ന്യൂദല്‍ഹി: പഞ്ചാബ് മുന്‍പ്രതിപക്ഷ നേതാവും മുതിര്‍ന്ന അഭിഭാഷകനും പ്രമുഖ സിഖ് നേതാവുമായ പദ്മശ്രീ ഹര്‍വീന്ദര്‍ സിങ് ഫൂല്‍ക്ക (എച്ച്.എസ്. ഫൂല്‍ക്ക) ബിജെപിയില്‍ ചേര്‍ന്നു. പാര്‍ട്ടി ദേശീയ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി, ദേശീയ ജനറല്‍ സെക്രട്ടറി തരുണ്‍ ചുഗ് എന്നിവരുടെ നേതൃത്വത്തില്‍ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു. 1984ല്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് നടന്ന സിഖ് കൂട്ടക്കൊലയിലെ ഇരകള്‍ക്കായി കോടതിയില്‍ ഹാജരായത് ഫൂല്‍ക്കയായിരുന്നു.
1984 ലെ സിഖ് വംശഹത്യയുടെ ഇരകളുടെ ശബ്ദമാണ് സര്‍ദാര്‍ ഫൂല്‍ക്കയെന്ന് തരുണ്‍ ചുഗ് പറഞ്ഞു. 70 ലധികം കേസുകളിലായി 250 ലധികം കുറ്റവാളികള്‍ക്ക് ശിക്ഷ ഉറപ്പാക്കുന്നതില്‍ സര്‍ദാര്‍ ഫൂല്‍ക്ക നിര്‍ണായക പങ്ക് വഹിച്ചെന്നും അദ്ദേഹം പറഞ്ഞു. 1984ല്‍ നടന്നത് കലാപം’ അല്ലെന്നും മുന്‍കൂട്ടി ആസൂത്രണം ചെയ്ത വംശഹത്യയായിരുന്നുവെന്നും കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ്ങ് പുരി ആരോപിച്ചു. ഏകപക്ഷീയവും ആസൂത്രിതവുമായ കൂട്ടക്കൊലയായിരുന്നു അത്. കോണ്‍ഗ്രസ് ഇതുവരെ അക്കാര്യത്തില്‍ വേണ്ട രീതിയില്‍ ക്ഷമാപണം പോലും നടത്തിയിട്ടില്ല. സിഖ് കൂട്ടക്കൊലയില്‍ നിന്ന് സര്‍ദാര്‍ ഫൂല്‍ക്കയും ഭാര്യയും അതിജീവിച്ചെങ്കിലും കുടുംബാംഗങ്ങളായ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഇരകള്‍ക്ക് നീതി ഉറപ്പാക്കാന്‍ ഫൂല്‍ക്ക ആത്മാര്‍ത്ഥമായി പോരാടി എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പഞ്ചാബ് ബിജെപി സംസ്ഥാന പ്രസിഡന്റ് സുനില്‍ ഝാഖര്‍, വര്‍ക്കിംഗ് പ്രസിഡന്റ് അശ്വനി ശര്‍മ്മ, ദല്‍ഹി പ്രസിഡന്റ് വീരേന്ദ്ര സച്ച്ദേവ, മന്ത്രി മഞ്ജീന്ദര്‍ സിങ് സിര്‍സ, ബിജെപി മുഖ്യവക്താവ് അനില്‍ ബലൂനി എംപി, ദേശീയ വക്താവ് സര്‍ദാര്‍ ആര്‍.പി. സിങ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.












