എറണാകുളം തൈക്കൂടത്തുള്ള ലക്ഷാര്‍ച്ചന എന്ന വീട് അടഞ്ഞുകിടക്കുകയാണ്. ഒരു വര്‍ഷം മുമ്പ് കൃത്യമായി പറഞ്ഞാല്‍ 2025 മാര്‍ച്ച് പതിനേഴും തുടര്‍ന്നുള്ള ദിവസങ്ങളും ഇവിടെ ജനസാന്ദ്രമായിരുന്നു. ഗദ്ഗദങ്ങളാലും ഓര്‍മ്മകളാലും മുഖരിതമായിരുന്നു. മലയാളികളുടെ, ഗാനപ്രിയരായവരുടെയൊക്കെ പ്രിയപ്പെട്ട ഗാനരചയിതാവിനെ അവസാനമായി ഒരു നോക്ക് കാണാന്‍ എത്തിയവര്‍, ആ ദുഃഖത്തില്‍ പങ്കുചേരാന്‍ എത്തിയവര്‍. അവര്‍ക്ക് തീരാത്തത്ര പറയാനും ഓര്‍ക്കാനും ഉണ്ടായിരുന്നു.
പ്രിയ കവി, ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണന്റെ ചരമവാര്‍ഷികദിനം ആയിരുന്നു 2016 മാര്‍ച്ച് പതിനേഴ് ! അദ്ദേഹത്തിന്റെ ലക്ഷാര്‍ച്ചന കണ്ടു മടങ്ങുമ്പോള്‍… എന്ന ഗാനത്തില്‍ നിന്ന് എടുത്ത ‘ലക്ഷാര്‍ച്ചന’ എന്ന പേര് വീടിനു നല്‍കി. ലക്ഷാര്‍ച്ചനയിപ്പോള്‍ ഓര്‍മ്മകളുടെ തോരണങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നു.
മങ്കൊമ്പുകാരനാകുന്നു
വയലാറും പി.ഭാസ്‌ക്കരനും ശ്രീകുമാരന്‍ തമ്പിയും യുസഫലി കേച്ചേരിയും ഒക്കെ സിനിമാഗാന ഭൂമികയിലെ മുടിചൂടാ മന്നന്മാരായിരുന്ന കാലത്താണ് തന്റെതായ ഇരിപ്പടം തേടി മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ എത്തിയത്.
സിനിമാഗാനരംഗം അന്ന് സാഹിത്യ സൗഭഗമായിരുന്നു. അദ്ദേഹത്തിനും സിനിമാ ഗാനരംഗത്ത് സുപ്രധാനമായ ഒരു ഇരിപ്പിടം ഉണ്ടായി. നെടുമുടി പഞ്ചായത്തില്‍ ചമ്പക്കുളം അറക്കല്‍ വീട്ടിലെ ഗോവിന്ദന്‍ നായരുടെയും ദേവകി അമ്മയുടെയും മകനായി 1947 ല്‍ ജനിച്ചു ഗോപാലകൃഷ്ണന്‍. അച്ഛന്‍ പൊതു പ്രവര്‍ത്തകന്‍, ഗ്രന്ഥശാലാ പ്രവര്‍ത്തകന്‍.
