സംസ്ഥാന സഹകരണ യൂണിയന്റെ കീഴില്‍ വിവിധ ജില്ലകളിലായുള്ള 16 സഹകരണ പരിശീലന കേന്ദ്രങ്ങളില്‍ 2026-27 വര്‍ഷം നടത്തുന്ന ജൂനിയര്‍ സഹകരണ ഡിപ്ലോമ (ജെഡിസി) കോഴ്‌സ് പ്രവേശനത്തിന് ഓണ്‍ലൈനില്‍ അപേക്ഷിക്കാം. ഏപ്രില്‍ 18, 5 മണിവരെ അപേക്ഷ സ്വീകരിക്കും. പ്രവേശന വിജ്ഞാപനവും പ്രോസ്‌പെക്ടസും www.scu.kerala.gov.in ല്‍. 2026 ജൂണ്‍ ഒന്ന് മുതല്‍ 2027 മാര്‍ച്ച് 31 വരെയാണ് കോഴ്‌സ്. ഇതില്‍ 30 ദിവസത്തെ പ്രത്യേക പരിശീലനവും ഉണ്ടാവും. യോഗ്യത: എസ്എസ്എല്‍സി/തത്തുല്യ ബോര്‍ഡ് പരീക്ഷ ‘ഡി പ്ലസ്’ ഗ്രേഡില്‍ കുറയാതെ പാസായിരിക്കണം. 2026 ജൂണ്‍ 1 ന് 16 നും 40 നും മധ്യേ പ്രായം. പട്ടികജാതി/വര്‍ഗ വിഭാഗങ്ങള്‍ക്ക് 45, ഒബിസികാര്‍ക്ക് 43 വയസുവരെ. വിമുക്തഭടന്മാര്‍ക്ക് ചട്ടപ്രകാരവും ഇളവുണ്ട്. സഹകരണ സംഘം ജീവനക്കാര്‍ക്ക് ഉയര്‍ന്ന പ്രായപരിധി ബാധകമല്ല.
അപേക്ഷാ ഫീസ് 175 രൂപ. പട്ടികജാതി/വര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് 85 രൂപ. സഹ. സംഘം ജീവനക്കാര്‍ക്ക് 350 രൂപ. പ്രോസ്‌പെക്ടസിലെ നിര്‍ദ്ദേശപ്രകാരമാണ് അപേക്ഷിക്കേണ്ടത്.
സഹകരണ പരിശീലന കേന്ദ്രങ്ങള്‍ തിരുവനന്തപുരം (കുറവന്‍കോണം), കൊട്ടാരക്കര (അവന്നൂര്‍), ആറന്മുള, ചേര്‍ത്തല, കോട്ടയം (നാഗമ്പടം), പാലാ, നെടുങ്കണ്ടം (ഇടുക്കി), നോര്‍ത്ത് പറവൂര്‍, തൃശൂര്‍ (അയ്യന്തോള്‍), തിരൂര്‍, കോഴിക്കോട് (തളി), വയനാട് (കരണി), കണ്ണൂര്‍ (സൗത്ത് ബസാര്‍), തലശ്ശേരി (മണ്ണയാട്), കാസര്‍ഗോഡ് (മുന്നാട്ട്, ചെങ്കള) എന്നിവിടങ്ങളിലാണുള്ളത്. അതത് പരിശീലനത്തിന്റെ പരിധിയിലുള്ളവര്‍ക്ക് അപേക്ഷിക്കാം. കൊട്ടാരക്കര, ചേര്‍ത്തല, കണ്ണൂര്‍, വയനാട് പരിശീലന കേന്ദ്രങ്ങളില്‍ പട്ടികജാതി/വര്‍ഗ വിഭാഗങ്ങള്‍ക്ക് മാത്രമള്ള ബാച്ചുകളുമുണ്ട്.
കോഴ്‌സ് ഫീസ്: അഡ്മിഷന്‍ ഫീസ് 3,140 രൂപ, ട്യൂഷന്‍ ഫീസ് 9,500 രൂപ, കമ്പ്യൂട്ടര്‍ ഫീസ് 3500 രൂപ, പരീക്ഷാ ഫീസ് 2700 രൂപ. (ആകെ 18,840 രൂപ). ഇതിനു പുറമെ 1345 രൂപ ടെക്‌സ്റ്റ് ബുക്കിന് നല്‍കണം. ട്യൂഷന്‍ ഫീസ് രണ്ട് ഗഡുക്കളായി അടയ്‌ക്കാം. വിജയകരമായി പഠനം പൂര്‍ത്തിയാക്കി ജെഡിസി സര്‍ട്ടിഫിക്കറ്റ് നേടുന്നവര്‍ക്ക് സഹകരണ വകുപ്പ്/സ്ഥാപനങ്ങളിലും മറ്റു ക്ലറിക്കല്‍ ജോലികള്‍ക്ക് അപേക്ഷിക്കുന്നതിന് അര്‍ഹതയുണ്ടാകും.
















