മലപ്പുറം: മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ ലൈംഗികാരോപണം നടത്തി അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതി മുഹമ്മദ് റോഷന് പിടിയില്‍. പാണക്കാട് തങ്ങൾക്കെതിരെ ബ്ലാക്ക് മെയിലിംഗ് ആരോപണമാണ് റോഷനെതിരെ ഉയര്‍ന്നിരിക്കുന്നത്. പാണക്കാട് കുടുംബാംഗമായ മൊയീനലി തങ്ങളെ ചില അവ്യക്തമായ ദൃശ്യങ്ങളും ഫോട്ടോകളും കാണിച്ച് ഭീഷണിപ്പെടുത്തിയതായാണ് പോലീസ് കണ്ടെത്തല്‍. ഇവ പുറത്തുവിടാതിരിക്കാന്‍ 15 കോടി രൂപയാണ് പ്രതി ആവശ്യപ്പെട്ടത്.
പെരിന്തല്‍മണ്ണ സ്വദേശിയും കാപ്പ നിയമപ്രകാരം നാടുകടത്തപ്പെട്ട കുറ്റവാളിയുമായ മുഹമ്മദ് റോഷനെ കോയമ്പത്തൂരിലെ ഒളിത്താവളത്തില്‍ നിന്നാണ് മലപ്പുറം പോലീസ് സാഹസികമായി പിടികൂടിയത്. ആഴ്ചകളായി ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനിരിക്കെയാണ് പോലീസിന്റെ നിര്‍ണ്ണായക നീക്കം.സംഭവം വിവാദമായതോടെ പോലീസില്‍ പരാതി നല്കി. സൈബര്‍ പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ പോസ്റ്റ് ഇട്ടത് റോഷനാണെന്ന് സ്ഥിരീകരിച്ചു.
തുടര്‍ന്ന് പെരിന്തല്‍മണ്ണ പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറില്‍ ഗൂഢാലോചന, ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിക്കല്‍, അപകീര്‍ത്തിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇയാള്‍ക്കെതിരെ നേരത്തെ തന്നെ കാപ്പ ചുമത്തിയിരുന്നതിനാല്‍ പോലീസ് അതീവ ജാഗ്രതയിലായിരുന്നു.മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ തമിഴ്നാട്ടിലുണ്ടെന്ന സൂചന ലഭിച്ചത്.
കോയമ്പത്തൂരിലെ ഒരു രഹസ്യ കേന്ദ്രത്തില്‍ സുഹൃത്തുക്കളുടെ സഹായത്തോടെ കഴിയുകയായിരുന്നു ഇയാള്‍.പ്രതിയെ ഇന്ന് രാത്രിയോടെ മലപ്പുറത്ത് എത്തിക്കും.മൊയീനലി തങ്ങളെ ഭീഷണിപ്പെടുത്താന്‍ ഉപയോഗിച്ച ദൃശ്യങ്ങള്‍ വ്യാജമായി നിര്‍മ്മിച്ചതാണോ അതോ എഡിറ്റ് ചെയ്തതാണോ എന്ന് കണ്ടെത്താന്‍ റോഷന്റെ ഫോണും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കും.ഈ ഗൂഢാലോചനയ്ക്ക് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.