ഗോപാലകൃഷ്ണന്‍ മങ്കൊമ്പുകാരനായത് അമ്മയുടെ മരണത്തോടെ ആണെന്ന് പറയാം. അമ്മ മരിച്ചതോടെ ഏകാന്തതയിലായ ഗോപാലകൃഷ്ണന് കൂട്ട് പുസ്തകങ്ങള്‍ മാത്രമായിരുന്നു. പിന്നീട്, അദ്ദേഹം അമ്മ വീട്ടിലേക്കാണ് പോയത്. അവിടെ മുത്തശ്ശിയുമൊത്ത് താമസം, വിദ്യാഭ്യാസം. മങ്കൊമ്പിലേക്കുള്ള ജീവിതം പറിച്ചുനടല്‍ ആ ബാലനെ മങ്കൊമ്പ് ഗോപാലകൃഷ്ണനാക്കി. ഗോപാലകൃഷ്ണന്‍ മങ്കൊമ്പ് ഗോപാലകൃഷ്ണനായി മാറിയതിന് പിന്നില്‍ ഒരു നാടിന്റെ പേര് മാത്രമല്ല ഒട്ടേറെ ഒറ്റയടിപ്പാതകളിലെ നടപ്പ് ശീലങ്ങള്‍ കൂടിയുണ്ട്. എം.എ. ബിരുദധാരിയായ മങ്കൊമ്പിന് കവിത ജന്മ വാസനയായിരുന്നു. അതുകൊണ്ടാണല്ലോ നാലാം ക്ലാസില്‍ കവിതയ്‌ക്ക് ഒന്നാം സമ്മാനം ലഭിച്ചതും! പക്ഷേ, അച്ഛനോട് അത് പറഞ്ഞപ്പോള്‍ ഏതെങ്കിലും പുസ്തകങ്ങളില്‍ നിന്ന് പകര്‍ത്തിയെടുത്ത് നേടിയതായിരിക്കും എന്നാണ് അദ്ദേഹം കരുതിയത്. അത്ര വിശ്വാസമായില്ല എന്നര്‍ത്ഥം.
എന്നാല്‍ പത്രത്തില്‍ ചിത്രം വന്നതോടെ അദ്ദേഹം വിശ്വസിച്ചു. പതിനഞ്ചാമത്തെ വയസ്സില്‍ പരപ്രേരണ കൂടാതെ ഒരു ഗ്രന്ഥനിരൂപണം എഴുതി ഗ്രന്ഥാലോകത്തിന് അയച്ച് പ്രസിദ്ധീകരിച്ചു. അതിന്റെ പ്രതിഫലം സ്‌കൂള്‍ വിലാസത്തില്‍ എത്തുകയും ചെയ്തപ്പോള്‍ സ്‌കൂളും എഴുത്തുകാരനായി മങ്കൊമ്പിനെ മനസ്സിലാക്കുകയായിരുന്നു.
തകഴിയില്‍ നിന്നിറങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ പതിനാലാം വയസ്സു മുതല്‍ കവിതകള്‍ പ്രസിദ്ധീകരിച്ചിരുന്നു. പിന്നീട് മാതൃഭൂമിയുടെ ബാലപംക്തിയിലായി എഴുത്ത് ജീവിതം.
ശേഷം തിടംവച്ച ആ എഴുത്തു യാത്ര എത്രയെത്ര അനശ്വര ഗാനങ്ങള്‍ക്ക് ജന്മം നല്‍കി !
ആ വഴിത്താരയില്‍ വിരിഞ്ഞ കാവ്യസൗഗന്ധിക പൂക്കള്‍ ഇന്നും സുഗന്ധം വഹിച്ചുകൊണ്ട് നില്‍ക്കുന്നു.
ചലച്ചിത്രഗാനരംഗത്ത്
ഇരുന്നൂറ് ചിത്രങ്ങളിലായി എഴുന്നൂറിലധികം ചലച്ചിത്ര ഗാനങ്ങള്‍ മലയാളിക്ക് നല്‍കിയ ഗാനരചയിതാവ്! മലയാള സിനിമാ ഗാനങ്ങള്‍ പുഷ്‌ക്കലമാകുന്ന എഴുപത്-എണ്‍പത് കാലഘട്ടത്തില്‍ മങ്കൊമ്പില്‍ നിന്നും അര്‍ത്ഥ ഗര്‍ഭമായ, സാഹിത്യ ഭംഗിയുള്ള ഗാനങ്ങള്‍ പിറന്നു കൊണ്ടേയിരുന്നു! പ്രണയഗാനങ്ങള്‍, വിരഹ ഗാനങ്ങള്‍, ഹാസ്യഗാനങ്ങള്‍, വിഷാദ മധുരഗാനങ്ങള്‍, ഭക്തിഗാനങ്ങള്‍ എന്നിങ്ങനെ വിവിധ ശാഖകളില്‍ ആ ഗാനങ്ങള്‍ പുഷ്പിച്ചു നിന്നു.
