തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തരമന്ത്രിയായിരുന്ന എല്‍.കെ. അദ്വാനിയെ വധിക്കാൻ ശ്രമിച്ച കോയമ്പത്തൂര്‍ സ്‌ഫോടന പരമ്പരയിൽ പ്രതിയായ അബ്ദുള്‍ നാസര്‍ മദനിയെ അന്ന് അറസ്റ്റ് ചെയ്തത് കേരളത്തിന്റെ ആഭ്യന്തരച്ചുമതലയുണ്ടായിരുന്ന മുഖ്യമന്ത്രി ഇ.കെ. നായനാര്‍ ആയിരുന്നു. ഇപ്പോള്‍ അതേ മദനി സിപിഎം ജനറൽ സെക്രട്ടറി എം എ ബേബിയ്‌ക്ക് സ്വീകാര്യനായിരിക്കുന്നു.
ഇത്തവണയും സിപിഎമ്മിന് പിഡിപിയുടെ പിന്തുണയുണ്ടെന്ന് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി ശനിയാഴ്ചയാണ് മാധ്യമപ്രവര്‍ത്തകരോട് വെളിപ്പെടുത്തിയത്. പിഡിപിയുടെ പഴയ നിലപാട് അല്ല ഇപ്പോളെന്നും അബ്ദുൾ നാസർ മദനി തന്നെ ഇത് വ്യക്തമാക്കിയിട്ടുണ്ടെന്നും ഉള്ള ന്യായമാണ് ഇതിന് എം.എ. ബേബി നിരത്തിയിരിക്കുന്നത്.
കേരളത്തിലെ മുസ്ലീം യുവാക്കളിൽ ഭീകര ആശയങ്ങൾ കുത്തിവെക്കുന്നതിൽ പ്രമുഖ പങ്കുവഹിച്ച അബ്ദുൾ നാസർ മദനി രൂപീകരിച്ച പാർട്ടിയാണ് പിഡിപി. കേരളത്തിലെ ആദ്യകാല ഭീകര പ്രസ്ഥാനമായ ഐഎസ്എസ്സിന്റെ തലവനായിരുന്നു മദനി. പിന്നീട് ഭീകരസംഘടനയെ നിരോധിച്ചപ്പോൾ അത് പിഡിപി എന്ന പേരിൽ തലപൊക്കുകയായിരുന്നു. എസ് ഡിപി ഐയുമായി ഒരു നീക്കുപോക്കില്ലെന്ന് എം.എ. ബേബി പറയുന്നുണ്ടെങ്കിലും സിപിഎം നേതാവിന്റെ ഈ നിലപാടിനെ സംശയിക്കുന്നുണ്ട്. പരസ്യമായി എസ് ഡിപിഐയെ തള്ളിപ്പറഞ്ഞാലും രഹസ്യബാന്ധവമുണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാകട്ടെ മൗനം പാലിക്കുകയാണ്.
















