മാവേലിക്കര:ക്ഷേത്രത്തിലെ വിഗ്രഹവും പൂജാസാധനങ്ങളും മോഷ്ടിച്ച പ്രതി പിടിയിലായി.മാവേലിക്കര തഴക്കര വലിയത്തറയില്‍ പുത്തന്‍വീട്ടില്‍ രാജേഷ് (41) നെ ആണ് അറസ്റ്റ് ചെയ്തത്.ഇടുക്കി വാഗമണ്‍ പശുപ്പാറയില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍.
വെണ്‍മണി കുതിരവട്ടം ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിന്റെ പാറചന്ത ജംഗ്ഷനിലുള്ള മണ്ഡപത്തില്‍ നിന്ന് വെള്ളി വിഗ്രഹവും പൂജാസാധനങ്ങളും മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. ഫെബ്രുവരി 25ന് ആയിരുന്നു കേസിനാധാരമായ സംഭവം.ഒന്നര ലക്ഷം രൂപ വിലവരുന്ന വെള്ളിയില്‍ നിര്‍മിച്ച അയ്യപ്പ വിഗ്രഹം, ഓട്ടുവിളക്കുകള്‍, കിണ്ടി എന്നിവയും കാണിക്കവഞ്ചികളില്‍ നിന്ന് 7500 ഓളം രൂപയും പ്രതി മോഷ്ടിച്ചു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുളള അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
പ്രതിയുടെ പഴയ സുഹൃത്തുക്കളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയാണ് വാഗമണ്ണിലെ ഒളിത്താവളം കണ്ടെത്തിയത്.പ്രതിയില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കോട്ടയം ഭാഗത്ത് ഒളിപ്പിച്ചു വച്ചിരുന്ന വിഗ്രഹവും മറ്റ് തൊണ്ടിമുതലുകളും പൊലീസ് കണ്ടെടുത്തു.
















