തിരുവനന്തപുരം: ശബരിമല സ്വര്‍ണപാളി തട്ടിപ്പ് കേസില്‍ മുന്‍ ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രനെ വ്യക്തിപരമായി അപമാനിക്കുന്ന ഒരു പ്രസ്താവനയും താന്‍ നടത്തിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.ക്ഷേത്ര സ്വത്ത് ഉള്‍പ്പെടെയുള്ളവ സംരക്ഷിക്കേണ്ട ചുമതല ദേവസം ബോര്‍ഡിനോടൊപ്പം സര്‍ക്കാറിനും ഉണ്ടെന്നും പ്രതിപക്ഷ നേതാവ് വാദമുയര്‍ത്തി.
തെറ്റായ വാര്‍ത്തകള്‍ നിരന്തരം മാധ്യമങ്ങള്‍ക്ക് നല്‍കി തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതില്‍ നിന്നും കടകംപള്ളി സുരേന്ദ്രനെ വിലക്കണം എന്ന് കാട്ടി പ്രതിപക്ഷ നേതാവ് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഏപ്രില്‍ ഒന്നിന് തര്‍ക്കം സമര്‍പ്പിക്കാന്‍ കടകംപള്ളിക്ക് നിര്‍ദ്ദേശം നല്‍കി. തിരുവനന്തപുരം സബ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കടകംപളളി ദേവസ്വം മന്ത്രി ആയിരുന്ന 2016-2021 കാലയളവിലാണ് തിരിമറി നടന്നിട്ടുളളത്.
ഉദ്യോഗസ്ഥര്‍ക്കും ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍ക്കും ഉളളത് പോലുളള ഉത്തരവാദിത്വം മന്ത്രി എന്ന നിലയില്‍ കടകംപളളിക്കും ഉണ്ടെന്നാണ് സതീശന്റെ വാദം. എന്നാല്‍ സര്‍ക്കാറിന് ക്ഷേത്ര കാര്യങ്ങളില്‍ ഉത്തരവാദിത്വം ഇല്ലെന്ന വാദമാണ് കടകപള്ളി ഉയര്‍ത്തുന്നത്. മാനഹാനി വരുത്തുന്ന പ്രസ്താവന നടത്തിയ സതീശന്‍ മാപ്പ് പറയണമെന്നും സമാന പ്രസ്താവന നടത്തില്ലെന്ന് ഉറപ്പ് വരുത്തണമെന്നും നടത്തിയ പ്രസ്താവനയ്‌ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ടാണ് കടകംപളളി സുരേന്ദ്രന്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്.
















