തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം തൃശൂരിലെ റോഡ് ഷോയില്‍ അണിനിരന്നത് എന്‍ഡിഎയുടെ മൂന്ന് സ്ഥാനാര്‍ത്ഥികള്‍. പത്മജാ വേണുഗോപാല്‍ സി.സി. മുകുന്ദന്‍ കെ.കെ. അനീഷ് കുമാര്‍ എന്നിവരായിരുന്നു മോദിക്കൊപ്പം ഉണ്ടായിരുന്നത്. ഒരാള്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ എത്തിയ ലീഡറുടെ മകള്‍. മറ്റൊരാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോട് വിടപറഞ്ഞ് ബിജെപിയിലെത്തിയ സി.സി. മുകുന്ദന്‍. മൂന്നാമത്തെയാള്‍ ബാല്യം മുതലേ ബിജെപിയുടെ ആശയാദര്‍ശങ്ങള്‍ക്കൊപ്പം സഞ്ചരിച്ച് കരുത്തുറ്റ സംഘാടകനായി വളര്‍ന്ന അനീഷ് കുമാര്‍.
കേരളത്തിന്റെ രാഷ്‌ട്രീയ പരിവര്‍ത്തനം എങ്ങനെ എന്നതിന്റെ സൂചനയായിരുന്നു ഈ മൂന്നു സ്ഥാനാര്‍ത്ഥികളുടെ സംഗമം. മോദിയുടെ ഓഫീസില്‍നിന്ന് നേരിട്ടാണ് ഈ മൂന്ന് സ്ഥാനാര്‍ത്ഥികളെ വാഹനത്തില്‍ പ്രധാനമന്ത്രിക്കൊപ്പം സഞ്ചരിക്കാന്‍ തെരഞ്ഞെടുത്തത.് ഇവരെ കൂടാതെ കേന്ദ്രമന്ത്രി സുരേഷ് ഗോപിയും വാഹനത്തില്‍ ഉണ്ടായിരുന്നു.
പത്മജക്ക് സ്വപ്‌നസാഫല്യം
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന പത്മജാ വേണുഗോപാല്‍ പാര്‍ട്ടി വിട്ടപ്പോള്‍ ഉന്നയിച്ച പ്രധാന ആരോപണങ്ങളില്‍ ഒന്ന് പ്രിയങ്ക ഗാന്ധി വന്നപ്പോള്‍ വേദിയില്‍ ഒപ്പം ഇരിപ്പിടം കൊടുത്തില്ല എന്നതായിരുന്നു. അന്ന് പ്രിയങ്ക ഗാന്ധിയുടെ പരിപാടി നടത്താന്‍ ചെലവിലേക്കായി അഞ്ച് ലക്ഷം രൂപയാണ് പത്മജയുടെ പക്കല്‍ നിന്ന് ടി.എന്‍. പ്രതാപനും എം.പി. വിന്‍സെന്റും ചേര്‍ന്ന് വാങ്ങിയതെന്നും അവര്‍ ആരോപിച്ചു. എന്നിട്ടും തനിക്ക് വേദിയില്‍ ഒരു സീറ്റ് പോലും നല്‍കിയില്ല. ഇക്കുറി ബിജെപി സ്ഥാനാര്‍ത്ഥിയായ പത്മജക്ക് ലഭിച്ചത് സ്വപ്‌ന സമാനമായ അവസരം ആയിരുന്നു. ഭാരത രാഷ്‌ട്രീയത്തിലെ അതികായനായ നരേന്ദ്ര മോദിക്കൊപ്പം തൃശൂര്‍ സ്വരാജ് റൗണ്ടില്‍ ജനസഹസ്രങ്ങളുടെ നടുവിലൂടെയുള്ള യാത്ര ഒരു തരത്തില്‍ പത്മജയുടെ മധുര പ്രതികാരം കൂടിയായി.















