ഇറാനിലെ ഭൂഗർഭ മിസൈൽനഗരങ്ങളും ആയുധപ്പുരകളുമൊക്കെ യുദ്ധത്തോടെ വലിയ ചർച്ചയാകുന്നുണ്ട്. അതിലൊന്നാണ് അതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് ഊയി. ഇറാനിലെ ചരിത്രപ്രസിദ്ധ മരുനഗരം നൂഷാബാദിന് അടിയിൽ, രാജ്യത്തെ ഏറ്റവും നിഗൂഢമായ ഭൂഗർഭ ലോകങ്ങളിലൊന്നായ ഊയി നഗരം സ്ഥിതിചെയ്യുന്നു. ഏകദേശം 1500 വർഷം മുൻപുള്ള സസാനിയൻ സാമ്രാജ്യത്തോളം പഴക്കമുള്ള ഊയി, കേവലം തുരങ്കങ്ങളുടെ ശൃംഖലയല്ല, മറിച്ച് അതിജീവനത്തിനായി ശ്രദ്ധയോടെ രൂപകൽപന ചെയ്ത ഭൂഗർഭ അഭയകേന്ദ്രമാണ്.
ഊയിയെ ഏറെ കൗതുകകരവും ഭീതിപ്പെടുത്തുന്നതുമാക്കുന്നത് അതിന്റെ സങ്കീർണ നിർമിതിയാണ്. നുഴഞ്ഞുകയറുന്ന ശത്രുക്കളുടെ വേഗം കുറയ്‌ക്കാനായി, ഇവിടത്തെ തുരങ്കങ്ങൾ ഇടുങ്ങിയതും വളഞ്ഞുപുളഞ്ഞതുമായാണ് നിർമിച്ചിരിക്കുന്നത്. എന്നാൽ, വഴികൾ കൃത്യമായി അറിയാവുന്ന താമസക്കാർക്ക് ഇതിലൂടെ അതിവേഗം നീങ്ങാം. അപകടം അടുത്തുവരുമ്പോൾ, ആളുകൾക്ക് പ്രവേശന കവാടങ്ങൾ അടച്ച് ഭൂമിക്കടിയിലേക്ക് അപ്രത്യക്ഷരാകാനും സങ്കീർണ ഇടനാഴികളിലൂടെ സുരക്ഷിതമായി സഞ്ചരിക്കാനും സാധിച്ചിരുന്നു.
പല തട്ടായി വ്യാപിക്കപ്പെട്ട ഈ നഗരത്തിന് ചിലയിടങ്ങളിൽ 18 മീറ്റർ വരെ ആഴമുണ്ട്. ഇടുങ്ങിയ ഇടനാഴികൾ, രഹസ്യ അറകൾ, വായുസഞ്ചാരത്തിനുള്ള കുഴലുകൾ, സാധാരണ വീടുകൾക്കും തെരുവുകൾക്കും താഴെ വിദഗ്ധമായി മറച്ചിരിക്കുന്ന രഹസ്യ കവാടങ്ങൾ എന്നിവയെല്ലാം ഊയിയുടെ ഭാഗമാണ്.
കെണികളെ ഓർമിപ്പിക്കുന്ന ചില സംവിധാനങ്ങളും അപ്രതീക്ഷിത തിരിവുകളും ഇവിടെയുണ്ട്. ഒളിച്ചിരിക്കാൻ മാത്രമല്ല, ശത്രുക്കളെ ആശയക്കുഴപ്പത്തിലാക്കാനും കൂടിയാണ് ഈ വിചിത്ര രൂപകൽപന.അസ്വസ്ഥമാക്കുന്ന ഒരു നിശബ്ദതയാണ് ഇന്നും സന്ദർശകർക്ക് ഇവിടെ അനുഭവപ്പെടുന്നത്.ഈ തുരങ്കങ്ങൾ എത്രത്തോളം ദൂരം നീളുന്നുവെന്നോ, ഇനിയും കണ്ടെത്താത്ത അറകൾ മരുഭൂമിക്ക് താഴെ ഒളിഞ്ഞിരിപ്പുണ്ടോയെന്നോ ആർക്കും അറിയില്ല
















