ചെങ്ങന്നൂര്‍: ബിജെപിക്ക് ശക്തമായ അടിത്തറയുള്ള ചെങ്ങന്നൂര്‍ മണ്ഡലം കേരളത്തിന്റെ മാറ്റത്തിനായി ഇക്കുറി വിധിയെഴുതും. വികസിത ചെങ്ങന്നൂര്‍ എന്ന ലക്ഷ്യത്തിലാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ബിജെപി സംസ്ഥാന സെക്രട്ടറിയും നാട്ടുകാര്‍ക്ക് സ്വീകാര്യനുമായ എം.വി. ഗോപകുമാര്‍ പോരാട്ടത്തിനിറങ്ങുന്നത്.
ദക്ഷിണ കൈലാസമെന്ന് പുകള്‍പെറ്റ ചെങ്ങന്നൂരില്‍ ഇത്തവണ താമര വിരിയുമെന്ന ഉറച്ച വിശ്വാസത്തിനു പിന്നിലുള്ളത് തദ്ദേശ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്‌ക്ക് ലഭിച്ച ഉജ്വല വിജയമാണ്. മണ്ഡലത്തിലെ പകുതി തദ്ദേശ ഭരണസ്ഥാപനങ്ങളും എന്‍ഡിഎ ഭരണത്തിലാണ്. ലോക്സഭാ തെരഞ്ഞെടുപ്പിലും എന്‍ഡിഎയ്‌ക്ക് മണ്ഡലത്തിലുണ്ടായത് വന്‍മുന്നേറ്റമായിരുന്നു. ബിജെപിയുടെ എ ക്ലാസ് മണ്ഡലമായ ചെങ്ങന്നൂരിലെ പാണ്ടനാട്, ചെന്നിത്തല, ആല, തിരുവന്‍വണ്ടൂര്‍, ബുധനൂര്‍ പഞ്ചായത്തുകള്‍ ബിജെപി ഭരണത്തിലാണ്. തദ്ദേശതെരഞ്ഞെടുപ്പില്‍ 42,000 ത്തിലധികം വോട്ടുകള്‍ നേടിയാണ് ബിജെപി ശക്തി തെളിയിച്ചത്. മണ്ഡലത്തിനു പ്രിയങ്കരനായ ഗോപകുമാര്‍ സ്ഥാനാര്‍ത്ഥിയായി എത്തുമ്പോള്‍ വിജയം എന്‍ഡിഎയ്‌ക്കെന്ന് ഉറപ്പ്.
മണ്ഡലത്തിലെ വോട്ട് കണക്ക് ഇടതിനെയും വലതിനെയും ഒരുപോലെ അങ്കലാപ്പിലാക്കുന്നു. അഞ്ച് പഞ്ചായത്തുകളില്‍ അധികാരത്തിലും മറ്റ് പഞ്ചായത്തുകളില്‍ സീറ്റ് വര്‍ധിപ്പിച്ച് ശക്തമായ സാന്നിധ്യവും ആകാന്‍ കഴിഞ്ഞത് ഇരുമുന്നണികളെയും അസ്വസ്ഥമാക്കുന്നുണ്ട്. കഴിഞ്ഞതവണ 10 പഞ്ചായത്തുകളിലും ഭരണത്തിലിരുന്ന സിപിഎമ്മിന് മൂന്ന് ഗ്രാമ പഞ്ചായത്തുകളിലും ഒരു ബ്ലോക്ക് പഞ്ചായത്തിലും മാത്രമേ ഭരണം നേടാന്‍ കഴിഞ്ഞുള്ളൂ. മുളക്കുഴ, വെണ്മണി, മാന്നാര്‍ ഗ്രാമ പഞ്ചായത്തുകളില്‍ മാത്രമാണ് സിപിഎം അധികാരത്തില്‍ തിരികെ എത്തിയത്. ചെറിയനാട്, ബുധനൂര്‍, പുലിയൂര്‍, ആല പഞ്ചായത്തുകളില്‍ അധികാരം നഷ്ടപ്പെട്ടു. കഴിഞ്ഞതവണ എന്‍ഡിഎ അധികാരത്തില്‍ എത്തിയ തിരുവന്‍വണ്ടൂര്‍, പാണ്ടനാട്, ചെന്നിത്തല പഞ്ചായത്തുകളില്‍ ഇന്‍ഡി മുന്നണി പിന്നീട് അധികാരത്തില്‍ എത്തിയിരുന്നു. ഇതുകൂടി കൂട്ടിയാല്‍ പത്തുപഞ്ചായത്തിലും അധികാരം പങ്കിട്ട സിപിഎം ഇക്കുറി മൂന്നു പഞ്ചായത്തില്‍ ഒതുങ്ങി. വോട്ട് ശതമാനത്തിലും വലിയ കുറവാണ് എല്‍ഡിഎഫ് നേരിട്ടിരിക്കുന്നത്.
