തിരുവനന്തപുരം: കോൺഗ്രസ് റാലിയിൽ ആളെ കൂട്ടാൻ പരസ്യം നൽകിയെന്ന റിപ്പോർട്ടർ ചാനലിന്റെ വാർത്തയിൽ ചാനലിനെതിരെ കേസെടുത്ത് പോലീസ്. വട്ടിയൂർക്കാവ് യുഡിഎഫ് സ്ഥാനാർഥി കെ. മുരളീധരന്റെ പരാതിയിലാണ് സിറ്റി സൈബർ പൊലീസ് കേസെടുത്തത്.
വ്യാജ വാർത്തയിലൂടെ പ്രകോപനം സൃഷ്ടിക്കുകയും ലഹള ഉണ്ടാക്കാൻ പ്രേരിപ്പിച്ചതായുമാണ് പൊലീസ് എഫ്ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. പ്രചാരണത്തിന് പുറത്ത് നിന്ന് ആളെ എത്തിച്ചെന്ന സിപിഎം പ്രചാരണം തോൽക്കുമെന്ന ഭയത്താൽ ചെയ്യുന്നതാകമെന്ന് കെ.മുരളീധരൻ പറഞ്ഞു. യുഡിഎഫ് പ്രചാരണത്തിന് ആളെ ആവശ്യപ്പെട്ട് പരസ്യം നൽകിയെന്ന പ്രചാരണം എൽഡിഎഫ് സ്ഥാനാർഥിയാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
വി.കെ. പ്രശാന്തിന്റെ കുടിലതന്ത്രമാണ് ഇതിന് പിന്നിൽ. യുഡിഎഫിനെ താറടിക്കാൻ ഗൂഢാലോചന നടക്കുന്നുവെന്നും തെരഞ്ഞെടുപ്പ് ജീവിതത്തിൽ ഇങ്ങനെ ഒരു തറ വേല കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കൂലിക്ക് ആളെ എടുക്കാൻ പരസ്യം കൊടുത്തത് കോൺഗ്രസ് തന്നെയാകാമെന്നാണ് വി.കെ. പ്രശാന്തിന്റെ പ്രതികണം.
















