പാശ്ചാത്യര്‍ക്ക് പ്രകൃതിയോടുള്ള പ്രേമം പൊട്ടിമുളയ്‌ക്കുന്നത് എന്തെങ്കിലും ഒരു ദുരന്തം നേരിടുമ്പോള്‍ മാത്രമാണ്. അല്ലാത്ത അവസരങ്ങളില്‍ അവര്‍ പ്രകൃതിസംരക്ഷണകാര്യം ചിന്തിയ്‌ക്കാറില്ല എന്നതാണ് വാസ്തവം.
എന്നാല്‍ നാം ഭാരതീയര്‍ പ്രകൃതിയോട് ഇണങ്ങിയവരായിരുന്നു. ആദിമകാലം മുതല്‍ക്കേ തന്റെ അസ്തിത്വം പ്രകൃതിയിലാണെന്ന് തിരിച്ചറിഞ്ഞ് പ്രകൃതി സംരക്ഷണം സ്വധര്‍മ്മമായി അനുഷ്ഠിച്ചു പോന്നവരാണ് നമ്മുടെ പൂര്‍വ്വികര്‍. ഇവിടെ എടുത്തുപറയേണ്ടത് വൃക്ഷായുര്‍വേദത്തെ കുറിച്ചാണ്. മനുഷ്യര്‍ക്കുള്ള ആയുര്‍വേദം പോലെ തന്നെയാണ് വൃക്ഷങ്ങള്‍ക്കുള്ള വൃക്ഷായുര്‍വേദം. പേര് സൂചിപ്പിയ്‌ക്കുന്നത് പോലെ തന്നെ ഇതില്‍ സസ്യങ്ങളുടെയും വൃക്ഷങ്ങളുടെയും മാഹാത്മ്യങ്ങള്‍, ശുഭാശുഭ ലക്ഷണങ്ങള്‍, വര്‍ഗ്ഗ വിവരങ്ങള്‍ തൊട്ട് ഉദ്യാനം, വനം, മരത്തോപ്പുകള്‍ എന്നിവയുടെ നിര്‍മ്മാണം, സംരക്ഷണം, രോഗചികിത്സ തുടങ്ങിയ സകലതും ഈ ശാഖയില്‍ പ്രതിപാദിച്ചിരിയ്‌ക്കുന്നു. സുരപാലന്റെ വൃക്ഷായുര്‍വേദമാണ് സ്വതന്ത്ര ഗ്രന്ഥമെങ്കിലും പരാശരന്‍, ശാര്‍ങ്ഗധരന്‍, കാശ്യപന്‍ എന്നിവരും സ്വതന്ത്രമായും അല്ലാതെയും വൃക്ഷായുര്‍വേദം രചിച്ചിട്ടുണ്ട്. കൂടാതെ വിഷ്ണു ധര്‍മ്മോത്തരം, അഗ്‌നി, ഭവിഷ്യ, സ്‌കന്ദ, പദ്മ പുരാണങ്ങള്‍, കാമസൂത്രം, ബൃഹത് സംഹിത, അര്‍ത്ഥശാസ്ത്രം തുടങ്ങിയ 17ഓളം ഗ്രന്ഥങ്ങളില്‍ വ്യാപിച്ചു കിടക്കുന്നതാണ് വൃക്ഷായുര്‍വേദ ശാസ്ത്രം.
