തിരുവനന്തപുരം: എസ്ഡിപിഐയുടെ വോട്ടിനു വേണ്ടി പതിവുപോലെ ഇടതും വലതും തമ്മില്‍ അടി തുടങ്ങി. വര്‍ഗീയ കക്ഷികളുടെ വോട്ട് വേണ്ടെന്ന് തെരഞ്ഞെടുപ്പിന് മുമ്പേ ഇരുമുന്നണികളും വ്യക്തമാക്കിയിരുന്നു. എന്നാല്‍ പ്രചരണത്തിന്റെ മൂന്നാം ഘട്ടത്തിലേക്ക് കടന്നപ്പോള്‍ എസ്ഡിപിഐ വോട്ട് വേണമെന്ന വിലയിരുത്തലിലാണ് ഇരു ക്യാമ്പുകളും.
എസ്ഡിപിഐ പിന്തുണ പ്രഖ്യാപിച്ചതില്‍ സന്തോഷമെന്ന് നേമം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി.ശിവന്‍കുട്ടി. എന്നാല്‍ ശിവന്‍ കുട്ടിക്ക് പിന്തുണ പ്രഖ്യാപിച്ചില്ലെന്ന് എസ്ഡിപിഐ നേതൃത്വം.
കോണ്‍ഗ്രസുകാര്‍ എസ്ഡിപിഐക്കാരെ ചാക്കിടാതിരിക്കാന്‍ ഒരു മുഴം മുമ്പേ ഇറക്കിയ സിപിഎമ്മിന്റെ അടവ് നയമെന്നും എസ്ഡിപിഐ നേതൃത്വം പറയുന്നു. എന്നാല്‍ വര്‍ഗീയ കക്ഷികളുടെ വോട്ട് വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കുമ്പോള്‍ വോട്ട് വേണ്ടെന്ന് പറയാതെ പറഞ്ഞുവയ്‌ക്കുന്നു സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബി. ഇതിനു പിന്നാലെയാണ് പിന്തുണ നല്‍കിയതില്‍ സന്തോഷമെന്ന് മന്ത്രി ശിവന്‍കുട്ടി പറഞ്ഞത്.
മുഖ്യമന്ത്രിക്ക് എസ്ഡിപിഐയുമായി ചങ്ങാത്തമെന്ന് രമേശ് ചെന്നിത്തല പറയുമ്പോള്‍ ജനാധിപത്യത്തില്‍ ആര്‍ക്കുവേണമെങ്കിലും ആര്‍ക്കും വോട്ട് ചെയ്യാമെന്ന് വി.ഡി. സതീശനും പറയുന്നു.














