Kerala

”സിപിഎമ്മും കോണ്‍ഗ്രസും ചതിച്ചു, ഞങ്ങളെ രക്ഷിച്ചത് ബിജെപി”, മുനമ്പത്തു നിന്ന് അവരെത്തി ബിജെപിക്കായി…

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: പിറന്നുവീണ മണ്ണില്‍ കിടപ്പാടം നഷ്ടപ്പെടാതിരിക്കാന്‍ ഒരു വര്‍ഷത്തിലേറെ ഐതിഹാസികസമരം നയിച്ച മുനമ്പം നിവാസികള്‍ തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്കായി പ്രചാരണത്തിനെത്തി. മുനമ്പം സമര സമിതിയെ പ്രതിനിധീകരിച്ചെത്തിയ ആറംഗ സംഘം നഗരത്തിലെ വിവിധ മണ്ഡലങ്ങളില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്കായി പ്രചാരണം നടത്തി.

വഖഫ് നിയമത്തിന്റെ പേരില്‍ മുനമ്പം നിവാസികള്‍ അനുഭവിച്ച ഭീതിയും യാതനയും തലസ്ഥാന നഗരിയിലെ വോട്ടര്‍മാര്‍ക്കു മുന്നില്‍ അവതരിപ്പിച്ച സംഘം ഈ പ്രശ്‌നത്തില്‍ സഹായിച്ചത് ബിജെപി മാത്രമാണെന്നും ജനങ്ങളെ ബോധ്യപ്പെടുത്തി. ഞങ്ങളുടെ പിതാക്കന്മാര്‍ കഷ്ടപ്പെട്ട് വാങ്ങിയ ഭൂമി ഒരു സുപ്രഭാതത്തില്‍ യാതൊരു അറിയിപ്പും കൂടാതെ വഖഫ് ബോര്‍ഡ് ഏറ്റെടുത്തു. 1995ല്‍ കേന്ദ്രം ഭരിച്ചിരുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ നടപ്പാക്കിയ കിരാതമായ വഖഫ് നിയമത്തിന്റെ പിന്തുണയോടെയാണ് അവരുടെ ആസ്തി പട്ടികയിലേക്ക് ഞങ്ങള്‍ കഷ്ടപ്പെട്ടുണ്ടാക്കിയ ഭൂമി എഴുതിച്ചേര്‍ത്തതെന്ന് അവര്‍ വിവരിച്ചു.

”ഞങ്ങളുടെ ആധാരങ്ങള്‍ കൊണ്ട് ഗുണമില്ലാതെയായി. മക്കളുടെ പഠിപ്പിനും, അവരുടെ വിവാഹത്തിനും, ചികിത്സയ്‌ക്കും പോലും ഉപകരിക്കപ്പെടാതെ ആധാരങ്ങള്‍ വെറും കടലാസുകഷ്ണങ്ങളായി. ഞങ്ങളുടെ സ്വത്തുക്കള്‍ സംരക്ഷിക്കാന്‍ മുട്ടാത്ത വാതിലുകളും കാണാത്ത നേതാക്കളുമില്ലായിരുന്നു. പ്രതിസന്ധി ഘട്ടത്തില്‍ ഞങ്ങള്‍ അന്നുവരെ വോട്ട് ചെയ്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയും കോണ്‍ഗ്രസും ഒരുപോലെ ചതിച്ചു. എന്തുചെയ്യണമെന്നറിയാതെ പകച്ചുനിന്ന ഞങ്ങളെ കൈപിടിച്ചുയര്‍ത്തിയത് ബിജെപിയാണ്.

