ടെൽ അവീവ്: ഇതുവരെ ഇറാന് യുദ്ധത്തില്‍ നിന്നും വിട്ടുനിന്ന് നിശ്ശബ്ദ പാലിച്ച യെമനിലെ ഹൂതി വിഭാഗം കൃത്യസമയത്ത് അമേരിക്കയ്ക്കും ഇസ്രയേലിനും എതിരെ ഇറങ്ങി. ഇസ്രയേലില്‍ തുടര്‍ച്ചയായ ബാലിസ്റ്റിക് മിസൈല്‍ ആക്രമണങ്ങള്‍ നടത്തിക്കൊണ്ടായിരുന്നു പശ്ചിമേഷ്യൻ സംഘർഷത്തിലേക്കുള്ള ഹൂതികളുടെ വരവ്.
ഇതോടെ ഹോര്‍മുസ് കടലിടുക്ക് മാത്രമല്ല, ചരക്കുകപ്പലുകള്‍ ധാരാളമായി പോകുന്ന ചെങ്കടലും അമേരിക്കയ്ക്ക് അപകടമേഖലയാകും. ചെങ്കടലില്‍ ചരക്കുകപ്പലുകളെ തകര്‍ക്കാന്‍ പ്രത്യേകവൈദഗ്ധ്യം ഉള്ളവരാണ് ഹൂതികള്‍. . ബാബ് അൽ – മണ്ടേബ് കടലിടുക്ക് അടച്ചുപൂട്ടുന്നത് പരിഗണനയിലുണ്ടെന്ന് ഹൂതികൾ അവകാശപ്പെട്ടു. ബാബ് അൽ -മ ണ്ടേബ് കടലിടുക്കിലൂടെ കടന്നുപോകുന്ന ഇസ്രായേലുമായി ബന്ധപ്പെട്ട കപ്പലുകൾക്ക് ഉപരോധം ഏർപ്പെടുത്തുന്നത് ഇസ്രായേലിന്റെ സമ്പദ്വ്യവസ്ഥയെ ദോഷകരമായി ബാധിക്കും. ഇസ്രായേലിന്റെ ഇറക്കുമതിയുടെ 30 ശതമാനവും ചെങ്കടലിലെ ജലപാതയിലൂടെയാണ് കടന്നുപോകുന്നത്. തന്ത്രപ്രധാന ചരക്ക് ഗതാഗത ഇടനാഴിയായ ഹോര്‍മുസ് കടലിടുക്ക് ഇറാന് അടച്ചതോടെ എണ്ണവില 50 ശതമാനമാണ് ഉയര്‍ന്നത്. ചെങ്കടലിലേക്കും യുദ്ധം പടര്‍ന്ന് സൂയസ് കനാല്‍ വഴിയുള്ള ചരക്ക് ഗതാഗതം കൂടി നിലച്ചാല്‍ അത് വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് ലോകത്തെ തള്ളിവിടും. ഏഷ്യയെ യൂറോപ്പുമായി ബന്ധിപ്പിക്കുന്ന ഏറ്റവും ദൂരം കുറഞ്ഞ ചരക്ക് ഗതാഗതത്തിനുള്ള പാതയാണ് സൂയസ് കനാല്‍. ആഗോളചരക്ക് നീക്കത്തിന്റെ 12 ശതമാനവും ഇതുവഴി കടന്നുപോകുന്നു.
തെക്കൻ ഇസ്രായേലി സൈനിക കേന്ദ്രങ്ങൾ’ ലക്ഷ്യമിട്ട് ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയതായി ഹൂതികൾ വിമതർ അവകാശപ്പെട്ടു. ഇറാനെതിരായ അമേരിക്ക – ഇസ്രായേൽ യുദ്ധം ആരംഭിച്ച് ഒരു മാസം പിന്നിടുന്ന ഘട്ടത്തിലാണ് ഇറാനൊപ്പം യെമനിലെ ഹൂതികൾ രംഗത്തുവന്നത്.
ഇറാനെ പിന്തുണയ്ക്കുന്ന ലെബനീസ് സായുധ സംഘമായ ഹിസ്ബുള്ള നേരത്തേ യുദ്ധത്തിൽ ഇടപെട്ടിരുന്നു. പക്ഷെ ലെബനനില്‍ ഇസ്രയേല്‍ നടത്തിയ ശക്തമായ ബോംബാക്രമണത്തില്‍ ഹെസ്ബുള്ളയ്ക്ക് വലിയ നാശം സംഭവിച്ചു. പ്രഖ്യാപിത ലക്ഷ്യങ്ങൾ കൈവരിക്കുന്നതുവരെയും സഖ്യകക്ഷികളായ സായുധസംഘങ്ങൾക്കുനേരേയുമുള്ള ആക്രമണം അവസാനിക്കുന്നതുവരെയും ആക്രമണങ്ങൾ തുടരുമെന്ന് ഹൂതി സൈനിക വക്താവ് ബ്രിഗേഡിയർ ജനറൽ യഹ്യ സാരി ശനിയാഴ്ച പറഞ്ഞു. ഇതോടെ സൂയസ് കനാൽ സ്ഥിതിചെയ്യുന്ന ചെങ്കടലിലേക്കും യുദ്ധം വ്യാപിക്കുമോ എന്ന ആശങ്ക ശക്തമായി.
മിഡിൽ ഈസ്റ്റിനെ ഗുരുതരമായി ബാധിക്കുകയും ആഗോള സമ്പദ്വ്യവസ്ഥയെ ബാധിക്കുകയും ചെയ്ത യുദ്ധത്തിൽ വിമതർ ചേരുമെന്ന് വെള്ളിയാഴ്ച അവ്യക്തമായ ഒരു പ്രസ്താവനയിലൂടെ സൂചന നൽകിയതിന് മണിക്കൂറുകൾക്ക് ശേഷമാണ് ആക്രമണം. തെക്കൻ ലെബനനിൽ നിന്നുള്ള രണ്ട് റോക്കറ്റ് ആക്രമണങ്ങളിൽ ഒൻപത് ഇസ്രായേലി സൈനികർക്ക് പരിക്കേറ്റതായി ഇസ്രായേലി ആർമി റേഡിയോ ശനിയാഴ്ച റിപ്പോർട്ട് ചെയ്തു.
ഇറാനും ഹിസ്ബുള്ളയും ഇസ്രായേലിനെതിരെ ആക്രമണം ആരംഭിച്ചതോടെ വെള്ളിയാഴ്ച മുതൽ ശനിയാഴ്ച വരെ രാത്രിയിൽ ബീർഷെബയിലും ഇസ്രായേലിന്റെ പ്രധാന ആണവ ഗവേഷണ കേന്ദ്രത്തിന് സമീപമുള്ള പ്രദേശത്തും സൈറണുകൾ മുഴങ്ങി. ആളപായമോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം, ഇറാനിൽ യുഎസ് കരയുദ്ധത്തിനിറങ്ങിയേക്കും എന്ന അഭ്യൂഹം ശക്തമാണ്. അങ്ങനെസംഭവിച്ചാൽ ഹൂതികളെ ഉപയോഗിച്ച് ചെങ്കടലിലൂടെയുള്ള കപ്പൽഗതാഗതം തടസ്സപ്പെടുത്തുമെന്ന് ഇറാൻ മുന്നറിയിപ്പുനൽകി.
















