ഫ്ലോറിഡ: ചന്ദ്രനെ ചുറ്റാനുള്ള നാല് പേരടങ്ങുന്ന അർട്ടിമിസ് ദൗത്യയാത്ര വിജയകരമായി പാതിവഴി പിന്നിട്ടു. ഇന്നലെ ഉച്ചയോടെ ഭൂമിയിൽനിന്ന് 2,28,500 കിലോമീറ്റർ പിന്നിട്ടു. ചന്ദ്രനിലേക്ക് അവശേഷിക്കുന്നത് 2,11,200 കിലോമീറ്റർ ദൂരം. ആർട്ടിമിസ് ദൗത്യത്തിന്റെ ഭാഗമായി റീഡ് വൈസ്മാൻ, വിക്ടർ ഗ്ലോവർ, ക്രിസ്റ്റീന കോച്ച്, ജെറമി ഹാൻസൺ എന്നീ ബഹിരാകാശ സഞ്ചാരികളാണ് ഓറിയോൺ പേടകത്തിൽ ചന്ദ്രനിലേക്കു നീങ്ങുന്നത്. പാതിദൂരം പിന്നിട്ടുവെന്ന അറിയിപ്പു ലഭിച്ചപ്പോൾ സഞ്ചാരികളെല്ലാം വളരെ സന്തോഷത്തിലായെന്ന് ക്രിസ്റ്റീന കോച്ച് പറഞ്ഞതായി നാസ അറിയിച്ചു.
ആർട്ടമിസ് ഒറിയോൺ പേടകം ചൊവ്വാഴ്ചയോടെ ചന്ദ്രന്റെ ആകർഷണ വലയത്തിലെത്തും. ഇതിനായുള്ള മുന്നൊരുക്കങ്ങൾ യാത്രികർ തുടങ്ങി. പേടകത്തിന്റെ നിയന്ത്രണ, ആശയ വിനിമയ സംവിധാനങ്ങളുടെ ക്ഷമതയടക്കം ആവർത്തിച്ച് പരിശോധിക്കുന്നുണ്ട്. ആറാംദിവസം ചന്ദ്രന്റെ 7000 കിലോമീറ്റർ അടുത്തുവരെ പേടകം എത്തും. ഭാവിയിൽ മനുഷ്യൻ ഇറങ്ങേണ്ട ദക്ഷിണ ധ്രുവത്തിലെ മേഖലകൾ നിരീക്ഷിക്കും. ചന്ദ്രന്റെ മറുപുറത്തെ പറ്റി പഠിക്കും. തുടർന്ന് മടക്കയാത്ര.
വെള്ളിയാഴ്ച പുലർച്ചെ കെന്നഡി സ്പേയ്സ് സെന്ററിൽ നിന്നാണ് ഒറിയോൺ പേടകം യാത്ര തുടങ്ങിയത്. ഭൂമിയെ വലംവച്ച പേടകം അന്നുതന്നെ ചന്ദ്രനിലേക്ക് വഴി തിരിഞ്ഞു. പ്രധാന എഞ്ചിൻ ആറുമിനിട്ട് ജ്വലിപ്പിച്ചാണ് ഇത് സാധ്യമാക്കിയത്. 10 ദിവസം നീളുന്നയാത്രയിൽ 22 ലക്ഷംകിലോമീറ്റർ ദൂരംസംഘം സഞ്ചരിക്കും. ആർട്ടമിസ് 4 ദൗത്യത്തിലാകും മനുഷ്യൻ ചന്ദ്രനിൽഇറങ്ങുക. 1972നുശേഷം മനുഷ്യൻ ചന്ദ്രനിലേക്ക്പോകുന്നത് ആദ്യമാണ്.












