തിരുവനന്തപുരം: ഇടയ്‌ക്കയെയും സോപാനസംഗീതത്തെയും ഉപാസിച്ച ഞെരളത്ത് രാമപ്പൊതുവാളിന്റെ മകന്‍ ഹരിഗോവിന്ദന്‍ പാണക്കാട് പോയി മുസ്ലിം ലീഗ് അംഗത്വമെടുത്തതിനെ വിമര്‍ശിച്ച് ബിജെപി നേതാവ് സന്ദീപ് വാചസ്പതി.”സോപാനം ദേവത്വത്തിലേക്കുള്ള പടിക്കെട്ടാണെങ്കില്‍, ലീഗിന്റെ ഏണി കയറിപ്പറ്റാനുള്ള ഗോവണി പോലുമല്ല”- ഫെയ്ബുക്ക് കുറിപ്പില്‍ ഹരിഗോവിന്ദനെതിരെ സന്ദീപ് വാചസ്പതി വിമര്‍ശിക്കുന്നു.
ഒരു കലാകാരനെ ആക്ഷേപിച്ചുവെന്നൊന്നും തോന്നരുത്, ഒരു വാസ്തവം പറയട്ടെ: ഞെരളത്ത് ഹരിഗോവിന്ദനെക്കുറിച്ചാണ്. സോപാന സംഗീത കലാകാരൻ എന്ന നിലയിൽ അദ്ദേഹത്തേയും ബഹുമാനിക്കുന്നു. അച്ഛൻ ഞെരളത്തിന്റെ ഇടയ്‌ക്കയിലും ആ കൈിയും തൊട്ട് കണ്ണിലും ശിരസ്സിലും കൈവെക്കാൻ അവസരമുണ്ടായിട്ടുള്ളതിൽ അഭിമാനവും സന്തോഷവുമുണ്ട്.
അച്ഛൻ കൊട്ടിപ്പാടി സോപാന സേവ ചെയ്തിരുന്ന ഇടയ്‌ക്ക ലേലം വിളിക്കുന്നു, ജീവിക്കാൻ വേണ്ടി എന്ന് പതിറ്റാണ്ടുകൾ മുമ്പ് തൊണ്ട വിറപ്പിച്ചപ്പോൾ തീർന്നതാണ് ഈ ഹരിഗോവിന്ദനോടുള്ള മതിപ്പ്. അന്ന് ‘പട്ടിണി കിടക്കാതിരിക്കാൻ ഈ ലേലമേ മാർഗ്ഗമുള്ളുവെന്നായിരുന്നു’ പൊള്ളത്തരം.
അത്രയൊന്നും പവിത്രതയും പാരമ്പര്യവും അവകാശപ്പെടാനില്ലാത്ത ഇടയ്‌ക്കയിൽ നാദ വിസമയവും തൊണ്ടവഴക്കത്തിൽ ശബ്ദപ്രപഞ്ചവും സൃഷ്ടിച്ച് എത്രയെത്ര കലാകാരന്മാർ ആ ‘ലേലം’ സിനിമയ്‌ക്ക് ശേഷം ഇവിടെ ഉണ്ടായി! പക്ഷേ, അന്നത്തെ ലേല പ്രഹസനത്തിലൂടെ ഒരു ഗുണം കിട്ടി, അന്നത്തെ സാംസ്‌കാരിക വകുപ്പുമന്ത്രി എം.എ. ബേബിയുടെ ശിങ്കിടിയായി ഹരിഗോവിന്ദൻ ചെമ്പട്ടുടുത്ത് ഗോഗ്വാ വിളിച്ചു കുറേ നാൾ.
പിന്നെ ബേബിതന്നെ ഔട്ടായപ്പോൾ ഹരിഗോവിന്ദന്‍ കറങ്ങിത്തിരിഞ്ഞ് അമ്പല നടയിലും അരയാൽ തറയിലും ചുറ്റി. അങ്ങനെ തപസ്യയുടെ വേദിയിലോ പരിപാടികളിലോ ഒക്കെ പറ്റിച്ചേർന്നു. (എറണാകുളം കലൂർ പാവക്കുളത്തമ്പലത്തിൽ പാടിയ ഒരു കഥയുണ്ട്… എഴുതുന്നത് ശരിയല്ല… സംഘ പരിവാറിന് കലയേയും കലാകാരന്മാരേയും മനസ്സിലാകാഞ്ഞല്ല, മനസ്സിലായിപ്പോയി എന്നതാണ് അയാളുടെ പ്രശ്‌നം.)
പിന്നെ ഇപ്പോൾ ദേ മുസ്ലിം ലീഗിൽ, പാണക്കാട്ട് തറവാട്ടിൽ പോയിത്തന്നെ മെമ്പർഷിപ്പെടുത്തു. അവിടെ ലീഗിനെ പുകഴ്‌ത്തിപ്പാടിയോ എന്നറിയില്ല, അന്വേഷിക്കാൻ തോന്നിയില്ല. വന്ദേമാതരം പാടണമെന്ന് സർക്കാർ നിർബന്ധ നിർദ്ദേശം വന്ന സാഹചര്യത്തിൽ ഇടയ്‌ക്കകൊട്ടി അത് പാടിക്കാണണം. ആ ലീഗാണല്ലോ വന്ദേമാതരം പാടില്ലെന്ന് ആദ്യം ഒച്ചവെച്ചത്.
അതെന്തുമാകട്ടെ, ഇടയ്‌ക്ക സഹിതമാണോ ഹരിഗോവിന്ദനെ ലീഗ് എടുത്തതെന്നാണ് അറിയേണ്ടത്. ഇടയ്‌ക്കയ്‌കുകതന്നെ ദിവ്യത്വമുള്ള വാദ്യമാണ്. അതിന്റെ പാരമ്പര്യമോർക്കുമ്പോൾ അത് തിരുമാന്ധാം കുന്നിൽ ഭഗവതി, നാവാ മുകുന്ദൻ, ഗുരുവായൂരപ്പൻ, മൂകാംബിക, ചോറ്റാനിക്കരയമ്മ തുടങ്ങി അന്തിത്തിരി കത്തിക്കാറുള്ള ഏറെക്കുറേ എല്ലാ അമ്പലങ്ങളിലും സോപാനം തൊട്ട ഇടയ്‌ക്കയാണ്. അതുപയോഗിച്ച ദഫ് മുട്ട് കൊട്ടാൻ… വന്ദേ മുകുന്ദ ഹരേ…
ഹരിഗോവിന്ദന് പാർട്ടിയിലേതിലും ചേരാം, പാട്ട് ഏതുവേണമെങ്കിലും പാടാം.
പക്ഷേ, സോപാനം പടിക്കെട്ടാണ്, ദേവത്വത്തിലേക്കുള്ള പടിക്കെട്ട്, ലീഗിന്റെ ഏണി കയറിപ്പറ്റാനുള്ള ഗോവണി പോലുമല്ല, വെറും തെരഞ്ഞെടുപ്പുചിഹ്നം…ഞെരളത്ത് ഹരിഗോവിന്ദന് എല്ലാ നന്മയും
