അഞ്ച് പതിറ്റാണ്ട് മലയാള ഗാന ഭാവുകത്വ വളര്‍ച്ചയോടൊപ്പം സഞ്ചരിച്ച മങ്കൊമ്പ് ഗാനങ്ങള്‍ മാത്രമല്ല ഒട്ടേറെ കവിതകളും സമ്മാനിച്ചു. പദ്യത്തിലും ഗാനത്തിലും മാത്രമായിരുന്നില്ല ഗദ്യത്തിലും തിരക്കഥകളിലും സിനിമാ നിര്‍മ്മാണത്തിലും പത്രപ്രവര്‍ത്തനരംഗത്തും 78 വയസ്സുവരെ കര്‍മ്മനിരതനായി.
സിനിമാരംഗം കയ്യെത്താത്ത ദൂരത്തായിരുന്ന കാലത്ത് ഒരു കുട്ടനാട്ടുകാരന്‍ സാഹിത്യ സിനിമ രംഗത്ത് ഒരിടം നേടിയെങ്കില്‍ അതിനു പിന്നില്‍ കഠിന ശ്രമങ്ങളും പ്രതിഭയും ഒത്തുചേരുന്ന ഒരു രസതന്ത്രമുണ്ട്. കായംകുളം പീപ്പിള്‍സ് തീയറ്റേഴ്‌സിന്റെ ബ്രഹ്‌മാസ്ത്രം നാടകത്തില്‍ ഗാനങ്ങള്‍ എഴുതിക്കൊണ്ടായിരുന്നു ഗാനരംഗത്തേക്കുള്ള കടന്നുവരവ്. പിന്നീട് പല നാടകങ്ങള്‍ക്കും ഗാനരചന നടത്തി.
ഉദ്യോഗസ്ഥനാവുന്നു
ഇതിനിടെ എം.എ പാസായ ഗോപാലകൃഷ്ണന് ഒരു ജോലി തരപ്പെടുത്തി കൊടുത്താല്‍ കൊള്ളാമെന്ന് പിതാവ് സുഹൃത്തായ പി.എന്‍ പണിക്കരോട് പറഞ്ഞു. അദ്ദേഹം ഗ്രന്ഥാ ലോകത്തില്‍ ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് കം എഡിറ്റര്‍ എന്ന ജോലി തരപ്പെടുത്തി കൊടുത്തു. ഇത് മറ്റ് സാഹിത്യകാരന്മാരുമായുള്ള പരിചയത്തിനും സാഹിത്യ ലോകത്തെ വിപുലപ്പെടുത്താനും ഉപകരിച്ചു. വയലാറിനെ ബഹുമാനമായിരുന്ന, ഇഷ്ടമായിരുന്ന മങ്കൊമ്പിന് അദ്ദേഹത്തെ നേരില്‍ കാണുക ഒരു മോഹമായിരുന്നു. ഒരിക്കല്‍ വയലാറിനെ കാണാന്‍ ചെന്നപ്പോള്‍ അദ്ദേഹം പൊതുപരിപാടിയുടെ തിരക്കിലും ആയിരുന്നു. എന്നാല്‍ പോക്കറ്റില്‍ സൂക്ഷിച്ചുവച്ചിരുന്ന താന്‍ എഴുതിയ കവിത അദ്ദേഹത്തിനു കൊടുത്തു തിരിച്ചുപോരുകയാണ് മങ്കൊമ്പ് ചെയ്തത്. കവിത വായിച്ച വയലാര്‍ മങ്കൊമ്പിനെ അഭിനന്ദിച്ചുകൊണ്ട് പിന്നീട് കത്തെഴുതി.
