അക്ബർ റോഡിലെയും റെയ്‌സിന റോഡിലെയും പാർട്ടി ഓഫീസുകൾ മാർച്ച് 28 നകം ഒഴിയണം; കോൺഗ്രസിന് നോട്ടീസ്
ന്യൂദൽഹി: കോൺഗ്രസ് പാർട്ടിയുടെ ദേശീയ ആസ്ഥാനമായ 24 അക്ബർ റോഡിലെ ഓഫീസും 5 റെയ്‌സിന റോഡിലുള്ള ഐവൈസി ഓഫീസും മാർച്ച് 28 നകം ഒഴിയണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസിന് നോട്ടീസ്. നഗരവികസന മന്ത്രാലയമാണ് നോട്ടീസ് നല്‍കിയത്. 1978 മുതല്‍ എഐസിസി അസ്ഥാനമായിരുന്നു 24 അക്ബര്‍ റോഡ്.
ഐടിഒയ്‌ക്ക് സമീപമുള്ള ഇന്ദിരാ ഭവനിലെ പുതിയ ആസ്ഥാനത്തേക്ക് പാർട്ടി പ്രവർത്തനങ്ങൾ ഇതിനകം മാറ്റിയെങ്കിലും, പ്രതീകാത്മകവും രാഷ്‌ട്രീയവുമായ പ്രാധാന്യം കാരണം അക്ബർ റോഡ് വിലാസം അവർ നിലനിർത്തിയിരിക്കുകയാണ്. 48 വര്‍ഷമായി കോണ്‍ഗ്രസിന്റെ ഓഫീസ് ആസ്ഥാനം അക്ബര്‍ റോഡ് ബംഗ്ലാവിലായിരുന്നു. പിന്നീട് കോട്‌ല മാര്‍ഗിലെ ഇന്ദിരാ ഭവനിലേക്ക് കഴിഞ്ഞ വര്‍ഷം പുതിയ ആസ്ഥാനം മാറ്റി. എന്നാല്‍ അക്ബര്‍ റോഡിലെ ഓഫീസ് ഉപേക്ഷിച്ചിരുന്നില്ല. പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ ഇവിടെ തുടര്‍ന്നിരുന്നു.
ഓഫീസ് ഒഴിയാനുള്ള നോട്ടീസ് നിയമവിരുദ്ധവും രാഷ്‌ട്രീയ പ്രേരിതവുമാണെന്ന് കോൺഗ്രസ് എംപിയും മുതിർന്ന അഭിഭാഷകനുമായ അഭിഷേക് മനു സിംഗ്വി വിമർശിച്ചു. പാർട്ടി കോടതിയെ സമീപിക്കുകയോ സർക്കാരിൽ നിന്ന് കൂടുതൽ സമയം തേടുകയോ ചെയ്യും.
















