തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പിലെ പോളിങ് 85 ശതമാനം മറികടക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ലക്ഷ്യമിടുന്നതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു കേൽക്കർ. 2026ലെ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരുവനന്തപുരം പ്രസ് ഇൻഫർമേഷൻ ബ്യൂറോ മാധ്യമപ്രവർത്തകർക്കായി തയ്യാറാക്കിയ ‘വോട്ടറിവ് – കേരള നിയമസഭാ തിരഞ്ഞെടുപ്പ് നാൾവഴികൾ’ പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങളും കേരള നിയമസഭാ തെരഞ്ഞെടുപ്പ് ചരിത്രവും ഉൾപ്പെടുന്ന പുസ്തകം മാധ്യമപ്രവർത്തകർക്ക് വളരെയധികം ഉപയോഗപ്രദമാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പോസിറ്റീവ് വാർത്തകൾ ജനങ്ങളിലേക്ക് എത്തിക്കാൻ മാധ്യമപ്രവർത്തകർ ശ്രമിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലിൽ നടന്ന ചടങ്ങിൽ പി ഐ ബി കേരള ലക്ഷദ്വീപ് മേഖല അഡീഷണൽ ഡയറക്ടർ ജനറൽ വി പളനിച്ചാമി അധ്യക്ഷത വഹിച്ചു. പി ഐ ബി പുറത്തിറക്കുന്ന തെരഞ്ഞെടുപ്പ് പുസ്തകം മാധ്യമപ്രവർത്തകർക്ക് ഏറെ സഹായകരമാകുമെന്ന് വി പളനിച്ചാമി പ്രത്യാശ പ്രകടിപ്പിച്ചു. ഡെപ്യൂട്ടി ഡയറക്ടർ ഡോ. ആതിര തമ്പി, ഇൻഫർമേഷൻ അസിസ്റ്റൻ്റ് ശ്രീഷ്മ കെ. തുടങ്ങിയവർ സംസാരിച്ചു.
കേരള നിയമസഭാ തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള ഒരു ലഘു റഫറൻസ് ഗ്രന്ഥമായി വിഭാവനം ചെയ്തിട്ടുള്ള പുസ്തകത്തിൽ 1957 മുതലുള്ള കേരള നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ചരിത്രവും 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ മണ്ഡലം തിരിച്ചുള്ള പ്രധാന വിശദാംശങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. പുസ്തകത്തിന്റെ ഡിജിറ്റൽ പതിപ്പ് പ്രസ് ഇൻഫർമേഷൻ ബ്യൂറോ വെബ്സൈറ്റിൽ ലഭ്യമാണ്.
