മൗര്യസാമ്രാജ്യ ഭരണത്തില്‍ പ്രകൃതി സംരക്ഷണത്തില്‍ അതീവശ്രദ്ധ ചെലുത്തിയിരുന്നു. പ്രത്യേകിച്ച് അശോക ചക്രവര്‍ത്തിയുടെ കാലയളവില്‍. അന്ന് രാജ്യത്തിന്റെ വിവിധ ഭരണ വിഭാഗങ്ങള്‍ക്കായി 27 അധ്യക്ഷന്മാരുണ്ടായിരുന്നു. അതില്‍ സീതാധ്യക്ഷനാണ് കൃഷി, വനം തുടങ്ങി പ്രകൃതിയുമായി ബന്ധപ്പെട്ട സകല ചുമതലകളും വഹിച്ചിരുന്നത്. ഇതേകുറിച്ച് അര്‍ത്ഥശാസ്ത്രത്തില്‍ പറയുന്നുണ്ട്. സീതാധ്യക്ഷന്‍ നിര്‍ബന്ധമായും വൃക്ഷായുര്‍വേദം അറിഞ്ഞിരിയ്‌ക്കണം എന്ന് കൗടില്യന്‍ നിഷ്‌ക്കര്‍ഷിയ്‌ക്കുന്നുണ്ട്. കൂടാതെ വൃക്ഷങ്ങള്‍ മുറിക്കുന്നവര്‍ക്കും ചെടിയുടെ നാമ്പു മുറിയ്‌ക്കുന്നവര്‍ക്കും ശിക്ഷയും പിഴയും ഏര്‍പ്പെടുത്തിയിരുന്നു. അഗ്‌നി പുരാണത്തില്‍ കുളം മലിനമാക്കുന്നവന് വധശിക്ഷയാണ് വിധിച്ചിയ്‌ക്കുന്നത്. സ്മൃതി ഗ്രന്ഥങ്ങളിലും മറ്റും സമാനമായ ശിക്ഷ കാണാന്‍ കഴിയും. ചുരുക്കത്തില്‍ പ്രകൃതിനാശം വരുത്തുന്നതിന് ശിക്ഷ പൂര്‍വ്വകാലങ്ങളില്‍ ഉണ്ടായിരുന്നു എന്നത് തീര്‍ച്ചയാണ്. വൃക്ഷലതാദികള്‍ക്ക് സന്തോഷം സങ്കടം തുടങ്ങിയ വികാരങ്ങള്‍ ഉണ്ടെന്ന് സ്‌കന്ദ പുരാണത്തില്‍ പറയുന്നുണ്ട്. സന്താന ഭാഗ്യമില്ലാത്തവര്‍ ആവട്ടെ മരങ്ങളെ സ്വന്തം സന്തതിയായി കണ്ട് വളര്‍ത്തിയിരുന്നു. ഔഷധ സസ്യങ്ങള്‍ നുള്ളിയെടുക്കുമ്പോള്‍ ആവശ്യം പറഞ്ഞു അവയോട് അനുവാദം ചോദിച്ചിരുന്നു. വൃക്ഷ പൂജയിലും ഭൂമി പൂജയിലും ഉള്ളതും ഇതേ ആശയങ്ങള്‍ തന്നെ. വേദാദികള്‍ മുതല്‍ ഉപനിഷത്തുകള്‍, ആരണ്യകങ്ങള്‍, പുരാണങ്ങള്‍, ദര്‍ശനങ്ങള്‍, വിവിധ സൂത്രങ്ങള്‍ തുടങ്ങി ഭൂരിഭാഗം ഭാരതീയ ഗ്രന്ഥങ്ങളിലും പ്രകൃതിയുടെ വിവിധ ഭാവാദികളെ പ്രകീര്‍ത്തിയ്‌ക്കുന്ന സൂക്തങ്ങളും ശ്ലോകങ്ങളും ദേവതാ സങ്കല്‍പങ്ങളും ആരാധനാ പദ്ധതികളും പറഞ്ഞിട്ടുണ്ട്. നാരായണീയത്തിലെ പഞ്ചഭൂതങ്ങള്‍ അടക്കമുള്ള ജീവജാലങ്ങളുടെ ഗുരുസങ്കല്‍പവും ഹിതോപദേശമെന്ന പഞ്ചതന്ത്രം കഥകളും ഇവയെല്ലാം ഭാരതീയരില്‍ ചെലുത്തിയ സ്വാധീനത്തെ വെളിവാക്കുന്നവയാണ്. ഗുരുകുലങ്ങളും ആശ്രമങ്ങളും എല്ലാം ഭൂരിഭാഗം വനാന്തരങ്ങളില്‍ തന്നെ ആയിരുന്നു. ശ്രീവനം, തപോവനം, മഹാവനം എന്നിങ്ങനെ പൂര്‍വ്വികര്‍ വനങ്ങളെ തരം തിരിച്ചിരുന്നു.
