കൊച്ചി: പാതിവില തട്ടിപ്പ് കേസിൽ ആദ്യഘട്ട കുറ്റപത്രം സമർപ്പിച്ച് ഇഡി. അനന്തു കൃഷ്ണനെയും കെ. എൻ ആനന്ദകുമാറിനെയും പ്രതികളാക്കിയാണ് കുറ്റപത്രം. കൂടാതെ നിരവധി കമ്പനികളും പ്രതിപ്പട്ടികയിലുണ്ട്. കേസുമായി ബന്ധപ്പെട്ട് അന്വേഷണം ഇനിയും തുടരുമെന്നും ഇഡി അറിയിച്ചു. സിഎസ്ആർ ഫണ്ട് ലഭിക്കുമെന്ന വ്യാജവാഗ്ദാനം നൽകിയും ലാപ്ടോപ്പുകൾ, തയ്യൽ മെഷീനുകൾ, മറ്റ് കാർഷിക ഉപകരണങ്ങൾ തുടങ്ങിയവ പാതിവിലയ്‌ക്ക് നൽകാമെന്ന് വിശ്വസിപ്പിച്ചുമാണ് അനന്തു കൃഷ്ണൻ പലരിൽ നിന്നായി കോടികൾ തട്ടിയത്.
എണ്ണായിരത്തോളം പേർ പരാതി നൽകിയ കേസിൽ ആയിരം കോടിയോളം രൂപയുടെ തട്ടിപ്പാണ് നടന്നത്. അനന്തു കൃഷ്ണൻ കേരളത്തിനും അകത്തും ധാരാളം ഭൂസ്വത്തുക്കൾ വാങ്ങിക്കൂട്ടിയിട്ടുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഭൂമി വാങ്ങുന്നതിനായി പലർക്കും അഡ്വാൻസ് നൽകിയതായും കണ്ടെത്തി. ഇതു സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ട്. കള്ളപ്പണ ഇടപാടുകളിൽ വിശദമായ അന്വേഷണം നടത്തേണ്ടതുണ്ടെന്നും ഇഡി അ റിയിച്ചു.
കേസിൽ വ്യാപകമായി റെയ്ഡുകൾ നടത്തിയിരുന്നുവെങ്കിലും വിശദമായ ചോദ്യം ചെയ്യലുകളിലേക്ക് ഇഡി കടന്നിരുന്നില്ല. തട്ടിപ്പിലെ മുഖ്യ സൂത്രധാരൻ അനന്തുകൃഷ്ണനെ റിമാൻഡിലിരിക്കെ ഒരു തവണ ചോദ്യം ചെയ്തെങ്കിലും വിശദമായി ചോദ്യം ചെയ്തിരുന്നില്ല. പ്രാദേശികമായി ചില രാഷ്‌ട്രീയ നേതാക്കളെയും തട്ടിപ്പിന്റെ ഭാഗമായി ചില പരിപാടികളിൽ പങ്കെടുപ്പിച്ചിരുന്നു. ക്രൈംബ്രാഞ്ച് എഫ്ഐആറുകൾ അടിസ്ഥാനമാക്കിയായിരുന്നു ഇഡി അന്വേഷണം ഏറ്റെടുത്തത്.
തട്ടിപ്പിലൂടെ കിട്ടിയ പണം കൈക്കലാക്കിയ മറ്റു ചില തട്ടിപ്പു കമ്പനികളും കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് ഇഡി അന്വേഷണത്തിലൂടെ മനസിലാകുന്നത്.
















