കണ്ണൂര്‍: കേരളത്തില്‍ ഏറ്റവും ശ്രദ്ധേയമായ മത്സരം നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ മത്സരിക്കുന്ന ധര്‍മ്മടം. യുഡിഎഫ് ദുര്‍ബലനായ വി.പി. അബ്ദുള്‍ റഷീദിനെ സ്ഥാനാര്‍ത്ഥിയാക്കിയപ്പോള്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ബിജെപി സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത് മത്സരത്തിനിറങ്ങി. ഇതോടെ ധര്‍മ്മടത്തെ മത്സരം എന്‍ഡിഎയും എല്‍ഡിഎഫും തമ്മിലായി. വികസന മുരടിപ്പും അഴിമതിയും സ്വര്‍ണക്കൊള്ളയുമാണ് മണ്ഡലത്തില്‍ പ്രധാന ചര്‍ച്ചാ വിഷയം.
2011ല്‍ രൂപീകരണം മുതല്‍ എല്‍ഡിഎഫ് ജയിക്കുന്ന മണ്ഡലമാണ്. കഴിഞ്ഞ രണ്ട് തവണയും പിണറായി വിജയന്‍ വിജയിച്ചു. അഞ്ചരക്കണ്ടി, ചെമ്പിലോട്, കടമ്പൂര്‍, മുഴപ്പിലങ്ങാട്, പെരളശ്ശേരി, ധര്‍മ്മടം, പിണറായി, വേങ്ങാട് പഞ്ചായത്തുകള്‍ ചേര്‍ന്നതാണ് ധര്‍മ്മടം മണ്ഡലം. എല്ലാ പഞ്ചായത്തുകളും ഭരിക്കുന്നത് എല്‍ഡിഎഫ് ആണ്. ധര്‍മ്മടം പഞ്ചായത്തില്‍ എന്‍ഡിഎക്ക് മൂന്ന് അംഗങ്ങളുണ്ട്.
നിരവധി പ്രശ്‌നങ്ങളാണ് മണ്ഡലത്തില്‍ ചര്‍ച്ചയാവുന്നത്. ആയിരത്തിലധികം മത്സ്യത്തൊഴിലാളികള്‍ ആശ്രയിക്കുന്ന നാല്‍പത് വര്‍ഷം മുമ്പ് നിര്‍മിച്ച ധര്‍മ്മടം ഫിഷ് ലാന്‍ഡിങ് സെന്റര്‍ പുതുക്കിപ്പണിയുന്നതിനായി മത്സ്യത്തൊഴിലാളികള്‍ നിരവധി തവണ നിവേദനം നല്‍കിയിട്ടും അതൊന്നും സംസ്ഥാന സര്‍ക്കാര്‍ പരിഗണിച്ചില്ല. ഇതില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് കടുത്ത അതൃപ്തിയുണ്ട്.
ധര്‍മ്മടം ഗ്രാമപഞ്ചായത്തില്‍ ഇപ്പോഴും ഒരു പൊതുശ്മശാനം നിര്‍മിച്ചിട്ടില്ല. കൊടുവള്ളി- അഞ്ചരക്കണ്ടി എയര്‍പോര്‍ട്ട് റോഡിനു വേണ്ടി ഭൂമി ഏറ്റെടുക്കുന്നതില്‍ വ്യക്തത വരാത്തതിനാല്‍ ഭൂ ഉടമകള്‍ക്ക് കൈവശഭൂമി ക്രയവിക്രിയം ചെയ്യാന്‍ സാധിക്കാത്ത സാഹചര്യമാണ്. മണ്ഡലത്തിലെ ഹെക്ടര്‍ കണക്കിന് നെല്‍വയലുകള്‍ കാടുകയറി നശിക്കുകയാണ്. വിനോദസഞ്ചാരത്തിന്റെ പേര് പറഞ്ഞ് 29 വര്‍ഷം മുമ്പ് അന്നത്തെ ഇടത് സര്‍ക്കാര്‍ സ്വകാര്യ വ്യക്തികളില്‍ നിന്ന് പൊന്നും വിലയ്‌ക്ക് ഏറ്റെടുത്ത ധര്‍മ്മടം തുരുത്തില്‍ ഇതുവരെയായി ഒരു വികസന പ്രവര്‍ത്തനവും നടത്തിയിട്ടില്ല.
നേരത്തെ മണ്ഡലത്തില്‍ എല്‍ഡിഎഫ് ഇതര മുന്നണികള്‍ക്ക് തെരഞ്ഞെടുപ്പ് പ്രചരണം നടത്താന്‍ സാധിക്കാത്ത സാഹചര്യമായിരുന്നു. എന്നാല്‍ ഇപ്പോള്‍ സാഹചര്യം മാറി. പാറപ്രം, പിണറായി ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ ബിജെപിക്ക് ശക്തമായ വേരോട്ടമുണ്ട്. കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി സുരേഷ് ഗോപി തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയപ്പോള്‍ പിണറായി ഉള്‍പ്പടെയുള്ള പ്രദേശങ്ങളില്‍ സ്ത്രീകളുള്‍പ്പടെ നൂറ് കണക്കിനാളുകളാണ് സ്വീകരിക്കാനെത്തിയത്.
എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ. രഞ്ജിത്തിന്റെ പ്രചാരണം ഏറെ മുന്നോട്ട് പോയിക്കഴിഞ്ഞു. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സി.കെ. പത്മനാഭന് 14,623 വോട്ടാണ് ലഭിച്ചത്. എന്നാല്‍ കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്‌ക്ക് ഇരുപതിനായിരത്തോളം വോട്ട് ലഭിച്ചത് കെ. രഞ്ജിത്തിന് ആത്മവിശ്വാസം നല്‍കുന്നു.
