ഇനി ഭാരതത്തിന്റെ പശ്ചിമ ഘട്ടത്തിലേയ്‌ക്ക് വന്നാല്‍ പ്രകൃതി ആരാധനയുടെ പ്രകട രൂപമായിരുന്നു കാവുകള്‍. കേരളത്തില്‍ ശാക്തേയ കാവുകള്‍, അയ്യപ്പന്‍ കാവുകള്‍, സര്‍പ്പക്കാവുകള്‍ തുടങ്ങി വിവിധതരം കാവുകള്‍ ഒരു ലക്ഷത്തില്‍ അധികമുണ്ടായിരുന്നു. തമിഴ്‌നാട്ടില്‍ കാവുകള്‍ കോവില്‍ കാടുകളാണ്. കര്‍ണ്ണാടകയില്‍ അവ ദേവര്‍ കാടുകളും, ആന്ധ്രയില്‍ പവിത്രക്ഷേത്രമുലുവും, മഹാരാഷ്‌ട്രയില്‍ ദേവറൈസുകളുമാണ്. സമാനആരാധനകള്‍ ഭാരതത്തില്‍ ഉടനീളം കാണാം. ഇത്തരം ആരാധനയോടൊപ്പം പ്രാദേശിക കലകളും ദേവതാ സങ്കല്‍പ്പങ്ങളും രൂപപ്പെട്ടു.
ഭൂമി എന്റെ മാതാവും ഞാന്‍ അതിന്റെ പുത്രനുമാണ് എന്നു പഠിപ്പിച്ചത് പൂര്‍വ്വികരാണ്. ഇവിടെ ഭൂമി എന്നല്ല പഞ്ചഭൂതങ്ങള്‍ സ്ഥിതി ചെയ്യുന്ന ഭൂമി എന്നു വിവക്ഷിയ്‌ക്കണം. അതായത് പ്രകൃതി. പ്രകൃതി സ്ത്രീ സ്വരൂപമാണ്. അമ്മയാണ്. അമ്മയാണ് അന്നം തരുന്നത്. ആ അമ്മയുടെ സംരക്ഷണം ഭാരതീയര്‍ക്ക് ധര്‍മ്മമായിരുന്നു. വൈവിദ്ധ്യമാര്‍ന്ന ആചാരങ്ങളിലൂടെ പൂര്‍വ്വികര്‍ ചെയ്തുത് മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധം സംരക്ഷിയ്‌ക്കുന്നതിനുള്ള തന്ത്രങ്ങളായിരുന്നു. ഭാരതത്തില്‍ എന്ന പോലെ മറ്റൊരു സംസ്‌കാരത്തിനും ഇത്തരം ആഴത്തിലുള്ള വൈവിദ്ധ്യമാര്‍ന്ന സാംസ്‌കാരിക രീതികളും പ്രകൃതിയുമായുള്ള ബന്ധവും ഉണ്ടായിരുന്നില്ല.
എന്നാല്‍ വെള്ളക്കാരന്റെ പഠിപ്പും യുക്തിയും ചിന്താഗതികളും ഇവിടെ സാന്നിവേശിച്ച നാള്‍ മുതല്‍ ആധുനികര്‍ക്ക് ഭാരതീയ സംസ്‌കാരം അര്‍ത്ഥശൂന്യവും അന്ധവിശ്വാസവും ആണെന്നു തോന്നി. അവര്‍ തദ്ദേശവാസികളെ പ്രാകൃതരെന്നും നിരക്ഷരരെന്നും പിന്നാക്കക്കാരെന്നും ആക്ഷേപിച്ചു. വൈദേശികഭ്രമത്താല്‍ മത്തുപിടിച്ചവര്‍ കാവും കുളവും തീണ്ടി, വനം കൈയേറി, കടലും ജലാശയങ്ങളും മലിനമാക്കി. മരം ചുട്ടെരിച്ചു, വായും മലിനമാക്കി, ഫലമോ? പ്രകൃതി സംഹാരരൂപിണി ആവുമ്പോള്‍, താണ്ഡവമാടി തിമിര്‍ക്കുമ്പോള്‍, നാം അവളുടെ മുന്‍പില്‍ കീഴടങ്ങുകയാണ്. നിസ്സാരനായി, കേവലമൊരു ജീവനായി.














