പാലാ (കോട്ടയം): എഫ്‌സിആര്‍എ നിയമ ഭേദഗതി എന്‍ജിഒകള്‍ക്ക് വരുന്ന വിദേശ നിക്ഷേപം നിയന്ത്രിക്കാനുദ്ദേശിച്ചുള്ളതാണെന്നും അതില്‍ ക്രൈസ്തവ സഭകള്‍ക്ക് ആകുലതയും ആശങ്കയും ആവശ്യമില്ലന്നും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ഷോണ്‍ ജോര്‍ജ്.
ക്രൈസ്തവ സഭകളുടെ അക്കൗണ്ടുകളും കണക്കുകളുമെല്ലാം കൃത്യമാണ്. എന്തെങ്കിലും വിധത്തിലുള്ള തിരിമറികള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ക്കും അക്കൗണ്ടുകള്‍ക്കും മാത്രമേ ആശങ്കപ്പെടേണ്ടതുള്ളൂ. ചില എന്‍ജിഒകള്‍ വഴി നമ്മുടെ നാട്ടിലേക്ക് രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു പണമെത്തുന്നു. അത്തരം സംഘടനകളെ നിയന്ത്രിക്കാന്‍ നിയമം വരുമ്പോള്‍ അത് ക്രൈസ്തവ സഭാ സ്ഥാപനങ്ങള്‍ പിടിച്ചെടുക്കുന്നതിനാണെന്ന് പ്രചരിപ്പിക്കുന്നത് കോണ്‍ഗ്രസും ഇടതുപക്ഷവുമാണ്.
നിയമം സംബന്ധിച്ച് ന്യൂനപക്ഷങ്ങള്‍ക്കിടെ അനാവശ്യ ഭീതി പടര്‍ത്തി തെറ്റിദ്ധാരണയുണ്ടാക്കാനാണ് ഇവരുടെ ശ്രമം. നേരത്തേ പൗരത്വ ഭേദഗതി, വഖഫ് ഭേദഗതി നിയമങ്ങള്‍ വന്നപ്പോഴും ഇത്തരത്തില്‍ ന്യൂനപക്ഷങ്ങള്‍ക്കിടെ കോണ്‍ഗ്രസും ഇടതുപക്ഷവും ഉള്‍പ്പെട്ട ഇന്‍ഡി മുന്നണി അനാവശ്യ ഭീതി പടര്‍ത്താന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഈ നിയമങ്ങളൊന്നും ഒരു ന്യൂനപക്ഷത്തിന് നേരേയുമുള്ള കടന്നുകയറ്റമല്ലെന്ന് ഇതിനകം തെളിയിച്ചതാണ്. അതുപോലെ തന്നെയാണ് എഫ്‌സിആര്‍എ ഭേദഗതി നിയമവും.
ഈ അടുത്ത കാലത്ത് മണിപ്പൂരില്‍ നിന്ന് അറസ്റ്റ് ചെയ്യപ്പെട്ട അമേരിക്കന്‍ പൗരന്‍ മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട് എഫ്‌സിആര്‍എ അക്കൗണ്ടുകളിലൂടെ ഭാരതത്തിലേക്ക് പണമെത്തിച്ചെന്നത് പുറത്തു വന്നതാണ്. അതുപോലെ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വിദേശ പണം സ്വീകരിക്കുന്ന ഏജന്‍സികളെ നിയന്ത്രിക്കണം. അതിനപ്പുറം ഇപ്പോള്‍ മാന്യമായി പോകുന്ന സ്ഥാപനങ്ങളെയും അക്കൗണ്ടുകളെയും നിയന്ത്രിക്കാനുള്ളതല്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു.
ക്രൈസ്തവ സഭ ആകുലതപ്പെടേണ്ടതില്ല. എല്ലാ ന്യൂനപക്ഷ വിഭാഗങ്ങളുടെയും താത്പര്യം സംരക്ഷിക്കാന്‍ ബിജെപി പ്രതിജ്ഞാബദ്ധമാണ്. ഈ വിഷയവുമായി ബന്ധപ്പെട്ട് പാര്‍ട്ടി ഉന്നത നേതൃത്വവുമായി സംസാരിച്ചു. രാജീവ് ചന്ദ്രശേഖറും നേതൃത്വവുമായി ചര്‍ച്ച നടത്തി. ഏതെങ്കിലും വിധത്തിലുള്ള ആശങ്കയുണ്ടെങ്കില്‍ അത് പൂര്‍ണമായും പരിഹരിച്ചേ തീരുമാനിക്കൂയെന്ന് അമിത്ഷാ ബിജെപി സംസ്ഥാന നേതൃത്വത്തെ അറിയിച്ചെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു.
















