വൈപ്പിന്‍ (കൊച്ചി): സാധാരണക്കാരന്റെ പോക്കറ്റടിച്ച് സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളായ വാട്ടര്‍ അതോറിറ്റിയും വൈദ്യുതി ബോര്‍ഡും. നിയമവിരുദ്ധമായ നിരക്ക് വര്‍ദ്ധനയിലൂടെ കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടെ ജനങ്ങളില്‍ നിന്ന് 12,000 കോടി അധികമായി ഈടാക്കിയെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ഹൈക്കോടതിയില്‍ നിയമപോരാട്ടം നടത്തുന്ന എറണാകുളം ഓച്ചന്തുരുത്ത് നിവാസിയായ അഡ്വ. രൂപേഷ് രവീന്ദ്രന്‍ കോടതി രേഖകള്‍ സഹിതമാണ് ഈ അഴിമതി പുറത്തുവിട്ടത്.
ഒരു സര്‍ക്കാര്‍ വിജ്ഞാപനം ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്നതിന് മുന്‍പുള്ള തീയതി മുതല്‍ നടപ്പിലാക്കാന്‍ നിയമപരമായി അധികാരമില്ല. എന്നാല്‍ ഈ നിയമത്തെ പാടെ കാറ്റില്‍പ്പറത്തിയാണ് ഇരു വകുപ്പുകളും ജനങ്ങളെ കൊള്ളയടിക്കുന്നത്.
വാട്ടര്‍ അതോറിറ്റിയുടെ നിയമലംഘനങ്ങള്‍ ഇങ്ങനെ: 2023 മാര്‍ച്ച് 7ലെ വിജ്ഞാപനം നടപ്പിലാക്കിയത് ഫെബ്രുവരി 3 മുതല്‍. 2021 നവംബറിലെ വര്‍ദ്ധനവ് മാസങ്ങള്‍ക്ക് മുന്‍പേ ഏപ്രില്‍ മുതല്‍ പ്രാബല്യത്തിലാക്കി. 2017 ഒക്ടോബറിലെ വിജ്ഞാപനം മൂന്ന് വര്‍ഷം പിന്നോട്ട് പോയി 2014 മുതല്‍ അടിച്ചേല്‍പ്പിച്ചു. നിയമപരമായി പരിശോധിച്ചാല്‍, 1999 ഏപ്രില്‍ ഒന്നിന് നിലവിലുണ്ടായിരുന്ന നിരക്കാണ് ഇപ്പോഴും ജനങ്ങളില്‍ നിന്ന് ഈടാക്കേണ്ടത്. എന്നാല്‍ ചട്ടങ്ങള്‍ ലംഘിച്ച് കോടികളാണ് അധികൃതര്‍ ഖജനാവിലേക്ക് ഒഴുക്കിയത്.
കോടതിയെ തെറ്റിദ്ധരിപ്പിച്ചു
2016ല്‍ നിരക്ക് വര്‍ദ്ധന ഹൈക്കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടപ്പോള്‍, ഗസറ്റ് വിജ്ഞാപനം ഹാജരാക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അന്ന് ഗസറ്റ് നിലവിലില്ലാതിരുന്നതിനാല്‍, കേസ് കൊടുത്ത വ്യക്തിയുടെ ബില്ലുകള്‍ മാത്രം റദ്ദാക്കി അതോറിറ്റി തടിയൂരി. വന്‍തോതിലുള്ള പ്രതിഷേധം ഭയന്ന്, പരാതിയുമായി എത്തുന്നവരുടെ ബില്ലുകള്‍ മാത്രം രഹസ്യമായി തിരുത്തി നല്‍കി അധികൃതര്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടുകയായിരുന്നുവെന്ന് അഡ്വ. രൂപേഷ് വെളിപ്പെടുത്തുന്നു.
കെഎസ്ഇബിയും പിന്നിലല്ല
വൈദ്യുതി ബോര്‍ഡും സമാന രീതിയിലാണ് ജനങ്ങളെ വഞ്ചിക്കുന്നത്. 2010, 2012, 2013, 2022 വര്‍ഷങ്ങളിലായി പുറത്തിറക്കിയ വിജ്ഞാപനങ്ങളെല്ലാം ഗസറ്റില്‍ വരുന്നതിന് മാസങ്ങള്‍ക്ക് മുന്‍പേ നടപ്പിലാക്കിയവയാണ്. ഈ നിയമവിരുദ്ധ വിജ്ഞാപനങ്ങള്‍ റദ്ദാക്കുകയാണെങ്കില്‍ കേരളത്തിലെ ഓരോ ഉപഭോക്താവിനും തങ്ങള്‍ അധികമായി നല്‍കിയ പണം തിരികെ ലഭിക്കാന്‍ അര്‍ഹതയുണ്ട്. മൊത്തം തുക കണക്കാക്കിയാല്‍ അത് ഏകദേശം 12,000 കോടി രൂപ വരുമെന്ന് അദ്ദേഹം പറഞ്ഞു. സാധാരണക്കാരന്റെ ജീവിതഭാരം വര്‍ദ്ധിപ്പിക്കുന്ന ഈ വന്‍ അഴിമതിക്കെതിരെ ശക്തമായ നിയമപോരാട്ടത്തിന് ഒരുങ്ങുകയാണ് സാമൂഹ്യ പ്രവര്‍ത്തകര്‍. വരും ദിവസങ്ങളില്‍ ഈ വിഷയം സംസ്ഥാന രാഷ്‌ട്രീയത്തില്‍ വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ഉറപ്പാണ്. പിരിച്ചെടുത്ത പണം തിരികെ നല്‍കണമെന്ന ആവശ്യം ശക്തമായാല്‍ അത് സര്‍ക്കാരിനെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കും.
















