Idukki

‘ബിജെപിക്കാരുടെ കാല് തല്ലിയൊടിക്കും’ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ പരസ്യ കൊലവിളി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൂത്താട്ടുകുളം: കൂത്താട്ടുകുളത്ത് സിപിഎം ലോക്കല്‍ സെക്രട്ടറി ഫെബിഷ് ജോര്‍ജ് നടത്തിയ കൊലവിളി പ്രസംഗം വിവാദത്തിലേക്ക്. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ബിജെപി പ്രവര്‍ത്തകരുടെ മുട്ടുകാല്‍ തല്ലിയൊടിക്കും എന്നും വേണ്ടിവന്നാല്‍ തട്ടി കളയും എന്നുള്ള തരത്തില്‍ നടത്തിയ പ്രസംഗമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.
വാവിട്ടു നടത്തിയ ഈ പ്രസംഗം പ്രചാരണത്തിലായതോടെ പാര്‍ട്ടി നേതൃത്വത്തെ ആകെ വെട്ടിലാക്കിയിരിക്കുകയാണ്. കിഴകൊമ്പ് വളപ്പില്‍ നടത്തിയ രാഷ്‌ട്രീയ വിശദീകരണ യോഗത്തിലാണ് ഏരിയ സെക്രട്ടറി അടക്കമുള്ള സിപിഎം പ്രാദേശിക നേതാക്കള്‍ വേദിയിലിരിക്കെ പരസ്യമായി മൈക്കിലൂടെ വിവാദ പ്രസംഗം നടത്തിയത്. ഇത് സംബന്ധിച്ച് സോഷ്യല്‍ മീഡിയകളിലും ചാനലുകളിലും വാര്‍ത്തകള്‍ വന്നതോടെ പാര്‍ട്ടി നേതൃത്വം വെട്ടിലായി.

കൂത്താട്ടുകുളം നഗരസഭയില്‍ പാര്‍ട്ടിക്ക് ശക്തമായ സ്വാധീനമുള്ള മേഖലയാണ് കിഴകൊമ്പ്. കഴിഞ്ഞ കുറേ നാളുകളായി 25ലധികം പേര്‍ സിപിഎമ്മില്‍ നിന്ന് വിട്ട് ഇവിടെ ബിജെപി അംഗത്വമെടുത്തിരുന്നു. ഈ അടുത്തിടെ പത്തോളം പേരാണ് ബിജെപി അംഗത്വം എടുത്തത്. പാര്‍ട്ടിയുടെ ശക്തി കേന്ദ്രമായ വളപ്പ് ജങ്ഷനില്‍ കഴിഞ്ഞദിവസം എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് ഓഫീസ് ഉദ്ഘാടനം ചെയ്തിരുന്നു. ഇതില്‍ വിളറി പൂണ്ട സിപിഎം നേതൃത്വം കഴിഞ്ഞദിവസം ഉദ്ഘാടനം കഴിഞ്ഞ വീട്ടിലേക്ക് മടങ്ങിയ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ കയേറ്റ ശ്രമവും നടത്തിയിരുന്നു.

ഈ സംഭവത്തിന്റെ തുടര്‍ച്ചയായാണ് സിപിഎം പ്രാദേശിക നേതൃത്വം വളപ്പില്‍ പൊതു പരിപാടി സംഘടിപ്പിച്ചത്. ഈ പൊതുപരിപാടിയിലാണ് ഏരിയ കമ്മിറ്റി അംഗവും കൂടിയായ പാര്‍ട്ടി ലോക്കല്‍ സെക്രട്ടറി ഫെബീഷ് ജോര്‍ജ് പരസ്യമായി കൊലിവിളി പ്രസംഗം നടത്തിയത്.

Recent Posts