രാജ്പുർ: വെസ്റ്റ് ബസ്‌തർ ഡിവിഷൻ കമാൻഡറും മുതിർന്ന മാവോയിസ്റ്റ് നേതാവുമായ പപ്പാ റാവു എന്ന സുന്നം ചന്ദ്രയ്യ സുരക്ഷാ സേനയ്‌ക്ക് മുന്നിൽ കീഴടങ്ങുമെന്ന് ആഭ്യന്തര മന്ത്രി വിജയ് ശർമ്മ അറിയിച്ചു. തലയ്‌ക്ക് 25 ലക്ഷം രൂപ വിലയിട്ടിട്ടുള്ള നേതാവാണ് പപ്പാ റാവു. ഇയാളെ കണ്ടെത്താൻ സുരക്ഷ സേന വനമേഖലയിൽ പ്രത്യേക കോമ്പിങ് ഓപ്പറേഷൻ ഊർജിതമാക്കിയിരുന്നു.
നിരവധി വലിയ നക്സൽ ആക്രമണങ്ങളുടെ പ്രധാന സൂത്രധാരനായാണ് ഇയാൾ അറിയപ്പെടുന്നത്. പാപ്പാ റാവുവിനെതിരെ കൊലപാതകം ഉൾപ്പെടെ 45 കേസുകളാണ് നിലവിലുള്ളതെന്ന് ബീജാപുർ ജില്ലാ പോലീസ് സൂപ്രണ്ട് ജിതേന്ദ്ര കുമാർ യാദവ് പറഞ്ഞു. പപ്പാ റാവുവിനൊപ്പം 17 മാവോയിസ്റ്റുകൾ കൂടി ബിജാപുർ എസ്പിക്ക് മുമ്പാകെ കീഴടങ്ങുമെന്നാണ് സൂചന. ഇതിനായി ഉദ്യോഗസ്ഥർ ഛത്തീസ്ഗഡിലെ നാഷണൽ പാർക്ക് വനമേഖലയിൽ എത്തിയിട്ടുണ്ട്. ഇവരുടെ പക്കൽ ആറ് എകെ-47 തോക്കുകൾ ഉൾപ്പെടെയുള്ള മാരകായുധങ്ങൾ ഉണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
രാജ്യത്ത് നിന്ന് ഇടത് തീവ്രവാദം തുടച്ചുനീക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നിശ്ചയിച്ച മാർച്ച് 31 എന്ന സമയപരിധിക്ക് ഒരാഴ്ച മുമ്പാണ് ഈ സുപ്രധാന നീക്കം. ഇയാളുടെ കീഴടങ്ങൽ മേഖലയിലെ നക്സൽ പ്രവർത്തനങ്ങൾക്ക് വലിയ തിരിച്ചടിയാകുമെന്നാണ് കരുതപ്പെടുന്നത്. ഏകദേശം 55-നും 60-നും ഇടയിൽ പ്രായമുള്ള പാപ്പാ റാവു 1997-ലാണ് നക്സൽ പ്രസ്ഥാനത്തിൽ ചേർന്നത്.
2010-ൽ 76 ജവാന്മാർ കൊല്ലപ്പെട്ട താഡ്മെറ്റ്‌ലയിലെ ഏറ്റവും വലിയ നക്സൽ ആക്രമണത്തിൽ ഇയാൾക്ക് നേരിട്ട് പങ്കുണ്ട്. കൂടാതെ, 2025 ജനുവരിയിൽ ബീജാപുരിലെ അംബേലിയിൽ എട്ട് സുരക്ഷാ ഉദ്യോഗസ്ഥരും ഒരു ഡ്രൈവറും കൊല്ലപ്പെട്ട ആക്രമണത്തിലും ഇയാൾ പ്രതിയാണ്.
നിരോധിത സംഘടനയായ സിപിഐ (മാവോയിസ്റ്റ്) പാർട്ടിയുടെ ഏറ്റവും ഉയർന്ന സംസ്ഥാന സമിതിയായ ദണ്ഡകാരണ്യ സ്പെഷ്യൽ സോണൽ കമ്മിറ്റിയിൽ (DKSZC) അംഗമാണ് പാപ്പാ റാവു. സൗത്ത് ബസ്തർ സോണൽ ബ്യൂറോ കമ്മിറ്റിയുടെ സെക്രട്ടറിയായും വെസ്റ്റ് ബസ്തർ ഡിവിഷണൽ കമ്മിറ്റിയുടെ ചുമതലക്കാരനായും പ്രവർത്തിച്ചു വരികയായിരുന്നു. ഛത്തീസ്ഗഡിൽ സംഘടനയിൽ അവശേഷിച്ചിരുന്ന അവസാനത്തെ പ്രധാന നക്സൽ നേതാവായിരുന്നു ഇയാളെന്ന് നക്സൽ ഓപ്പറേഷൻസ് എഡിജിപി വിവേകാനന്ദ് സിൻഹ പറഞ്ഞു.
മാവോയിസ്റ്റുകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച പുനരധിവാസ നയം വലിയ മാറ്റങ്ങളാണ് ബസ്തർ മേഖലയിൽ ഉണ്ടാക്കുന്നത്. കീഴടങ്ങുന്നവർക്ക് സാമ്പത്തിക സഹായവും തൊഴിലും ഉറപ്പാക്കുന്നതാണ് സർക്കാരിന്റെ പുതിയ നയം. ആയുധം ഉപേക്ഷിച്ച് കീഴടങ്ങാൻ പൊലീസ് നിരന്തരം അഭ്യർഥന നടത്തുന്നുണ്ട്.
















