കാലടി: ശ്രീരാമകൃഷ്ണ മഠത്തിന്റെയും മിഷന്റെയും അധ്യക്ഷന്‍ സ്വാമി ഗൗതമാനന്ദക്ക് കാലടിയില്‍ ഉജ്വല വരവേല്‍പ്പ്. ഇന്നലെ വൈകിട്ട് ശ്രീരാമകൃഷ്ണ അദ്വൈതാശ്രമ കവാടത്തില്‍ ഭക്തിനിര്‍ഭരമായ സ്വീകരണം നല്‍കി. കാലടി അദ്വൈതാശ്രമം അധ്യക്ഷന്‍ സ്വാമി ശ്രീവിദ്യാനന്ദ, സ്വാമി ബ്രഹ്‌മപരാനന്ദ, സ്വാമി അനുപമാനന്ദ, സ്വാമി നന്ദാത്മജാനന്ദ, സ്വാമി യതാത്മാനന്ദ, വിവിധ ശ്രീരാമകൃഷ്ണ മഠങ്ങളില്‍ നിന്നെത്തിയ സംന്യാസി ശ്രേഷ്ഠന്മാര്‍, ബ്രഹ്‌മചാരിമാര്‍, ശൃംഗേരിമഠം മാനേജര്‍ രാജാരാമന്‍, ശ്രീരാമകൃഷ്ണ ഭക്തസംഘം പ്രതിനിധികള്‍, ശ്രീശാരദ മാതൃസംഘം പ്രതിനിധികള്‍, ഭക്തജനങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് സ്വാമിജിയെ സര്‍വമത ക്ഷേത്രത്തിലേക്ക് ആനയിച്ചു. സ്വീകരണ ചടങ്ങില്‍ നൂറ് കണക്കിന് ഭക്തജനങ്ങള്‍ പങ്കെടുത്തു.
കാലടി ശ്രീരാമകൃഷ്ണ അദ്വൈതാശ്രമത്തിലെ സര്‍വമത ക്ഷേത്രത്തിന്റെ ഇന്ന് മുതല്‍ 27 വരെ നടക്കുന്ന സുവര്‍ണ ജൂബിലിക്കും അഖില കേരള ശ്രീരാമകൃഷ്ണ ഭക്തസമ്മേളനത്തിനും അനുഗ്രഹം നല്‍കാനാണ് സ്വാമി ഗൗതമാനന്ദ കാലടിയില്‍ എത്തിയത്. 26ന് കാലടി ആശ്രമത്തില്‍ നടക്കുന്ന സംന്യാസി സംഗമത്തില്‍ ശ്രീരാമകൃഷ്ണ സര്‍വമത ക്ഷേത്രത്തിന്റെ സുവര്‍ണ ജൂബിലി സോവനീര്‍ ‘ശ്രീപാദഹവ്യം’ സ്വാമി പ്രകാശനം ചെയ്യും, അനുഗ്രഹ പ്രഭാഷണവും നടക്കും. 27ന് കൊല്‍ക്കത്ത ബേലൂര്‍ മഠത്തിലേക്ക് മടങ്ങും.