പത്രപ്രവര്‍ത്തനത്തില്‍
അന്വേഷണം എന്ന പ്രസിദ്ധീകരണം മദിരാശിയില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്നു. അതിന്റെ പത്രാധിപര്‍ വയലാര്‍ ആയിരുന്നു. സഹപത്രാധിപരായി പോകാമോ എന്ന് കവി അയ്യപ്പ പണിക്കര്‍ ചോദിച്ചതോടെ അച്ഛനെ പോലും അറിയിക്കാതെ ഗോപാലകൃഷ്ണന്‍ മദിരാശിയിലേക്ക് വണ്ടി കയറി. അങ്ങനെ അന്വേഷണത്തിന്റെ സഹപത്രാധിപരായി.
അന്ന് ചിത്രകാരനായിരുന്ന, പിന്നീട് സംവിധായകനായി മാറിയ ഐ.വി ശശിയായിരുന്നു പലപ്പോഴും അന്വേഷണത്തിലെ ചിത്രങ്ങള്‍ വരച്ചിരുന്നതും, പേജ് ലേഔട്ട് ചെയ്തിരുന്നതും. മങ്കൊമ്പും ശശിയും സഹമുറിയന്മാരുമായിരുന്നു.
മദിരാശിയില്‍ ഒരു ദിവസം അദ്ദേഹം സി. ജി. ഗോപിനാഥിനെ കണ്ടുമുട്ടി. കെപിഎസിയിലെ പ്രവര്‍ത്തകനായിരുന്നു ഗോപിനാഥ്. നാടകഗാനങ്ങള്‍ എഴുതിയിരുന്ന മങ്കൊമ്പിനെ ഏറെ പരിചയമുണ്ടായിരുന്നു സി.ജി.യ്‌ക്ക്.
മങ്കൊമ്പ് ആഗ്രഹം പറഞ്ഞു, തനിക്ക് ഒരു സിനിമാ ഗാനം എഴുതിയാല്‍ കൊള്ളാം. ശ്രമിക്കാമെന്ന് ഗോപിനാഥ് ഏറ്റു. ഏറെ ശ്രമപ്പെ ട്ടാണെങ്കിലും തരപ്പെടുത്താമെന്നും അദ്ദേഹത്തിനോട് വാക്ക് പറഞ്ഞു. സിനിമയില്‍ വയലാറിനും പി. ഭാസ്‌കരനും ശ്രീകുമാരന്‍ തമ്പിക്കും മാത്രം ഇടങ്ങള്‍ ഉണ്ടായിരുന്ന കാലം! ഗോപിനാഥ് ഒടുവില്‍ ഒരു സിനിമയില്‍ ഗാനം എഴുതാനുള്ള അവസരം സംഘടിപ്പിച്ചു കൊടുത്തു.
പിന്നീട് രണ്ടാമത്തെ സിനിമയില്‍ ഗാനം എഴുതാനുള്ള അവസരം ഉണ്ടാക്കി കൊടുത്തത് ഉദയഭാനുവിന്റെ സഹോദരനാണ്. അദ്ദേഹത്തിന്റെ സുഹൃത്തായ മാത്യൂസിന്റെ സിനിമയില്‍. എന്തായാലും മദിരാശിയിലെ ജീവിതം സിനിമാ ലോകത്തിലേക്കുള്ള വാതായനമായി.
‘വിമോചന സമര’ത്തില്‍
സി.ജി. ഗോപിനാഥ് തിരക്കഥ എഴുതി മോഹന്‍ ഗാന്ധി സംവിധാനം ചെയ്ത വിമോചന സമരത്തിലൂടെ ആദ്യമായി മലയാളികള്‍, അഭ്രവല്‍ക്കരിച്ച മങ്കൊ മ്പിന്റെഗാനം ആസ്വദിച്ചു!
