പത്തനംതിട്ട: നരേന്ദ്ര മോദി സര്‍ക്കാര്‍ നടപ്പിലാക്കിയ ആയുഷ്മാന്‍ വയോ വന്ദന യോജനയിലൂടെ ആറന്മുള നിയോജക മണ്ഡലത്തിലെ മുഴുവന്‍ വയോജനങ്ങളെയും ചേര്‍ത്തുനിര്‍ത്തുമെന്ന് കുമ്മനം രാജശേഖരന്‍. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഇന്നലെ കോയിപ്രം പഞ്ചായത്തിലെ പൂവത്തൂര്‍, കടപ്ര എന്നിവിടങ്ങളില്‍ നടന്ന കുടുംബ സംഗമങ്ങളിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
കേരളത്തില്‍ രൂക്ഷമായ തൊഴിലില്ലായ്‌മയാല്‍ യുവാക്കള്‍ ജോലി തേടി വിദേശങ്ങളിലേക്ക് പോവുകയാണ്. അതിന്റെ തിക്തഫലം കൂടുതല്‍ അനുഭവിക്കുന്ന ജില്ലയാണ് പത്തനംതിട്ട. ഇവിടെ 70% വീടുകളിലും വയോജനങ്ങള്‍ ഒറ്റയ്‌ക്കാണ്. സ്ഥാനാര്‍ത്ഥി പര്യടനത്തിലും കുടുംബസംഗമങ്ങളിലും ഇത് നേരിട്ട് മനസിലാക്കാനായെന്നും കുമ്മനം പറഞ്ഞു.
യുവാക്കള്‍ നാടുവിട്ടതിനാല്‍ ഒഴിഞ്ഞുകിടക്കുന്ന ‘ഭാര്‍ഗവീനിലയ’ങ്ങള്‍ ഏറെയുള്ളതും പത്തനംതിട്ടയിലാണ്. കുട്ടികളെപ്പോലെ തന്നെ ശ്രദ്ധ വേണ്ടവരാണ് വയോജനങ്ങള്‍. 90% ആളുകളേയും മധ്യവയസ് പിന്നിടുമ്പോള്‍ ജീവിതശൈലീ രോഗങ്ങള്‍ ബാധിക്കുന്നു. ചികിത്സയ്‌ക്ക് വന്‍ തുകയാണ് ചെലവാക്കേണ്ടത്. മണ്ഡലത്തിലെ പൊതുജനാരോഗ്യരംഗം കുത്തഴിഞ്ഞ നിലയിലായതിനാല്‍ സാധാരണക്കാര്‍ക്ക് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടിവരുന്നത് വലിയ ബാധ്യത ഉണ്ടാക്കുന്നു. ഇതിനുള്ള പരിഹാരമാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഭാരതത്തില്‍ ഉടനീളം നടപ്പിലാക്കുന്ന പ്രധാനമന്ത്രി ആയുഷ്മാന്‍ വയോ വന്ദന യോജന പദ്ധതി.
പ്രധാനമന്ത്രി നരേന്ദ്ര മോദി നടപ്പാക്കുന്ന ഈ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ 70 വയസ് കഴിഞ്ഞവര്‍ക്ക് വരുമാന പരിധി ഇല്ലാതെ അഞ്ച് ലക്ഷം രൂപയുടെ സൗജന്യ ചികിത്സ ലഭിക്കും ഉപഭോക്താക്കള്‍ യാതൊരു പ്രിമീയവും അടക്കേണ്ടതില്ല. ഇതര സംസ്ഥാനങ്ങളില്‍ ലക്ഷക്കണക്കിന് വയോജനങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുന്നുണ്ടെങ്കിലും കേരള സര്‍ക്കാര്‍ ഇപ്പോഴും പദ്ധതിയോട് മുഖംതിരിഞ്ഞ് നില്‍ക്കുകയാണെന്നു കുമ്മനം ചൂണ്ടിക്കാട്ടി. രോഗനിര്‍ണയം മുതല്‍ ശസ്ത്രക്രിയാ ചെലവുകള്‍ വരെ ഇന്‍ഷുറന്‍സ് പരിധിയില്‍ വരുമെന്നും കുമ്മനം പറഞ്ഞു.















