പെരുമ്പാവൂര്‍: കേരള സര്‍ക്കാര്‍ കടം വാങ്ങിക്കൂട്ടുന്ന പണം എന്ത് ചെയ്യുന്നുവെന്നത് ദൈവത്തിന് പോലും അറിയില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍. പെരുമ്പാവൂര്‍ നിയോജക മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ജിബി പാത്തിക്കലിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം സംഘടിപ്പിച്ച റോഡ് ഷോയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വളരെ മോശമാണ്. തികഞ്ഞ ഉത്തരവാദിത്തത്തോടെയും സത്യസന്ധമായുമാണ് ഞാനിത് പറയുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ സൗകര്യങ്ങള്‍ കൂടുമ്പോള്‍ കേരളത്തില്‍ കടമാണ് കൂടുന്നത്.
യുഡിഎഫും എല്‍ഡിഎഫും ചേര്‍ന്ന് കേരളത്തെ പരമാവധി തകര്‍ച്ചയിലേക്ക് എത്തിച്ചു. കള്ളത്തരത്തിന്റെ കാര്യത്തില്‍ പരസ്പരം കൈകൊടുക്കുന്നവരാണ് യുഡിഎഫും എല്‍ഡിഎഫും. ശബരിമല സന്നിധാനത്ത് സ്വര്‍ണം അടിച്ചുമാറ്റിയവരെ തിരിച്ചറിയണം. സിപിഎമ്മിലുള്ളവര്‍ക്ക് മാത്രം സേവനം ചെയ്യുന്നവരായി ഇടതു സര്‍ക്കാര്‍ മാറിയെന്നും നിര്‍മല പറഞ്ഞു. പെരുമ്പാവൂരിലെത്തിയ കേന്ദ്രമന്ത്രിയെ ആചാര്യന്മാരുടെ നേതൃത്വത്തില്‍ താമ്പൂലം നല്‍കി സ്വീകരിച്ചു. ചെണ്ടമേളം, കാവടി, പ്രത്യേക വേഷങ്ങള്‍, കൈകൊട്ടിക്കളി എന്നിവയുടെ അകമ്പടിയോടെ ആയിരങ്ങള്‍ പങ്കെടുത്ത റോഡ് ഷോ പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി പരിസരത്തു നിന്നും ആരംഭിച്ച് യാത്രിനിവാസില്‍ സമാപിച്ചു.
കേന്ദ്ര സഹമന്ത്രി ഭൂപതി രാജു ശ്രീനിവാസവര്‍മ്മ, ട്വന്റി20 ചെയര്‍മാന്‍ സാബു എം. ജേക്കബ്, ബിജെപി ജില്ലാ സെക്രട്ടറി വി.കെ. ഭസിത് കുമാര്‍, ട്വന്റി20 നിയോജകമണ്ഡലം പ്രസിഡന്റ് വിജയകുമാര്‍ മോളത്ത്, ബിജെപി മണ്ഡലം പ്രസിഡന്റുമാരായ പി.ആര്‍. രാഗേഷ്, ലിഷ രാജേഷ്, സ്ഥാനാര്‍ത്ഥി ജിബി പാത്തിക്കല്‍ എന്നിവരും മന്ത്രിയോടൊപ്പം റോഡ് ഷോയില്‍ പങ്കെടുത്തു.
