ആ സിനിമയില്‍ പി. ഭാസ്‌കരനും ഗാനങ്ങള്‍ എഴുതിയിരുന്നു. എം. ബി.ശ്രീനിവാസന്‍ സംഗീതം ചെയ്ത പ്രപഞ്ച ഹൃദയ വിപഞ്ചികയിലുണരും എന്ന ഗാനമായിരുന്നു അത്. പിന്നീട് അയലത്തെ സുന്ദരിയില്‍ അദ്ദേഹം എഴുതിയ ലക്ഷാര്‍ച്ചന കണ്ടു മടങ്ങുമ്പോള്‍ ഒരു ലജ്ജയില്‍ മുങ്ങിയ മുഖം കണ്ടു… എന്ന ഗാനം സൂപ്പര്‍ ഹിറ്റായി മാറി. പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നില്ല!
തുടര്‍ന്ന് എത്രയെത്ര സൂപ്പര്‍ ഹിറ്റ് ഗാനങ്ങള്‍! കാളിദാസന്റെ കാവ്യഭാവനയെ കാല്‍ ചിലമ്പണിയിച്ച സൗന്ദര്യമേ… തുടങ്ങി നാടന്‍ പാട്ടിന്റെ മടിശ്ശീല കിലുങ്ങുമി നാട്ടിന്‍പുറമൊരു യുവതി…, ഇളം മഞ്ഞിന്‍ കുളിരുമായൊരു കുയില്‍…, ജീവ പ്രപഞ്ചത്തില്‍ ആധാര മൂര്‍ത്തിയാം…, തൃപ്രയാറപ്പ ശ്രീരാമ ഭവല്‍ തൃപ്പാദപദ്മത്തിലെന്‍ പ്രണാമം…, പാലാഴി മങ്കയെ പരിണയിച്ചു…, ആശ്രിതവത്സലനേ കൃഷ്ണാ…, ആഷാഢ മാസം ആത്മാവില്‍ മോഹം…, പാലരുവി നടുവില്‍…, നവനീത ചന്ദ്രികേ മിഴി താഴ്‌ത്തൂ…, സ്വര്‍ണ്ണ ചെമ്പകം പൂത്തിറങ്ങിയ ഗന്ധ മാദന താഴ്‌വരയില്‍…, പത്മതീര്‍ത്ഥ കരയില്‍…, മനസ്സേ നീയും മറക്കൂ…, സ്വയംവര ശുഭദിന മംഗളങ്ങള്‍…, നീല മേഘക്കുട നിവര്‍ത്തി… എന്നിങ്ങനെ എത്രയെത്ര ഗാനങ്ങള്‍.
രവീന്ദ്ര ജയിന്‍ സംഗീതം ചെയ്ത ആശ ബോസ്ലെ പാടിയ മലയാളത്തിലെ ഒരേ ഒരു ഗാനമാണ് സ്വയം വര ശുഭദിനമംഗളങ്ങള്‍… മങ്കൊമ്പിന്റെ ഈ ഗാനം മലയാളികള്‍ നെഞ്ചോട് ചേര്‍ത്തുവച്ചു.
അടിയന്തരാവസ്ഥയില്‍
ഗാനരചനാ കാലത്ത് ഉണ്ടായ ഒരു പരീക്ഷണഘട്ടമായിരുന്നു അടിയന്തരാവസ്ഥ കാലഘട്ടം. എസ്.എല്‍.പുരം സദാനന്ദന്‍ കഥയും തിരക്കഥയും എഴുതി നിര്‍മ്മിച്ച ഹരിഹരന്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു തെമ്മാടി വേലപ്പന്‍. അതില്‍, പണക്കാരനായ മുതലാളിയുടെ മകളെ കളിയാക്കുന്ന യുവാവിന്റെ ഒരു ഗാനം എഴുതാന്‍ മങ്കൊമ്പിനെ സംവിധായകന്‍ ഏല്‍പ്പിച്ചു. അഭിനയിച്ചിരുന്നത് ജയഭാരതിയും നസീറും.
