ആന്റാല്യ: അന്താരാഷ്‌ട്ര സൗഹൃദ ഫുട്‌ബോളില്‍ ആഫ്രിക്കന്‍ കരുത്തരായ കോസ്റ്ററിക്കയ്‌ക്കെതിരെ ഇറാന് തകര്‍പ്പന്‍ ജയം. എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് വിജയം നേടിയത്. ആദ്യ പകുതിയില്‍ നാല് ഗോളുകള്‍ നേടിയ ഇറാന്‍ രണ്ടാം പകുതിയില്‍ ഒരു ഗോള്‍ കൂടി നേടി.
മത്സരത്തിന്റെ 11-ാം മിനിറ്റ് മുതല്‍ ഇറാന്‍ സ്‌കോര്‍ ചെയ്തു തുടങ്ങി. അലി ഘോലിസാദേഹ് ആണ് ആദ്യ ഗോള്‍ നേടിയത്. എട്ട് മിനിറ്റ് ശേഷം പെനാല്‍റ്റി ഗോളാക്കി മെഹ്ദി ടറേമി രണ്ടാം ഗോളും നേടി. 31-ാം മിനിറ്റില്‍ മുഹമ്മദ് മൊഹേബി നേടിയ ഗോളിലൂടെ ഇറാന്‍ സ്‌കോര്‍ 3-0 ആയി ഉയര്‍ന്നു. മൂന്ന് മിനിറ്റിനകം വീണ്ടും ഗോള്‍. മെഹ്ദി ടറേമി പെനാല്‍റ്റിയിലൂടെ മത്സരത്തിലെ തന്റെ ഇരട്ടഗോള്‍ തികയ്‌ക്കുകയായിരുന്നു.
ആദ്യപകുതിയില്‍ വമ്പന്‍ ആധിപത്യം പുലര്‍ത്തിയ ഇറാന്‍ രണ്ടാം പകുതിയില്‍ 54-ാം മിനിറ്റിലാണ് ഗോള്‍ നേടിയത്. മെഹ്ദി ഘയേദി ആണ് ഗോള്‍ നേടിയത്.
ഇന്നലെ നടന്ന മറ്റ് സൗഹൃദ മത്സരങ്ങളില്‍ ഗയാന ബെലീസെയെ 3-1ന് പരാജയപ്പെടുത്തി. മലാവിയെ നേരിട്ട ബോട്‌സ്വാന 1-0ന് വിജയിച്ചു. ഇക്വട്ടോറിയല്‍ ഗ്വിനിയ-മഡഗാസ്‌കര്‍ പോരാട്ടം ഓരോ ഗോള്‍ സമനിലയില്‍ പര്യവസാനിച്ചു. ഡോമിനിക്ക-സിന്റ് മാര്‍ട്ടെന്‍ മത്സരം ഗോള്‍രഹിതമായും പിരിഞ്ഞു.











