തിരുവനന്തപുരം: നേമത്ത് സംവാദത്തിന് താന്‍ തയ്യാറാണെന്നും അതിന് ശിവന്‍കുട്ടി മാത്രം പോരെന്നും കൂടെ മുഖ്യമന്ത്രി കൂടി വേണമെന്നും ബിജെപി സംസ്ഥാന പ്രസിഡന്‍റ് രാജീവ് ചന്ദ്രശേഖര്‍ ആവശ്യപ്പെട്ടു. നേമത്ത് പരസ്യ സംവാദത്തിന് തീയതിയും സ്ഥലവും അറിയിക്കാൻ ആവശ്യപ്പെട്ട സിപിഎം സ്ഥാനാർത്ഥി വി ശിവൻകുട്ടിയ്‌ക്ക് മറുപടി നല്‍കുകയായിരുന്നു നേമത്തെ ബിജെപി സ്ഥാനാർത്ഥി കൂടിയായ രാജീവ് ചന്ദ്രശേഖർ.
സംവാദം ചർച്ചയാക്കുന്നത് ജനശ്രദ്ധ തിരിക്കാനാണെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം, എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ സംവാദത്തിന് തയ്യാറുണ്ടോ എന്നും ചോദിച്ചു. ഒരു പടികൂടി കടന്ന് മുഖ്യമന്ത്രിക്ക് സംവാദത്തിന് ധൈര്യവും നട്ടെല്ലും ഉണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
മാധ്യമങ്ങൾ വഴി ഗിമ്മിക്ക് ആയിട്ടല്ല സംവാദം വേണ്ടത്. ഞാൻ ശിവൻകുട്ടിയോട് വിളിച്ച് പറയാം. മാധ്യമങ്ങളോട് പറയേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
സംവാദം ഒന്നും പ്രാധാനപ്പെട്ട വിഷയമല്ലെന്നും ജനങ്ങളുടെ ശ്രദ്ധതിരിക്കാനാണ് ഇത്തരം ശ്രമങ്ങളെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. വി ശിവൻകുട്ടി പലതിനും മറുപടി പറയണമെന്നും പറഞ്ഞു. സംവാദത്തിന് താനാണ് വെല്ലുവിളിച്ചതെന്നും തനിക്ക് താത്പര്യമുണ്ടെങ്കിൽ താൻ തന്നെ ശിവൻകുട്ടിയെ വിളിച്ചോളാമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
