മങ്കൊമ്പ് എഴുതി, തൃശങ്കു സ്വര്‍ഗ്ഗത്തെ തമ്പുരാട്ടി / ത്രിശൂലമില്ലാത്ത ഭദ്രകാളി… ഗാനം ഏറെ പ്രിയതരം. സിനിമ ആ ഗാനത്തോടെ പുറത്തിറങ്ങി. അടിയന്തരാവസ്ഥ കാലത്ത് ഇന്ദിരാ ഗാന്ധിയെ കളിയാക്കി കൊണ്ടുള്ള ഗാനം എന്ന നിലയിലാണ് പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ അത് ഏറ്റെടുത്തതും പാടി നടന്നതും.
കാലം അത്ര നല്ലതല്ല. ഏത് നിമിഷവും പോലീസ് എത്താം. പിടിക്കപ്പെട്ടാല്‍ എന്ന് തുറുങ്കലില്‍ നിന്ന് പുറത്തിറങ്ങാന്‍ ആകുമെന്ന് പറയാനാവില്ല. ചിത്രം പുറത്തിറങ്ങി, പാട്ടും ഹിറ്റായി. ഇനി എന്താണ് മാര്‍ഗം അങ്ങനെ ആലോചിച്ചിരിക്കുമ്പോഴാണ് 1977ലെ ഹരിഹരന്‍ ചിത്രമായ സംഗമത്തില്‍ ഗാനരചനയ്‌ക്ക് അവസരം എത്തിയത്. അതില്‍ ഇന്ദിരാഗാന്ധിയുടെ ഇരുപതിന പരിപാടിയെ പുകഴ്‌ത്തുകയാണെന്ന് തോന്നിപ്പിക്കുന്ന വിധത്തില്‍ ഇതളിട്ടു വിടര്‍ന്നു നിന്‍ തിരുമുറ്റത്ത് /
ഇരുപത് ദളമുള്ള പുഷ്പം… എന്ന ഗാനം രചിച്ചു. അതിന്റെ ചരണത്തില്‍ അമൃത നിഷ്യന്തിയാമതില്‍ പരാഗങ്ങള്‍ അണഞ്ഞിടും എന്നും ചേര്‍ത്തു. മന്ത്രിയായിരുന്ന പി.വി ഗംഗാധരനെ കൊണ്ട് ഇതിന്റെ ഇംഗ്ലീഷ്പരിഭാഷ ഇന്ദിരാഗാന്ധിക്ക് അയച്ചുകൊടുത്തു. തടി രക്ഷപ്പെട്ടെന്ന് സമാധാനിച്ചു!
മൊഴിമാറ്റ സിനിമകള്‍
കാവ്യബിംബങ്ങള്‍ പല്ലവിയിലും അനുപല്ലവിയിലും വിദഗ്ദമായി ഇഴചേര്‍ത്ത മങ്കൊമ്പ് തന്റെ ഗ്രാമ്യ ശൈലി കൊണ്ടുതന്നെ പുതിയ ഗാനവഴി തുറക്കുകയും ചെയ്തു. ജനിച്ച ദേശവും അതിന്റെ ചൂടും ചൂരും പലപ്പോഴും ഗാനങ്ങളില്‍ നിറയുകയും ചെയ്തു. ഗ്രാമത്തെ ഗാനങ്ങളില്‍ മാത്രമല്ല ജീവിതത്തിലും മങ്കൊമ്പ് മറന്നില്ല. അതുകൊണ്ടാണ് എവിടെയായിരുന്നാലും തന്റെ ഗ്രാമത്തിലെ ചമ്പക്കുളം കല്ലേംപള്ളി ഭഗവതി ക്ഷേത്രത്തില്‍ മീനമാസത്തില്‍ എത്തിയിരുന്നതും, ഒരു ദിവസത്തെ പൂജ നടത്തിയിരുന്നതും.
