പത്തനംതിട്ട: കഴിഞ്ഞ പത്ത് വര്‍ഷം കൊണ്ട് ഇടത് സര്‍ക്കാര്‍ വൈദ്യുതി മേഖലയെ തകര്‍ത്തതായും ഇതിന് പരിഹാരമായി കേന്ദ്ര പദ്ധതിയിലൂടെ ആറന്മുള മണ്ഡലത്തില്‍ സൗരോര്‍ജ വൈദ്യുത പ്ലാന്റ് സ്ഥാപിക്കുമെന്നും എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍. ആറന്മുളയില്‍ കേന്ദ്ര പദ്ധതി പ്രകാരം വിപുലമായ സൗരോര്‍ജ വൈദ്യുതി പദ്ധതിയാണ് വിഭാവനം ചെയ്യുന്നത്. തണ്ണീര്‍ തടങ്ങള്‍ക്ക് മുകളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിച്ച് വൈദ്യുതി ഉത്പാദനമാണ് ലക്ഷ്യം. ഇതിനാവശ്യമായ വിശാല തണ്ണീര്‍ത്തട മേഖലകള്‍ മണ്ഡലത്തിലുണ്ട്.
നമ്മുടെ അണക്കെട്ടുകളിലെ ജലസംഭരണികള്‍ക്ക് മുകളില്‍ സംസ്ഥാന സര്‍ക്കാര്‍ വിചാരിച്ചിരുന്നെങ്കില്‍ ഇത്തരത്തിലുള്ള വമ്പന്‍ സൗരോര്‍ജ പദ്ധതികള്‍ നടപ്പാക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍ അവര്‍ ഒന്നും ചെയ്തില്ല. കഴിഞ്ഞ 10 വര്‍ഷത്തെ ഇടത് ഭരണകാലത്ത് കേവലം 75 മെഗാവാട്ടില്‍ താഴെ വൈദ്യുതി മാത്രമെ ജലവൈദ്യുത പദ്ധതിയില്‍ നിന്നും അധികമായി ലഭ്യമാക്കാനായുള്ളു. അതേസമയം കേന്ദ്ര സോളാര്‍ പദ്ധതിയെ ആശ്രയിച്ച് വ്യക്തികള്‍ കേരളത്തില്‍ വന്‍തോതില്‍ വൈദ്യുതി ഉത്പാദനം നടത്തി എന്നത് ശ്രദ്ധേയമാണെന്ന് കുമ്മനം പറഞ്ഞു.
‘പ്രധാനമന്ത്രി സൂര്യ ഘര്‍ മുഫ്ത് ബിജിലി യോജന’ വഴി വീടുകളില്‍ സ്ഥാപിക്കുന്ന സോളാര്‍ പ്ലാന്റുകള്‍ക്ക് 40% വരെ സബ്സിഡിയാണ് കേന്ദ്രം നല്‍കുന്നത്. ഒരു കിലോ വാട്ട് മുതല്‍ രണ്ട് കിലോ വാട്ട് വരെ 30,000 രൂപയാണ് സബ്‌സിഡി. മൂന്ന് കിലോ വാട്ടും അതില്‍ കൂടുതലും വൈദ്യുതി ഉത്പാദിപ്പിക്കുന്നവര്‍ക്ക് പരമാവധി 78,000 രൂപ വരെ സബ്സിഡി ലഭിക്കും. സബ്സിഡി ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് ലഭിക്കും എന്നതാണ് പ്രത്യേകത.
ആവശ്യമുള്ള വൈദ്യുതിയുടെ 30 ശതമാനത്തില്‍ താഴെ മാത്രമേ കേരളം ഉത്പാദിപ്പിക്കുന്നുള്ളു.
കേന്ദ്ര പൂളില്‍ നിന്നും മറ്റ് സ്വകാര്യ കമ്പനികളില്‍ നിന്നും അമിത വില കൊടുത്തു വാങ്ങുന്ന വൈദ്യുതി കൊണ്ടാണ് കറന്റ് കട്ടും ലോഡ് ഷെഡിങ്ങും കേരളം ഒഴിവാക്കിയത്.
നരേന്ദ്രമോദി അധികാരത്തില്‍ എത്തിയ ശേഷം കേന്ദ്ര വൈദ്യുതി നയത്തില്‍ വരുത്തിയ മാറ്റമാണ് ഇതിനു കാരണം. ഇന്ന് ഇന്ത്യയിലെ 90% സംസ്ഥാനങ്ങളിലും കറന്റ്കട്ട് പഴങ്കഥയാണ്. ഇതു മറച്ചു വെച്ചാണ് കറന്റ് കട്ടില്ലാത്ത 10 വര്‍ഷം എന്ന പേരില്‍ പൊതുജനത്തെ പിണറായി കബളിപ്പിക്കുന്നത്.
ഹരിത വൈദ്യുത പദ്ധതി ആറന്മുളയില്‍ മാത്രമല്ല സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും നടപ്പാക്കാനാവും. അതത് മണ്ഡലങ്ങളിലെ ജനപ്രതിനിധികള്‍ താത്പര്യം കാട്ടിയാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ ആഭ്യന്തര വൈദ്യുതി ഉത്പാദനത്തിലൂടെ കേരളത്തിന് സ്വയംപര്യാപ്തതയില്‍ എത്താമെന്നും കുമ്മനം പറഞ്ഞു.
