ബിജെപിയുടെ നിരവധി സംസ്ഥാന, ദേശീയ നേതാക്കള്‍ ഞങ്ങള്‍ക്ക് പിന്തുണയുമായി സമരപ്പന്തലിലെത്തി. പിന്നീട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇച്ഛാശക്തിയുടെ പിന്‍ബലത്തില്‍ വഖഫ് നിയമ ഭേദഗതി നടപ്പാക്കി. ഞങ്ങളുടെ ഭൂമി ഒരിക്കലും നഷ്ടമാകില്ലെന്ന ഉറപ്പും നല്കി. ഈ നിയമത്തെ പോലും കണ്ണും പൂട്ടി എതിര്‍ത്തവരാണ് കേരളത്തിലെ ഇടത്, വലത് രാഷ്‌ട്രീയ പ്രസ്ഥാനങ്ങള്‍. സംഘടിത വോട്ടുബാങ്കിന് വേണ്ടി അവര്‍ പാവപ്പെട്ട മത്സ്യത്തൊഴിലാളികളായ ഞങ്ങളുടെ കിടപ്പാട പ്രശ്‌നം നിഷ്‌കരുണം തള്ളിക്കളഞ്ഞു. പാര്‍ലമെന്റില്‍ വഖഫ് നിയമ ഭേദഗതിക്കെതിരായി വോട്ട് ചെയ്തു.”
ഇന്ന് ഞങ്ങള്‍ സമാധാനത്തോടെ സ്വന്തം വീടുകളില്‍ കിടന്നുറങ്ങുന്നതിന് കാരണം ബിജെപിയാണെന്ന് അവര്‍ പറഞ്ഞു.

നിങ്ങളുടെ കിടപ്പാടങ്ങളും, മക്കളുടെ ഭാവിയും സംരക്ഷിക്കാനും, ഈ നാടിനെ കീറിമുറിച്ച് ഒരു മത രാഷ്‌ട്രമാക്കാനുള്ള പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ സംഘടിത ശ്രമങ്ങളെ എതിര്‍ക്കാനും ബിജെപി മാത്രമേ നിങ്ങളുടെ കൂടെ ഉണ്ടാകൂ. അതുകൊണ്ട് ഈ നിയോജക മണ്ഡലത്തില്‍ മത്സരിക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് വോട്ട് നല്കി വിജയിപ്പി
ക്കണമെന്നാണ് മുനമ്പത്തു നിന്നുള്ള സംഘം വീടുകളിലെത്തി വോട്ടര്‍മാരോട് പറഞ്ഞത്.
ലത്തീന്‍ സഭാ വികാരി ജനറല്‍ യൂജിന്‍ പെരേരയെയും സംഘം സന്ദര്‍ശിച്ചു. പള്ളികളിലും ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശങ്ങളിലുമെത്തിയ സംഘത്തിന് പല സ്ഥലങ്ങളിലും ഊഷ്മള സ്വീകരണമാണ് ലഭിച്ചത്. മുനമ്പത്തെ ജനത അനുഭവിച്ച യാതനകള്‍ വിവരിച്ചപ്പോള്‍ പലര്‍ക്കും വിശ്വസിക്കാനായില്ല.

മുനമ്പം സമര സമിതി നേതാക്കളായ ഫിലിപ്പ് തയ്യില്‍, ജോണ്‍സണ്‍ വലിയ വീട്ടില്‍, നിക്‌സണ്‍ കാഞ്ഞിരത്തിങ്കല്‍, സെബാസ്റ്റ്യന്‍, മുനമ്പം വാര്‍ഡ് മെംബര്‍ കുഞ്ഞുമോന്‍ അഗസ്റ്റിന്‍ തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്. ഏകദേശം മുന്നൂറോളും വീടുകളിലെത്തിയ സംഘം വോട്ടര്‍മാരെ കാണുകയും ലഘുലേഖ വിതരണം ചെയ്യുകയും ചെയ്തു. മൂന്ന് ദിവസം തിരുവനന്തപുരത്ത് തങ്ങിയ സംഘം ഇന്നലെ മടങ്ങിപ്പോയി. വരും ദിവസങ്ങളില്‍ മുനമ്പത്ത് നിന്ന് കൂടുതല്‍ സംഘങ്ങള്‍ എന്‍ഡിഎയ്‌ക്കു വേണ്ടി പ്രചാരണത്തിനായി തലസ്ഥാനത്തെത്തും.

Recent Posts