തിരുവല്ല: തിരുവല്ലയെ ഇന്നുകാണുന്ന തരത്തിലേക്ക് ഉയര്‍ത്തിയത് അഡ്വ. മാമ്മന്‍ മത്തായി എംഎല്‍എയായിരുന്ന കാലഘട്ടത്തിലാണ്. എന്നാല്‍ അദ്ദേഹത്തിന് അര്‍ഹമായ സ്ഥാനം തിരുവല്ലയുടെ യുവജനതയ്‌ക്ക് പരിചയപ്പെടുത്താന്‍ നിലവിലെ ഭരണ സംവിധാനങ്ങള്‍ക്ക് സാധിച്ചിട്ടില്ല.
മാമ്മന്‍ മത്തായി കൈപിടിച്ചുയര്‍ത്തിയ ശിഷ്യന്മാരാണ് ഇന്ന് ഇടതിലും വലതിലുമുള്ള കേരളാ കോണ്‍ഗ്രസുകളിലുള്ളത്. എന്നാല്‍ അദ്ദേഹത്തിന്റെ ദീപ്ത സ്മരണയ്‌ക്കായി നാളിതുവരെ ആരും ഒന്നും ചെയ്തിട്ടില്ല. വര്‍ഷത്തില്‍ ഒരിക്കല്‍ നടത്തുന്ന അനുസ്മരണങ്ങളും വഴിപാടുപോലെയാണ്. ഇടതിലും വലതിലും നാളിതുവരെ ഉണ്ടായ കേരളാ കോണ്‍ഗ്രസ് മന്ത്രിമാരെ മാമ്മന്‍ മത്തായി നയിച്ചതായിരുന്നു. തിരുവല്ല മഴുവങ്ങാട് ചിറയിലുള്ള ബൈപ്പാസ് സിഗ്നലില്‍ സ്മാരകം ഒരുക്കുമെന്ന പ്രഖ്യാപനവും വെറുതെയായി.
ഒന്‍പതാം കേരള നിയമസഭകളിലെ അംഗമായി തുടക്കം. തുടര്‍ച്ചയായ 3 തവണ തിരുവല്ലയെ പ്രതിനിധീകരിച്ചു. പെരിങ്ങര പഞ്ചായത്തിലെ വാര്‍ഡ് അംഗമായി തുടക്കം. പെരിങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, പെരിങ്ങര സര്‍വീസ് സഹകരണ ബാങ്ക് അദ്ധ്യക്ഷന്‍, പറ്റീഷന്‍സ് കമ്മിറ്റി ചെയര്‍മാന്‍ , കുസാറ്റ് സെനറ്റ് അംഗം, തുടങ്ങിയ ചുമതലകള്‍ വഹിച്ചു. 91 ല്‍ ഇന്നത്തെ എംഎല്‍ മാത്യു ടി തോമസിനെ പരാജയപ്പെടുത്തിയാണ് മാമ്മന്‍ മത്തായി സീറ്റ് പി ടിച്ചെടുക്കുന്നത്. 96 ലും 2001 ലും മാമ്മന്‍ മത്തായി സീറ്റ് നിലനിര്‍ത്തി. മാമ്മന്‍ മത്തായിയുടെ മരണത്തെ തുടര്‍ന്ന് നടന്ന രണ്ടാമത്തെ ഉപതിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ ഭാര്യ എലിസബത്ത് മാമ്മന്‍ മത്തായി സീറ്റ് നിലനിര്‍ത്തി. ജനതാദാളിലെ വര്‍ഗീസ് ജോര്‍ജായിരുന്നു എതിരാളി. എന്നാല്‍ പിന്നീടുള്ള തെരഞ്ഞെടുപ്പില്‍ കേരളാകോണ്‍ഗ്രസിലെ ആരും വിജയം കണ്ടിട്ടില്ല.
തിരുവല്ലയുടെ ശിൽപി
മാമന്‍ മത്തായി….തിരുവല്ലയിലെ ഒരുകാലത്തെ തീപ്പൊരി നേതാവായിരുന്നു. നാടിന്റെ വേദനകളെ നെഞ്ചോട് ചേര്‍ത്തവന്‍. സ്‌നേഹിക്കുന്നവര്‍ക്ക് വേണ്ടി ഏതറ്റം വരെയും പോകും. നിയമമോ, കീഴ് വഴക്കങ്ങളൊ, ഉദ്യോഗസ്ഥ ദാഷ്ട്യമോ ഒന്നും ഈ മനുഷ്യനെ അലോസരപ്പെടുത്തിയിട്ടില്ല. ഇന്നത്തെ പി.സി.ജോര്‍ജ് ശൈലിയുടെ സമാന പതിപ്പായിരുന്നു ഈ അപ്പര്‍കുട്ടനാടന്‍ കര്‍ഷകന്റെ സകല ഇടപാടുകളും. 26 വര്‍ഷം കഴിഞ്ഞു അദ്ദേഹത്തെ തിരുവല്ലയ്‌ക്ക് നഷ്ടമായിട്ട്. ഇന്നുകാണുന്ന തിരുവല്ല ബൈപ്പാസ് അടക്കം സര്‍ക്കാര്‍ പരിഗണനയില്‍ എത്തിക്കുന്നത് മാമന്‍ മത്തായിയാണ്. റവന്യു ടവര്‍,താലൂക്ക് ആശുപത്രി ആധുനീക വത്കരണം, വില്ലേജ് ഓഫീസുകള്‍,പഞ്ചായത്ത് ഓഫീസുകള്‍, ഗ്രാമറോഡുകളുടെ ടാറിങ്ങ് എന്നുവേണ്ട ഇന്നുകാണുന്ന ആധുനിക തിരുവല്ലയുടെ ശില്പി മാമന്‍ മത്തായിയായിരുന്നു.
















