തിരുവനന്തപുരം: കാന്തള്ളൂര്‍സഭ സ്ഥാപക ട്രസ്റ്റിയും അദ്ധ്യക്ഷനും വേദ പണ്ഡിതനുമായിരുന്ന ഇടമന കെ. നാരായണന്‍ പോറ്റിയുടെ പേരില്‍ കാന്തള്ളൂര്‍ സഭയും ശാലയും സംയുക്തമായി നല്‍കുന്ന ‘ശ്രുതിസാഗരം’ പ്രഥമ പുരസ്‌കാരം സമ്മാനിച്ചു. വേദപണ്ഡിതനും, ഋഗ്വേദ ഗുരുകുലത്തിന്റെ ആചാര്യനും ബ്രഹ്‌മസ്വം മഠം സെക്രട്ടറിയുമായ മുല്ലമംഗലം നാരായണന്‍ നമ്പൂതിരിക്കാണ് പുരസ്‌കാരം സമര്‍പ്പിച്ചത്. തിരുവനന്തപുരം പടിഞ്ഞാറേക്കോട്ട നടുവില്‍മഠം കോംപ്ലക്‌സില്‍ നടന്ന ചടങ്ങില്‍ മുല്ലമംഗലം നാരായണന്‍ നമ്പൂതിരി നാരായണന്‍ പോറ്റി സ്മാരക പ്രഭാഷണം നടത്തി.
വേദശബ്ദം എത്രകേട്ടാലും മതിവരാത്ത ആളാണ് നാരായണന്‍ പോറ്റിയെന്നും ഇച്ഛാശക്തി, ജ്ഞാനശക്തി, ക്രിയാശക്തി ഇവ മൂന്നും ഒത്തുകൂടിയ വ്യക്തിത്വത്തിന് ഉടമയാണ് ഇടമന കെ. നാരായണന്‍ പോറ്റിയെന്ന് മുല്ലമംഗലം നാരായണന്‍ നമ്പൂതിരി പറഞ്ഞു.
വൈദിക വിഷയത്തില്‍ പുതിയ തലുറയെ സൃഷ്ടിക്കാനും, വൈദിക വിഷയങ്ങളെ കാലാനുവര്‍ത്തിയായി മാറ്റാനും അദ്ദേഹം നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണ്. കാന്തള്ളൂര്‍ശാല അദ്ദേഹത്തിന്റെ സ്വപ്‌നമാണ്. അത് മുന്നോട്ടു കൊണ്ടുപോകുന്നതിലാവണം നമ്മുടെ ശ്രദ്ധയെന്നും മുല്ലമംഗലം നാരായണന്‍ നമ്പൂതിരി പറഞ്ഞു.
മറുമൊഴി പറയാന്‍ വാക്കുകളില്ല. ശ്രുതിസാഗരം പുരസ്‌കാരം വേദത്തിന് സമര്‍പ്പിച്ചതില്‍ ധന്യതയുണ്ട്. കാന്തള്ളൂര്‍ ശാലയുടെ പ്രവര്‍ത്തനത്തില്‍ ഒപ്പുണ്ടാകുമെന്നും മുല്ലമംഗലം നാരായണന്‍ നമ്പൂതിരി പറഞ്ഞു.
കാന്തള്ളൂര്‍സഭ അദ്ധ്യക്ഷനും ശാല ഡയറക്ടറുമായ പ്രൊഫ. പി.സി. മുരളീമാധവന്‍ അധ്യക്ഷത വഹിച്ചു. കേരള സര്‍വകലാശാല സംസ്‌കൃതവിഭാഗം ഡീനും വേദാന്ത വിഭാഗം ഡയറക്ടറുമായ ഡോ. വിജയകുമാരി മുഖ്യാതിഥിയായി. കാന്തള്ളൂര്‍ശാല സെക്രട്ടറി പ്രദീപ് ജ്യോതി, കാന്തള്ളൂര്‍ശാല ഉപാധ്യക്ഷന്‍ നീലമന മാധവന്‍ നമ്പൂതിരി, വനീവ്രതന്‍ ഇടമന കെ. നാരായണന്‍ പോറ്റിയുടെ ഭാര്യ സതീദേവി, ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.











