ന്യൂദൽഹി: പശ്ചിമേഷ്യയിലെ വർദ്ധിച്ചുവരുന്ന പ്രതിസന്ധിയും രാജ്യത്ത് അതിന്റെ പ്രത്യാഘാതങ്ങളും ചർച്ച ചെയ്യുന്നതിനായി സർക്കാർ ബുധനാഴ്ച സർവകക്ഷി യോഗം ചേരും. ആഗോള വ്യാപാരത്തെയും ഊർജ്ജ വിതരണത്തെയും ബാധിക്കുന്ന തരത്തിൽ മേഖലയിലെ സംഘർഷങ്ങൾ രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഈ നീക്കം.
ഇന്ത്യയുടെ പ്രതിരോധ തയ്യാറെടുപ്പ് വിലയിരുത്തുന്നതിനായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഉന്നതതല അവലോകന യോഗം ഇന്ന് ചേർന്നിരുന്നു. ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ അനിൽ ചൗഹാൻ, എയർ ചീഫ് മാർഷൽ അമർ പ്രീത് സിംഗ്, ജനറൽ ഉപേന്ദ്ര ദ്വിവേദി, അഡ്മിറൽ ദിനേശ് കെ ത്രിപാഠി, ഡിആർഡിഒ ചെയർമാൻ സമീർ കാമത്ത് എന്നിവരുൾപ്പെടെ മുതിർന്ന സൈനിക, പ്രതിരോധ ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.
അതേ സമയം പശ്ചിമേഷ്യയിലെ സംഘർഷം ഇപ്പോൾ നാലാം ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. ഇപ്പോൾ ഹോർമുസ് കടലിടുക്ക് വഴി കടന്നുപോകുന്ന വ്യാപാര പാതകളിൽ വലിയ തടസ്സങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഫെബ്രുവരി 28 ന് അമേരിക്കയും ഇസ്രായേലും നടത്തിയ സംയുക്ത സൈനിക ആക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിനെത്തുടർന്നാണ് സ്ഥിതി കൂടുതൽ വഷളായത്.
















