ചെറായി: വഖഫ് ഭീകരതക്കെതിരെ സമരം ചെയ്യുന്ന മുനമ്പം ജനതയെ ഒറ്റുകൊടുത്ത ഇടതു-വലതു മുന്നണികള്‍ക്കെതിരെ വിധിയെഴുതാനൊരുങ്ങുകയാണ് തീരദേശജനത. തങ്ങള്‍ പണം നല്‍കി വാങ്ങിയ ഭൂമിയില്‍ നിന്നും കുടിയിറക്ക് ഭീഷണി നേരിട്ടപ്പോള്‍ മുന്‍പില്‍ നിന്നും പിന്‍പില്‍ നിന്നും കുത്തിയവരാണ് ഇരുമുന്നണികളും എംഎല്‍എയും എംപിയുമെല്ലാം. മുനമ്പം ജനതക്കൊപ്പം അടിയുറച്ച് നിന്നത് ബിജെപിയും എന്‍ഡിഎയും മാത്രമായിരുന്നു. തങ്ങളെ വഞ്ചിച്ച മുന്നണികള്‍ക്ക് രാഷ്‌ട്രീയമായി മറുപടി നല്‍കാന്‍ ഒരുങ്ങുകയാണവര്‍.
അറുന്നൂറിലധികം വീടുകളും വിഖ്യാതമായ മുനമ്പം വേളാങ്കണ്ണി പള്ളിയും തങ്ങളുടേതാണെന്ന് വഖഫ് ബോര്‍ഡ് അവകാശപ്പെട്ടപ്പോള്‍ ഹൈബി ഈഡന്‍ എംപിയും വി.കെ. ഉണ്ണികൃഷ്ണന്‍ എംഎല്‍എയും ജനങ്ങളെ വഞ്ചിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. വഖഫ് നിയമത്തിന്റെ മറവില്‍ ഭൂമി തട്ടിയെടുക്കാന്‍ ശ്രമിക്കുന്നവര്‍ക്കൊപ്പം നിന്ന കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍, നിയമസഭയില്‍ ഐകകണ്‌ഠേന പ്രമേയം പാസാക്കി ഇവിടുത്തെ ക്രിസ്ത്യന്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങളെ ഒറ്റിക്കൊടുക്കുകയായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ വഖഫ് ഭേദഗതി നിയമം കൊണ്ടുവന്നപ്പോള്‍ അതിനെ നഖശിഖാന്തം എതിര്‍ത്തവരാണ് കോണ്‍ഗ്രസ് കമ്മ്യൂണിസ്റ്റ് മുന്നണികള്‍. ഹൈക്കോടതി വിധി പോലും വകവെക്കാതെ, വഖഫ് ബോര്‍ഡിന് അപ്പീല്‍ പോകാന്‍ അവസരമൊരുക്കുകയായിരുന്നു ഇവര്‍ ചെയ്തത്.
കുഞ്ഞുമോന്‍ അഗസ്റ്റിനും മോദിജിയുടെ ഉറപ്പും
മുനമ്പത്തെ ജനങ്ങള്‍ രാഷ്‌ട്രീയമായി മാറിച്ചിന്തിക്കുന്നു എന്നതിന്റെ തെളിവായിരുന്നു കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ വിജയം. കടപ്പുറം വാര്‍ഡ് പിടിച്ചെടുത്ത ബിജെപി മെമ്പര്‍ കുഞ്ഞുമോന്‍ അഗസ്റ്റിനെ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് ദല്‍ഹിയിലേക്ക് വിളിപ്പിച്ച് ആദരിച്ചത് തീരദേശവാസികളില്‍ വലിയ ആത്മവിശ്വാസമാണ് പകര്‍ന്നിരിക്കുന്നത്. മുനമ്പം ഭൂമി പ്രശ്‌നം ശാശ്വതമായി പരിഹരിക്കുന്നതുവരെ താന്‍ കാവലാളായി ഉണ്ടാകുമെന്ന പ്രധാനമന്ത്രിയുടെ ഉറപ്പ് കൂടുതല്‍ ക്രൈസ്തവ വിശ്വാസികളെ ബിജെപിയിലേക്ക് ആകര്‍ഷിച്ചു.
വൈപ്പിന്‍ കരയിലെ വോട്ടര്‍മാരും ഇത്തവണ മാറ്റത്തിന്റെ പാതയിലാണ്. നിശബ്ദമായ ഒരു തരംഗമാണ് വൈപ്പിനില്‍ ഉള്ളത്. ഇടത്-വലത് മുന്നണികളുടെ അഴിമതിയും വര്‍ഗീയ പ്രീണനവും മടുത്ത ജനങ്ങള്‍ ബിജെപിയെയാണ് രക്ഷകരായി കണ്ടെത്തുന്നത്. ട്വന്റി 20 പാര്‍ട്ടിയെ എന്‍ഡിഎ മുന്നണിയുടെ ഭാഗമാക്കിയ സാബു.എം ജേക്കബിന്റെ നീക്കത്തെയും വലിയ ആവേശത്തോടെയാണ് ജനങ്ങള്‍ സ്വീകരിച്ചിരിക്കുന്നത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന അനിത തോമസ് ജനമനസുകളെ ഉണര്‍ത്തിയുള്ള പ്രവര്‍ത്തനമാണ് നടത്തുന്നത്. ഇത് ഏറെ ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍.
















