മാര്‍ച്ച് മാസത്തിന്റെ പകുതിയോടെ സ്പീഡ് അല്‍പം കുറച്ച് താഴോട്ടിറങ്ങാനുള്ള ഒരുക്കത്തിലായിരുന്നു പൊന്ന്. എന്നാല്‍ ഈ പ്രവണത മാര്‍ച്ചിന്റെ അവസാനത്തിലും ഉണ്ടാകുമോ എന്ന ആശങ്ക നിക്ഷേപകര്‍ക്കുണ്ട്.കേരളത്തില്‍ സ്വര്‍ണവില വീണ്ടും കുറഞ്ഞു. 1 ലക്ഷത്തിന് താഴേക്ക് സ്വര്‍ണം വൈകാതെ എത്തുമെന്ന സൂചന നല്‍കിയാണ് നിലവിലെ പോക്ക്. ഒരു പവന്‍ സ്വര്‍ണത്തിന് 1,02,680 രൂപയാണ് ഇന്നത്തെ വില. 4,360 രൂപയാണ് ഇന്ന് രാവിലെ മാത്രം കുറഞ്ഞിരിക്കുന്നത്. ഒരു ഗ്രാമിന് 12,835 രൂപയുമായി വില. 545 രൂപയാണ് ഗ്രാമില്‍ കുറഞ്ഞത്.
പശ്ചിമേഷ്യന്‍ യുദ്ധം ഈ ലോകം മുഴുവന്‍ ഒട്ടനവധി പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെങ്കിലും സ്വര്‍ണം സ്‌ട്രോങ്ങാണ്. വില ഉയര്‍ത്തലില്ലാതെ പൊന്ന് താഴോട്ട് പതിക്കുകയാണ്. കഴിഞ്ഞ 15 വര്‍ഷത്തിനിടെ സ്വര്‍ണം നേരിട്ട ഏറ്റവും വലിയ തകര്‍ച്ചയാണ് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. വില വര്‍ധനവ് പ്രതീക്ഷിച്ച് സ്വര്‍ണത്തില്‍ നിക്ഷേപിച്ചിരുന്നവര്‍ക്കെല്ലാം വിലയിടിവ് നിരാശ സമ്മാനിക്കുന്നു.
കുറച്ചുവര്‍ഷങ്ങളായി സ്വര്‍ണത്തില്‍ സംഭവിക്കുന്ന ഏറ്റക്കുറച്ചിലുകള്‍ നിക്ഷേപകര്‍ക്ക് അനുകൂലമായ സാഹചര്യമായിരുന്നു സൃഷ്ടിച്ചിരുന്നത്. 2025ന്റെ തുടക്കത്തില്‍ വെറും 50,000 രൂപയുണ്ടായിരുന്ന ഒരു പവന്‍ സ്വര്‍ണം വര്‍ഷാവസാനമായപ്പോഴേക്ക് 1 ലക്ഷത്തിനും മുകളിലേക്ക് നിരക്കുയര്‍ത്തി. 2026ലും ഇതേകുതിപ്പ് തന്നെ സംഭവിക്കാനാണ് സാധ്യതയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു എങ്കിലും, പശ്ചിമേഷ്യന്‍ യുദ്ധം പൊന്നിന് ഗുണം ചെയ്തു.
9.6 ശതമാനമാണ് കഴിഞ്ഞ ഒരാഴ്ച മാത്രം സ്വര്‍ണവില ഇടിഞ്ഞത്. 2011ന് ശേഷം സംഭവിക്കുന്ന ഏറ്റവും വലിയ ഇടിവാണിതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. സ്വര്‍ണവിലയില്‍ സംഭവിക്കുന്ന ഈ തകര്‍ച്ച സ്വര്‍ണ ഇടിഎഫ്, ഫ്യൂച്ചറുകള്‍ തുടങ്ങി വിവിധ നിക്ഷേപമാര്‍ഗങ്ങളിലും പ്രതിഫലിക്കുന്നു.ഇറാനെതിരെ ഇസ്രായേലും യുഎസും ആക്രമണം ആരംഭിച്ചതിന് പിന്നാലെ ക്രൂഡ് ഓയില്‍ വിപണി നേരിടുന്നത് വലിയ ആഘാതമാണ്. എണ്ണയില്‍ രാജ്യങ്ങള്‍ നേരിടുന്ന വെല്ലുവിളി തുടക്കത്തില്‍ സ്വര്‍ണവില ഉയര്‍ത്താന്‍ പ്രേരിപ്പിച്ചിരുന്നു. എന്നാല്‍ പിന്നീട് ഡോളര്‍ ശക്തിപ്രാപിച്ചതും കേന്ദ്ര ബാങ്കിന്റെ പലിശ നിരക്കില്‍ മാറ്റമില്ലാത്തതും സ്വര്‍ണത്തെ താഴോട്ടിറക്കി.
ഇതേരീതിയില്‍ തന്നെ കാര്യങ്ങള്‍ മുന്നോട്ടുപോകാനാണ് സാധ്യത. ഇറാന്‍-യുഎസ്-ഇസ്രായേല്‍ സംഘര്‍ഷം സ്വര്‍ണവിലയില്‍ കാര്യമായി പിടിമുറുക്കില്ല. ഡോളറിന്റെ മൂല്യം ഉയരത്തില്‍ തുടരുന്നതും സ്വര്‍ണത്തിന് ഗുണം ചെയ്യും. ഡോളര്‍ ശക്തിപ്രാപിക്കുമ്പോള്‍ സ്വര്‍ണം വാങ്ങിക്കുന്നതിലുള്ള ചെലവ് വര്‍ധിക്കും, ഇത് നിക്ഷേപകര്‍ക്ക് തിരിച്ചടിയാകുന്നു. അങ്ങനെയെങ്കില്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ സ്വര്‍ണം വീണ്ടും വില കുറച്ചേക്കാം. വരും ദിവസങ്ങളില്‍ രാജ്യത്ത് സ്വര്‍ണത്തിന് 1 ലക്ഷത്തിന് താഴെയെത്താനും സാധ്യതയുണ്ട്.














