കൊളൊംബോ: പശ്ചിമേഷ്യയിലെ സംഘര്‍ഷം മൂലം ഊര്‍ജ പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയ്‌ക്ക് ഇന്ധനമെത്തിച്ച് ഇന്ത്യ. ഇന്ത്യയുടെ അടിയന്തര പിന്തുണയ്‌ക്ക് ശ്രീലങ്കന്‍ പ്രസിഡന്റ് അനുര കുമാര ദിസനായകെ നന്ദി അറിയിച്ചു.
ഇന്ത്യയില്‍ നിന്ന് 38,000 മെട്രിക് ടണ്‍ ഇന്ധനം കൊളംബോയില്‍ എത്തിയതായി ശ്രീലങ്കന്‍ പ്രസിഡന്റ് എക്‌സില്‍ കുറിച്ചു. ഇന്ത്യയുടെ വേഗത്തിലുള്ള പിന്തുണയ്‌ക്ക് നന്ദിയുണ്ട്. 38,000 മെട്രിക് ടണ്‍ ഇന്ധനം ശനിയാഴ്ച കൊളംബോയില്‍ എത്തി. ഏകോപന പ്രവര്‍ത്തനങ്ങള്‍ക്ക് വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറിനും നന്ദി അറിയിക്കുന്നതായി അനുര കുമാര ദിസനായകെ എക്‌സില്‍ കുറിച്ചു.
പശ്ചിമേഷ്യയില്‍നിന്നും സിംഗപ്പൂരില്‍ നിന്നുമാണ് ശ്രീലങ്ക ഇന്ധനം വാങ്ങിയിരുന്നത്. എന്നാല്‍ നിലവിലെ യുദ്ധം കാരണം വിതരണത്തില്‍ വലിയ തടസങ്ങള്‍ നേരിട്ടു. ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷവും ഹോര്‍മുസ് കടലിടുക്കിലെ ഉപരോധവും കാരണം ശ്രീലങ്കന്‍ ഐഒസിയുമായി കരാറുള്ള വിതരണക്കാര്‍ക്ക് ഇന്ധനം എത്തിക്കാന്‍ കഴിയില്ലെന്ന് അവര്‍ അറിയിച്ചു. ഈ സാഹചര്യത്തിലാണ് ഐഒസിഎല്ലില്‍ നിന്ന് ഇന്ത്യ സഹായമെത്തിച്ചത്.
















