കൊച്ചി: വിശ്വാസ സംരക്ഷണത്തിനായി നിയമം, സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര, കോളേജ് വിദ്യാർത്ഥിനികൾക്ക് 1000 രൂപ പ്രതിമാസ ധനസഹായം, ക്ഷേമ പെൻഷനുകൾ 3000 രൂപയായി വർധിപ്പിക്കും തുടങ്ങിയ വാഗ്ദാനങ്ങളുമായി യുഡിഎഫ് പ്രകടന പത്രിക. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയാണ് പത്രിക പുറത്തിറക്കിയത്. ‘കേരളം ജയിക്കും യുഡിഎഫ് നയിക്കും’ എന്നതുതന്നെയാണ് യുഡിഎഫ് മുന്നോട്ടുവയ്‌ക്കുന്ന മുദ്രാവാക്യം.
പ്രകടനപത്രിക വാഗ്ദാനം കൃത്യമായി നടപ്പാക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കാൻ പ്രത്യേക എംപവറിങ് കമ്മറ്റി രൂപീകരിക്കുമെന്നും പ്രകടന പത്രികയിൽ പറയുന്നു.
പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങൾ
എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപവരെ സൗജന്യ ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസ്
യുവജനങ്ങൾക്ക് ബിസിനസ് ആരംഭിക്കുന്നതിന് പലിശ രഹിത വായ്‌പ 5 ലക്ഷം
മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായി പ്രത്യേക വകുപ്പ്
മിഷൻ സമുദ്ര, വ്യോമയാന വികസനം, എംഎസ്എംഇ സംരംഭങ്ങൾ, ജോബ് വാച്ച് ടവർ, വയനാട് ട്രൈബൽ യൂണിവേഴ്സിറ്റി
വിശ്വാസ സംരക്ഷണത്തിനായി നിയമം പാസാക്കും
അർഹരായ കുട്ടികൾക്ക് ഇന്ത്യയിലും വിദേശത്തും പഠിക്കുന്നതിനായി കെ ആർ നാരായണൻ സ്കോളർഷിപ്പ്, ലോൺ സ്കോളർഷിപ്പ് എന്നിവ ലഭ്യമാക്കും.
അങ്കണവാടികളിലെ കുട്ടികൾക്ക് ത്രൈമാസ മെഡിക്കൽ ചെക്കപ്പ് നടപ്പാക്കും
ആശാ വർക്കർമാരുടെ ദിവസവേതനം കുറഞ്ഞത് 700 രൂപയാക്കും
സംസ്ഥാനത്ത് ബിപിഎൽ കുടുംബങ്ങളിലെ രോഗികൾക്കുള്ള ഡയാലിസിസ് സൗജന്യമാക്കും. ഡയാലിസിസ് രോഗികൾക്കുള്ള തുടർചികിത്സ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കും
പാചക തൊഴിലാളികൾക്ക് ഓണറേറിയം കൂട്ടും.
യുവാക്കൾക്ക് കുടുംബശ്രീ പോലെ യുവശ്രീ.
കമ്മ്യൂണിറ്റി കിച്ചൻ വിപുലീകരിക്കും.
ഓൺലൈൻ ടാക്സി സംവിധാനങ്ങളുടെ പ്രശ്നങ്ങൾ പഠിച്ച് പരിഹാര നടപടി സ്വീകരിക്കും. ഓൺലൈൻ ടാക്സി കസ്റ്റമർ കെയർ 24/7 ആക്കാൻ നടപടി സ്വീകരിക്കും.
സർക്കാർ ആശുപത്രികളിൽ രോഗികൾ നിലത്തു കിടക്കേണ്ട അവസ്ഥയുണ്ടാകില്ല. ഇതിനായി സർക്കാർ ആശുപത്രികളിൽ എത്തുന്ന രോഗികൾക്ക് ബെഡ് അവരുടെ അവകാശമാക്കും.
കേരളത്തെ ഒരു ലോകോത്തര ഹെൽത്ത് ഡെസ്റ്റിനേഷൻ ആക്കി മാറ്റാനുള്ള നടപടികൾ സ്വീകരിക്കും.
എല്ലാ പഞ്ചായത്തിലും അടിയന്തര ചികിത്സാ സൗകര്യമുള്ള ആംബുലൻസ് എത്തുന്ന രീതിയിൽ ആംബുലൻസ് വിന്യാസം നടത്തും.
പബ്ലിക് ഹെൽത്ത് കേഡർ സമ്പൂർണമായി നടപ്പാക്കും.
പോണ്ടിച്ചേരിയിലെ ജിപ്മർ മാതൃകയിൽ നോ ബിൽ (ബിൽ രഹിത) ആശുപത്രികൾ സ്ഥാപിക്കും.
കേരളത്തിൽ മൊബൈൽ കീമോതെറാപ്പി യൂണിറ്റുകൾ സ്ഥാപിക്കും.
