മങ്കൊമ്പിനെ നാട്ടകാര്‍ സ്‌നേഹപൂര്‍വ്വം അമ്മണ്ണേട്ടന്‍! എന്നുവിളിച്ചുവന്നു. ഗോപാലകൃഷ്ണന്‍ അവര്‍ക്ക് ഗാനരചയിതാവ്, കവി എന്നതിലുപരി സ്‌നേഹനിര്‍ഭരനായ സഹോദരനായിരുന്നു. ഗ്രന്ഥാ ലോകത്തിന്റെ സഹപത്രാധിപനായി തിരുവനന്തപുരത്തും മംഗളം വാരികയുടെ തമിഴ് പതിപ്പ് പത്രാധിപരായി ചെന്നൈയിലും താമസിച്ചു പ്രവര്‍ത്തിച്ച മങ്കൊമ്പ് അവസാനം എത്തിച്ചേര്‍ന്നത് തൈക്കൂടത്താണ്. അവിടെ അദ്ദേഹം തന്റെ വീടിന് പേര് നല്‍കി, ലക്ഷാര്‍ച്ചന. മദിരാശി, തിരുവനന്തപുരം, കോട്ടയം, എറണാകുളം ജീവിതത്തിനിടെ പല രംഗങ്ങളിലും മങ്കൊമ്പ് ശ്രദ്ധേയനായി. അതിലൊന്നായിരുന്നു മൊഴിമാറ്റ സിനിമകള്‍. ഒരുപക്ഷേ ഇന്ത്യന്‍ സിനിമയില്‍ ഏറ്റവുമധികം മൊഴിമാറ്റ സിനിമ തിരക്കഥകള്‍ എഴുതിയിരിക്കുന്നത് മങ്കൊമ്പ് ആയിരിക്കാനാണ് സാധ്യത. ‘മൂടുപനി’ എന്ന തമിഴ് ചിത്രം ‘മൂടല്‍മഞ്ഞ്’ എന്ന പേരില്‍ മൊഴിമാറ്റം ചെയ്തുകൊണ്ട് തമിഴ് സിനിമകള്‍ മൊഴിമാറ്റം ചെയ്യാന്‍ ആരംഭിച്ചു. ‘കൊണ്ട വീട് സിംഹം’ എന്ന തെലുങ്ക് സിനിമ ‘അഗ്‌നിയാണ് ഞാന്‍’ എന്ന പേരില്‍ മൊഴിമാറ്റം ചെയ്തു. തെലുങ്ക് സിനിമകളും മൊഴിമാറ്റം ചെയ്യാന്‍ തുടങ്ങി. പിന്നീട് ഹിന്ദി- കന്നട ചിത്രങ്ങളും മൊഴിമാറ്റം നടത്തി. അതില്‍ മനോഹരങ്ങളായ മലയാളത്തനിമയുള്ള ഗാനങ്ങളും എഴുതി. ബാഹുബലി 1,2, ആര്‍ആര്‍ആര്‍, ഈച്ച, ബോംബെ, ഇരുവര്‍, മിന്‍സാര കനവ്, പോപ്‌കോണ്‍, അലയ് പായുതെ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങള്‍ മൊഴിമാറ്റി. എന്തെഴുതുമ്പോഴും മങ്കൊമ്പിന്റെ മനസ്സില്‍ ആദര്‍ശം ഉണ്ടായിരുന്നു. അത് ഭാരതീയമായിരുന്നു. സ്‌നേഹത്തിന്റേ തായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹം എഴുതി: തത്വശാസ്ത്രങ്ങള്‍ കേവലം മണ്‍കുടങ്ങളാണതി ‘സ്‌നേഹത്താല്‍ മധുനിറയ്‌ക്കുവാന്‍ മറക്കരുതാരുമേ…’
പൂമഠത്തെ പെണ്ണ് എന്ന ചിത്രം നിര്‍മ്മിച്ചുകൊണ്ട് മങ്കൊമ്പ് നിര്‍മ്മാതാവുമായി. കേളികൊട്ട്, താളം, തേന്മഴ എന്നീ സിനിമകള്‍ക്ക് കഥകളെഴുതി. ഈ വഴി ഇതുവരെ, സ്വര്‍ണ്ണവിഗ്രഹം എന്നീ സിനിമകളുടെ തിരക്കഥാകൃത്തായി. കുറ്റവും ശിക്ഷയും, റൂബി മൈ ഡാര്‍ലിംഗ് എന്നിവയുടെ സംഭാഷണ രചയിതാവുമായി.
