തിരുവനന്തപുരം: ഭഗവാന്‍ അയ്യപ്പന്റെ ഭക്തരോട് കാണിച്ച ക്രൂരതയും വിശ്വാസ വഞ്ചനയും മറക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിലെ ബിജെപി പ്രവര്‍ത്തകരുമായി ‘മേരാ ബൂത്ത് സബ്‌സെ മസ്ബൂത്’ ഓഡിയോ ബ്രിഡ്ജില്‍ ആശയവിനിമയം നടത്തുകയായിരുന്നു പ്രധാനമന്ത്രി.
കേരളത്തില്‍ ഡബിള്‍ എന്‍ജിന്‍ സര്‍ക്കാര്‍ വരണമെന്ന് നരേന്ദ്ര മോദി പറഞ്ഞു. കേരളത്തില്‍ മാറ്റത്തിന്റെ കാറ്റ് വീശിത്തുടങ്ങി.കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കുന്ന സര്‍ക്കാര്‍ കേരളത്തിലുണ്ടാവണം. ഇത്തവണ കേരളം വോട്ടു ചെയ്യുന്നത് വെറുമൊരു പുതിയ സര്‍ക്കാരിന് വേണ്ടിയല്ല, മറിച്ച് ഒരു പുതിയ വ്യവസ്ഥിതിക്ക് വേണ്ടിയാണ്. എന്‍ഡിഎയ്‌ക്ക് അനുകൂലമായ തരംഗം കേരളത്തില്‍ ദൃശ്യമാണ്. എന്റെ ബൂത്ത് ഏറ്റവും ശക്തമായ ബൂത്ത്’ എന്ന മന്ത്രവുമായി നിങ്ങള്‍ ഓരോരുത്തരും ഓരോ ബൂത്തിലും പ്രവര്‍ത്തിക്കണമെന്നും നരേന്ദ്ര മോദി ആവശ്യപ്പെട്ടു.
ഏപ്രില്‍ 9ന് മുമ്പായി നിങ്ങളുടെ ബൂത്തിലെ ഓരോ കുടുംബത്തെയും കുറഞ്ഞത് മൂന്ന് തവണയെങ്കിലും സന്ദര്‍ശിക്കണം. ഓരോ വോട്ടറോടും നേരിട്ട് സംസാരിക്കണം. കഴിഞ്ഞ വര്‍ഷങ്ങളില്‍ എന്‍ഡിഎ സര്‍ക്കാര്‍ കേരളത്തിന് നല്‍കിയ വികസന പദ്ധതികളായ സൗജന്യ റേഷന്‍, വീട് നിര്‍മാണം, കുടിവെള്ളം തുടങ്ങിയ കേന്ദ്ര പദ്ധതികള്‍ എങ്ങനെയൊക്കെയാണ് ഇവിടുത്തെ എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികള്‍ തടസപ്പെടുത്തുന്നതെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
കോണ്‍ഗ്രസിനും കമ്യൂണിസ്റ്റുകള്‍ക്കും നിങ്ങള്‍ 75 വര്‍ഷം നല്‍കി. അഞ്ചു വര്‍ഷം ബിജെപിക്ക് നല്‍കി നോക്കൂ, വലിയ മാറ്റം നമുക്ക് കാണിച്ചു കൊടുക്കാം. കേരളത്തിലെ യുവാക്കള്‍ക്ക് ഇന്ന് നാടുവിട്ടു പോകേണ്ടി വരുന്നു. ടൂറിസം, ഐടി, സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങിയ മേഖലകളില്‍ പുതിയ അവസരങ്ങള്‍ ബിജെപി സര്‍ക്കാര്‍ കേരളത്തില്‍ കൊണ്ടുവരും. വികസിത കേരളം എന്നതാണ് നമ്മുടെ ലക്ഷ്യമെന്നും പ്രധാനമന്ത്രി ഓര്‍മപ്പെടുത്തി.
കേരളത്തിലെ നാലു ലക്ഷത്തോളം പേരാണ് ഓഡിയോ ബ്രിഡ്ജ് സംവാദ പരിപാടിയില്‍ പങ്കെടുത്തത്. യുവാക്കളും വനിതകളും കര്‍ഷകരും പട്ടികജാതി, പട്ടിക വര്‍ഗ സമുദായത്തില്‍ നിന്നുള്ള പ്രവര്‍ത്തകരും പ്രധാനമന്ത്രിയോട് ചോദ്യങ്ങള്‍ ചോദിച്ചു. കേരളത്തിലെ 140 എന്‍ഡിഎ സ്ഥാനാര്‍ത്ഥികളും വിവിധയിടങ്ങളില്‍ പങ്കെടുത്തു.
