2020ല്‍ എല്‍ഡിഎഫിന് 67 പഞ്ചായത്തംഗങ്ങളും 3 നഗരസഭ കൗണ്‍സിലര്‍മാരും ഉള്‍പ്പെടെ 70 അംഗങ്ങളായിരുന്നു. എന്നാല്‍ ഇത്തവണ 54 പഞ്ചായത്തംഗങ്ങളും 5 കൗണ്‍സിലര്‍മാരും ഉള്‍പ്പെടെ 59 പേര്‍ മാത്രം. ഇടതിനും വലതിനും മാറിമാറി അവസരം നല്‍കിയ ചെങ്ങന്നൂര്‍ കാല്‍ നൂറ്റാണ്ട് തുടര്‍ച്ചയായി യുഡിഎഫ് കൈയടക്കിവെച്ചിരുന്നതാണ്. 2016ലാണ് എല്‍ഡിഎഫിലേക്ക് മണ്ഡലം എത്തിയത്. തുടര്‍ന്ന് രണ്ട് തെരഞ്ഞെടുപ്പുകളിലും വിജയം ആവര്‍ത്തിച്ചു. ബിജെപിക്ക് മികച്ച വോട്ട് വിഹിതമുള്ള കേരളത്തിലെ മുന്‍നിര മണ്ഡലമായി ചെങ്ങന്നൂര്‍ മാറിയത് 2016ല്‍ അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ള സ്ഥാനാര്‍ത്ഥി ആയപ്പോഴാണ്. പിന്നീട് എല്ലാ തെരഞ്ഞെടുപ്പിലും അതിശക്തമായ ത്രികോണ പോരാണ് നടന്നത്.
1991 മുതല്‍ 2001 വരെ മൂന്ന് തവണ കോണ്‍ഗ്രസിന്റെ ശോഭനാ ജോര്‍ജ് ആയിരുന്നു എംഎല്‍എ. തുടര്‍ന്ന് പി.സി. വിഷ്ണുനാഥിലൂടെ 2006ലും 2011ലും മണ്ഡലം നിലനിര്‍ത്താനായെങ്കിലും പിന്നീട് തിരിച്ചടി നേരിട്ടു. 2016ല്‍ 42,682 വോട്ടുകള്‍ നേടി എന്‍ഡിഎ വിജയത്തിനടുത്തെത്തി നിര്‍ണായക ശക്തിയായി മാറി. അന്ന് എല്‍ഡിഎഫിന്റെ അഡ്വ. കെ.കെ. രാമചന്ദ്രന്‍ നായരാണ് വിജയിച്ചത്. അദ്ദേഹത്തിന്റെ നിര്യാണത്തെത്തുടര്‍ന്ന് 2018ലാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. എന്‍ഡിഎയുടെ വിജയം ഉറപ്പിച്ച മണ്ഡലത്തില്‍ സിപിഎം – കോണ്‍ഗ്രസ് അവിശുദ്ധ കൂട്ടുകെട്ടിലൂടെ എന്‍ഡിഎയുടെ ജയം തടയുകയായിരുന്നു. സിപിഎമ്മിന് വോട്ട് മറിച്ചും ദുര്‍ബല സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയുമായിരുന്നു കോണ്‍ഗ്രസിന്റെ പ്രകടനം. എന്നാല്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള 35,270 വോട്ട് നേടി വന്‍ മുന്നേറ്റമാണ് നടത്തിയത്. 2018ലും 2021ല്‍ രണ്ടാമൂഴത്തിലും സജി ചെറിയാന്‍ വിജയിച്ചു. 2021ല്‍ എം.വി. ഗോപകുമാറിനെയാണ് എന്‍ഡിഎ കളത്തിലിറക്കിയത്. 23.6 ശതമാനം വോട്ടുകള്‍ നേടി മികച്ച മത്സരമാണ് കാഴ്ചവച്ചത്.
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും മണ്ഡലത്തിലെ മന്ത്രിയുമായ സജി ചെറിയാനെതിരെ വ്യക്തിപരമായും പാര്‍ട്ടിക്കുള്ളിലും എതിര്‍പ്പ് ശക്തമാണ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇത് പ്രകടമായിരുന്നു. പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ മുളക്കുഴയിലും വെണ്മണിയിലുമാണ് എതിര്‍പ്പ് ശക്തമായുള്ളത്. സ്വന്തക്കാരെമാത്രം മുന്‍നിരയിലേക്ക് എത്തിച്ച് മറ്റുള്ളവരെ വെട്ടിനിരത്തുന്നുവെന്നതാണ് സജി ചെറിയാനെതിരെ പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ ഉയരുന്ന വിമര്‍ശനം. ജി. സുധാകരന്റെ തുറന്നുപറച്ചിലും ഇത് വ്യക്തമാക്കുന്നു. ശബരിമല സ്വര്‍ണക്കൊള്ള, മന്ത്രിയെന്ന നിലയില്‍ സജി ചെറിയാന്റെ വിവാദപരമായ പ്രസ്താവനകള്‍, സാമുദായിക പ്രീണന നയങ്ങള്‍, പാര്‍ട്ടിക്കുള്ളില്‍ നിലനില്‍ക്കുന്ന അസംതൃപ്തി ഉള്‍പ്പടെ സര്‍ക്കാരിന്റെ ഭരണവിരുദ്ധ വികാരവും പ്രാദേശികമായ വിഷയങ്ങളും ഈ തെരഞ്ഞെടുപ്പില്‍ ചെങ്ങന്നൂരില്‍ രാഷ്‌ട്രീയ അട്ടിമറി സൃഷ്ടിക്കും.