തപസ്യയോടൊപ്പം
ഭാരതീയ സംസ്‌കാരത്തോടും ദേശീയതയോടും ചേര്‍ന്നുനില്‍ക്കുന്ന തപസ്യ കലാസാഹിത്യ വേദിയുടെ എറണാകുളം ജില്ല അധ്യക്ഷനായി പ്രവര്‍ത്തിച്ചു. രവി മേനോനാണ് മങ്കൊമ്പിന്റെ സിനിമാഗാന ശേഖരത്തിന് അവതാരിക എഴുതിയത്. കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ മരിച്ചപ്പോള്‍ എഴുതിയ വാചകങ്ങളോടെ ഈ ലഘുലേഖനം അവസാനിപ്പിക്കാം:
യന്ത്രം നിര്‍ത്തിയാല്‍ സ്‌ക്രീനില്‍ കാണുന്ന 197 എന്ന അക്കം പൂജ്യത്തില്‍ എത്തും. യുവ ഡോക്ടര്‍ വിശദീകരിച്ചു. വൃദ്ധനായ കവിയുടെ ഉയര്‍ന്നുതാഴുന്ന നെഞ്ചില്‍ ഭും ഭും എന്ന ശബ്ദത്തോടെ പ്രവര്‍ത്തിക്കുന്ന ആ ഹൃദയ രക്ഷാ യന്ത്രത്തെ സ്‌തോഭത്തോടെ ഞാന്‍ നോക്കി നിന്നു. ആ കാഴ്ച കാണാതിരിക്കാന്‍ ഐസിയുവിന് പുറത്തുനിന്ന് വിങ്ങിപ്പൊട്ടുന്ന മകളെയും മകനെയും ഓര്‍ത്തു. ഡോക്ടര്‍ യന്ത്രത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തി. സ്‌ക്രീനിലെ അക്കം പെടുന്നനെ പൂജ്യത്തിലെത്തി. രംഗം നിശബ്ദമായി ഐസിയുവിലെ അണു പ്രപഞ്ചം നിശ്ചലമായി. അരനൂറ്റാണ്ട് മലയാളചലച്ചിത്ര ലോകത്തെ ഗാന സാന്ദ്രമാക്കിയ ഒരു ഗന്ധര്‍വ്വ ജീവിതത്തിന് തിരശ്ശീല വീണു. അടുത്തുള്ള രോഗശയ്യകളിലെ അത്യാസന്ന രോഗികള്‍ ശബ്ദ ശൈത്യത്തില്‍ ആണ്ടുപോയി. അന്ത്യ സാക്ഷ്യത്തിന്റെ ക്ഷീണത്തോടെ ഞാന്‍ പുറത്തെ സായാഹ്നത്തിലേക്ക് നടക്കുമ്പോള്‍ മനസ്സ് വാര്‍ത്ത വായിച്ചു. പ്രശസ്ത കവിയും ഗാനരചയിതാവുമായിരുന്ന മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ അന്തരിച്ചു!
















