ന്യൂദല്‍ഹി: ഇടുക്കി വട്ടവട ചിലന്തിയാര്‍ ചെക്ക് ഡാം നിര്‍മാണത്തില്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ ഇടപെടുന്നതിനെതിരെ കേരളം സുപ്രീംകോടതിയെ സമീപിച്ചു. ചീഫ് സെക്രട്ടറി ഡോ.എസ്. ജയതിലകാണ് ഹര്‍ജി ഫയല്‍ ചെയ്തത്. അന്തര്‍ സംസ്ഥാന നദീജല തര്‍ക്കങ്ങളില്‍ ഇടപെടാന്‍ ദേശിയ ഹരിത ട്രിബ്യൂണലിന് അധികാരമില്ലെന്ന് സംസ്ഥാനം ചൂണ്ടിക്കാട്ടുന്നു.
വട്ടവട പഞ്ചായത്തിലെ ശുദ്ധജലക്ഷാമം പരിഹരിക്കുന്നതിനാണ് ചെക്ക് ഡാം നിര്‍മ്മിക്കുന്നത്. ജല്‍ ജീവന്‍ മിഷന്റെ ഭാഗമായ പദ്ധതിയിലൂടെ 2,850 കുടുംബങ്ങള്‍ക്ക് ശുദ്ധജലം ലഭിക്കും. പദ്ധതിക്ക് പാരിസ്ഥിതിക അനുമതി ആവശ്യമില്ലെന്നും കേരളം ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ചെക്ക് ഡാം നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ തമിഴ്നാട്ടിലെ അമരാവതി ഡാമിലേക്കുള്ള നീരൊഴുക്ക് കുറയുമെന്ന മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ സ്വമേധയാ കേസെടുക്കുകയായിരുന്നു. അമരാവതി അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞാല്‍ പ്രതിസന്ധിയിലാകും എന്നാണ് തമിഴ്നാടിന്റെ വാദം.
കാവേരി നദീജല തര്‍ക്ക ട്രിബ്യൂണല്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പ്രശ്നം പരിഹരിക്കണമെന്നും ഇരുസംസ്ഥാനങ്ങളും ചര്‍ച്ച നടത്തണമെന്നും ഹരിത ട്രിബ്യൂണല്‍ നിര്‍ദേശിച്ചിരുന്നു. ചര്‍ച്ചകള്‍ നടന്നെങ്കിലും പ്രശ്നത്തിന് പരിഹാരം കണ്ടെത്താനായില്ല.











