ന്യൂദല്‍ഹി: ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിൽ നടത്തിയ അതിശക്തമായ ആക്രമണത്തിൽ അവിടുത്തെ ഉന്നത സൈനിക ഉദ്യോഗസ്ഥരെ വകവരുത്തിയെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലിൽ’ പങ്കുവെച്ച കുറിപ്പിലൂടെയാണ് ട്രംപ് ഈ അവകാശവാദം ഉന്നയിച്ചത്.
ടെഹ്‌റാനിലെ ആകാശത്ത് സ്ഫോടനങ്ങൾ നടക്കുന്നത് കാണിക്കുന്ന ഒരു മിനിറ്റ് ഏഴ് സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയും അദ്ദേഹം ഇതോടൊപ്പം പങ്കുവെച്ചു.
അതേസമയം ആക്രമണത്തെക്കുറിച്ച് ഇറാൻ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ഇറാനെ വളരെ മോശമായും അവിവേകത്തോടെയും നയിച്ച നിരവധി സൈനിക നേതാക്കൾ ടെഹ്‌റാനിൽ നടന്ന വൻ ആക്രമണത്തോടെ അവസാനിപ്പിക്കപ്പെട്ടു എന്നായിരുന്നു വീഡിയോക്കൊപ്പം ട്രംപ് കുറിച്ചത്. ആക്രമണത്തിന്റെ ദൃശ്യം പങ്കുവെച്ചിട്ടുണ്ടെങ്കിലും എപ്പോളാണ് ആക്രമണം നടത്തിയതെന്നോ ആരൊക്കെയാണ് കൊല്ലപ്പെട്ടതെന്നോ വ്യക്തമല്ല.
ഇറാന് അന്ത്യശാസനം നൽകി മണിക്കൂറുകൾക്കുള്ളിലാണ് ഇറാനിലെ മുതിർന്ന സൈനിക നേതാക്കളെ വധിച്ചെന്ന് അവകാശപ്പെട്ട് ട്രംപ് രംഗത്തെത്തിയത്. 48 മണിക്കൂറിനുള്ളിൽ അമേരിക്കയുമായി കരാറിലെത്തിയില്ലെങ്കിൽ ഇറാനുമേൽ നരകം പെയ്തിറങ്ങുമെന്നായിരുന്നു ട്രംപിന്റെ അന്ത്യശാസനം.
ഹോർമുസ് തുറക്കാൻ ഇറാന് നീട്ടിനൽകിയ സമയപരിധി തിങ്കളാഴ്ച അവസാനിക്കാനിരിക്കേയാണ് ട്രംപ് മുന്നറിയിപ്പ് നൽകിയത്. ഇറാൻ വെടിവെച്ചിട്ട യു.എസ്. വിമാനത്തിൽനിന്ന് താഴേക്ക് ചാടിയ വൈമാനികനായി ഇറാന്റെയും യു.എസിന്റെയും സൈന്യങ്ങൾ തിരച്ചിൽ തുടരവേയാണ് പ്രസ്താവന. കരാറുണ്ടാക്കിയില്ലെങ്കിൽ ബോംബിട്ട് ഇറാനെ ശിലായുഗത്തിലേക്ക് പറഞ്ഞയക്കുമെന്ന് നേരത്തേ ട്രംപ് ഭീഷണിമുഴക്കിയിരുന്നു.
















