തിരുവനന്തപുരം: ഓശാന ഞായറില്‍ ക്രൈസ്തവ വിശ്വാസികളുടൊപ്പം പള്ളികളിലെ പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത് തിരുവനന്തപുരം നിയോജകമണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി കരമന ജയന്‍. രാവിലെ 7.30ന് പേട്ട സെന്റ് ആന്‍ഡ്രൂസ് പള്ളിയിലെത്തിയ കരമന ജയനെ സ്‌നേഹ വായ്‌പോടെയാണ് വിശ്വാസികള്‍ സ്വീകരിച്ചത്. ഒരു മണിക്കൂറോളം പള്ളിയിലെ പ്രാര്‍ത്ഥനയില്‍ പങ്കെടുത്തു. പള്ളിയിലെത്തിയ വിശ്വാസികളോട് കുശലം ചോദിച്ചും അഭിപ്രായങ്ങള്‍ ആരാഞ്ഞുമാണ് കരമന ജയന്‍ ഇന്ന് സജീവമായത്.
നാടിന്റെയും ജനതയുടെയും ഹൃദയം തൊട്ടറിഞ്ഞ് അവരിലൊരാളായി മാറുന്ന കാഴ്ചയാണ് കാണാനായത്. എല്ലാ പ്രവര്‍ത്തകരെയും വോട്ടര്‍മാരെയും പോലും പേരെടുത്തു വിളിക്കത്തക്കവിധം പരിചയമുള്ള കരമന ജയന് ലഭിക്കുന്നത് സമാനതകളില്ലാത്ത വരവേല്പ്പാണ്. നാടിനെ അറിഞ്ഞ, നാടിന്റെ കൂടെയുള്ള ജനകീയ നേതാവിനെ എല്ലാവരും ചേര്‍ത്ത് പിടിക്കുകയാണ്. വെട്ടുകാട്, ചെറിയതുറ തീരദേശ പ്രദേശങ്ങളില്‍ വലിയ സ്വീകരണമാണ് കരമന ജയന് ലഭിച്ചത്. തീരദേശത്തെ വികസന മുരടിപ്പിനെക്കുറിച്ചാണ് പലരും പരാതിയുമായി എത്തിയത്. കുടിവെള്ള പ്രശ്‌നം, കടല്‍ക്ഷോഭം, പ്രകൃതി ദുരന്തങ്ങള്‍ എന്നിവ മൂലം വലയുകയാണെന്നും ഇതിനെല്ലാം പരിഹാരം കാണാന്‍ വികസന നായകനായ മോദിയുടെ പ്രതിനിധികള്‍ എത്തണമെന്നാണ് ആഗ്രഹമെന്നും ജനങ്ങള്‍ പറഞ്ഞു. കഴിഞ്ഞ അഞ്ചു വര്‍ഷവും തീരദേശ മേഖലയില്‍ യാതൊരു വികസന പ്രവര്‍ത്തനങ്ങളും എംഎല്‍എയുടെ നേതൃത്വത്തില്‍ നടന്നില്ല. ഓശാന ഞായറിനോട് അനുബന്ധിച്ച് ചെറിയതുറ മുതല്‍ വെട്ടുകാട് വരെയുള്ള ക്രൈസ്തവ വിശ്വാസികളുടെ റാലിയില്‍ കുടിവെള്ള വിതരണത്തിലും സജീവമായി പങ്കെടുത്തു. തുടര്‍ന്ന് തമിഴ് വിശ്വകര്‍മ്മ സഭയുടെ കുടുംബയോഗത്തിലും പങ്കെടുത്തു.
















