിന്റെ പ്രതീകമാണെന്നാണ് രാജ്‌നാഥ് സിങ് അന്തര്‍വാഹിനിയെ വിശേഷിപ്പിച്ചത്. അരിദമനോടൊപ്പം ഐഎന്‍എസ് താരഗിരിയും അദ്ദേഹം കമ്മിഷന്‍ ചെയ്തു. മസഗോണ്‍ ഡോക്ക് ഷിപ്പ് ബില്‍ഡേഴ്സ് ലിമിറ്റഡ് നിര്‍മിച്ച ഈ യുദ്ധക്കപ്പല്‍, പ്രോജക്റ്റ് 17 എ ക്ലാസിലെ നാലാമത്തെ കപ്പലാണ്.
6,670 ടണ്‍ ഭാരമുള്ള താരഗിരിയില്‍ നൂതനമായ സ്റ്റെല്‍ത്ത് സവിശേഷതകളും ആധുനിക ആയുധ സംവിധാനങ്ങളും സജ്ജീകരിച്ചിരിക്കുന്നു. 75 ശതമാനത്തിലധികം തദ്ദേശീയ നിര്‍മിതമായ ഇത് പ്രതിരോധ മേഖലയിലെ സ്വാശ്രയത്വത്തെ പ്രതിഫലിപ്പിക്കുന്നു.
സംയുക്ത സൈനിക മേധാവി അനില്‍ ചൗഹാന്‍, നാവിക സേന മേധാവി ദിനേശ് കെ. ത്രിപാഠി, വൈസ് അഡ്മിറല്‍ സഞ്ജയ് ഭല്ല എന്നിവരും മറ്റ് നാവിക ഉദ്യോഗസ്ഥരും ചടങ്ങുകളില്‍ പങ്കെടുത്തു.
