വികസന പ്രവര്‍ത്തനങ്ങളില്‍ മുന്നിലെത്തിയ സംസ്ഥാനത്തെ രണ്ടാമത്തെ മണ്ഡലം എന്നാണ് ഇടതു സൈബര്‍ ഹാന്‍ഡിലുകളുടെ അവകാശവാദം. എന്നാല്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് നടത്തിയ ഉദ്ഘാടനങ്ങളില്‍ പലതും പ്രവൃത്തികള്‍ പൂര്‍ത്തിയാകാതെ നടത്തിയവയാണെന്ന ആക്ഷേപം ഇക്കുറി മന്ത്രിക്കെതിരെ തിരിച്ചടിക്കും. മണ്ഡലത്തിലെ സമ്പൂര്‍ണ കുടിവെള്ള പദ്ധതികളില്‍ ഒന്നുപോലും ഇതുവരെ പ്രവര്‍ത്തന സജ്ജമായിട്ടില്ല. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കൂട്ടായ സംരംഭമായ ജല്‍ ജീവന്‍ പദ്ധതി പോലും ഒരു പഞ്ചായത്തിലും 100 ശതമാനം ലക്ഷ്യം കൈവരിച്ചിട്ടില്ല. ചെങ്ങന്നൂരിലെ കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലിനായി കെട്ടിടം പൊളിച്ചു നീക്കി ഒരു വര്‍ഷം പിന്നിട്ട ശേഷമാണ് കഴിഞ്ഞ മാസം കല്ലിട്ടത്.
ബിജെപിയെ അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ സിപിഎമ്മിന് അനുകൂലമായി കോണ്‍ഗ്രസിനുള്ളില്‍ നിന്നുതന്നെ ചില നീക്കങ്ങളുണ്ട്. തദ്ദേശത്തില്‍ രണ്ടു പഞ്ചായത്തിലും നഗരസഭയിലുമാണ് യുഡിഎഫ് അധികാരത്തില്‍ എത്തിയത്.
കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പിലും ദുര്‍ബല സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയായിരുന്നു കോണ്‍ഗ്രസിന്റെ പ്രകടനം. ഇക്കുറി സ്ഥാനാര്‍ത്ഥി നിര്‍ണയം തന്നെ പ്രതിസന്ധിയിലായിരുന്നു. യുഡിഎഫിനായി കെപിസിസി ജനറല്‍ സെക്രട്ടറി എബി കുര്യാക്കോസാണ് ഇത്തവണ അങ്കത്തട്ടില്‍.
നായര്‍, ക്രിസ്ത്യന്‍, ഈഴവ വിഭാഗങ്ങള്‍ക്ക് മുന്‍തൂക്കമുള്ള മണ്ഡലത്തില്‍ 32 ശതമാനം നായര്‍ വോട്ടുള്ളപ്പോള്‍ ക്രിസ്ത്യന്‍ വിഭാഗത്തിന് 30 ശതമാനവും ഈഴവ വിഭാഗത്തിന് 24 ശതമാനം വോട്ടുമുണ്ട്. ക്രൈസ്തവരില്‍ ഓര്‍ത്തഡോക്സ് വിഭാഗമാണ് കൂടുതല്‍. അതു കഴിഞ്ഞാല്‍ മാര്‍ത്തോമ വിഭാഗമാണ്. വിശ്വകര്‍മ, പെന്തക്കോസ്ത് വിഭാഗങ്ങള്‍ക്കും മണ്ഡലത്തില്‍ സ്വാധീനമുണ്ട്. മണ്ഡലത്തില്‍ ആകെ 1,89,490 വോട്ടര്‍മാരാണുള്ളത്. വര്‍ധിച്ച വിദേശ കുടിയേറ്റവും വോട്ടര്‍മാര്‍ സ്ഥലത്തില്ലാത്തതും തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന ഘടകമാണ്. മണ്ഡലത്തില്‍ 8,000 വീടുകളാണ് ആള്‍ത്താമസമില്ലാതെ കിടക്കുന്നത്.
















