പാനൂര്‍(കണ്ണൂര്‍): സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും ഒത്തുകളി രാഷ്‌ട്രീയത്തിന്റെ അന്ത്യമാണ് ഈ തെരഞ്ഞെടുപ്പിലൂടെ സംഭവിക്കാന്‍ പോകുന്നതെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീന്‍. കൂത്തുപറമ്പ് നിയോജകമണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. ഷിജിന്‍ ലാലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം പാനൂരില്‍ നടന്ന നമോ ഭാരത് യാത്രയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദല്‍ഹിയിലെത്തിയാല്‍ ഒറ്റക്കെട്ടായി ഒന്നിച്ചു പോകുന്നവര്‍ കേരളത്തില്‍ പരസ്പരം പോരടിച്ച് നാടകം കളിക്കുകയാണ്. ഇത് നാം തിരിച്ചറിയണം.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഇടത് വലത് മുന്നണികളുടെ ഒത്തുകളി തിരിച്ചറിഞ്ഞുകൊണ്ടു വേണം മുന്നോട്ടുപോവാന്‍. സ്വര്‍ണക്കൊള്ളയിലെ പ്രതികള്‍ എല്ലാം നിയമപരമായി ശിക്ഷിക്കപ്പെടണമെന്നാണ് ബിജെപി ആവശ്യപ്പെടുന്നത്. അതുകൊണ്ടുതന്നെ ശബരിമല സ്വര്‍ണക്കൊള്ളയില്‍ സിബിഐ അന്വേഷണം നടത്തി പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാഹുല്‍ ഗാന്ധിക്ക് ശബരിമല സ്‌നേഹം കേരളത്തില്‍ എത്തുമ്പോള്‍ മാത്രമാണ്. കേരളം വിട്ടാല്‍ ഇത്തരം സ്‌നേഹങ്ങള്‍ ഒന്നുമില്ല. ഈ ഇരട്ടത്താപ്പ് തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ ബിജെപിക്ക് എംഎല്‍എയോ എംപിയോ ഉണ്ടോ എന്ന് നോക്കിയല്ല മോദി സര്‍ക്കാര്‍ വികസന പദ്ധതികള്‍ പ്രഖ്യാപിച്ചത്. അതുകൊണ്ടാണ് നമ്മുടെ വോട്ട് ശതമാനം പടിപടിയായി വര്‍ധിച്ചു വന്നത്.
ഇന്ന് കണ്ണൂരിലെ ബലിദാനികളുടെ കുടുംബാംഗങ്ങളുമായി സംസാരിച്ചു. ഒരു ആദര്‍ശത്തിനു വേണ്ടി ജീവത്യാഗം ചെയ്തവരാണ് ബലിദാനികള്‍. അവരുടെ ബലിദാനം പാഴാവില്ല. ഏതു പ്രത്യയ ശാസ്ത്രത്തിനു വേണ്ടിയാണോ അവര്‍ ജീവന്‍ വെടിഞ്ഞത് ആ പ്രത്യയശാസ്ത്രം കേരളത്തില്‍ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേഷ് എന്നിവര്‍ സംസാരിച്ചു.
എന്‍ഡിഎ മട്ടന്നൂര്‍ മണ്ഡലം സ്ഥാനാര്‍ത്ഥി ബിജു ഏളക്കുഴിയുടെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം മട്ടന്നൂര്‍ നഗരത്തില്‍ നടന്ന വിജയയാത്രയിലും നിതിന്‍ നബീന്‍ പങ്കെടുത്തു. വനിതകള്‍ അടക്കം നൂറു കണക്കിന് പേരാണ് വിജയയാത്രയില്‍ പങ്കാളികളായത്. വായാന്തോടില്‍ നിന്നും ആരംഭിച്ച വിജയ് യാത്രയില്‍ നിരവധി വാദ്യഘോഷങ്ങളും കലാരൂപങ്ങളും അണിനിരന്നു. സി. സദാനന്ദന്‍ മാസ്റ്റര്‍ എം.പി, എന്‍ഡിഎ മട്ടന്നൂര്‍ നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥി ബിജു ഏളക്കുഴി, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് എന്നിവരും റാലിയില്‍ പങ്കെടുത്തു.
















